ലോഹം സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു സിനിമ കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ലോഹം നേടിയത്. കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 2.2 കോടി രൂപയാണ് മൊത്തം കളക്ഷന്‍. സംസ്ഥാനത്തിനുപുറത്തുനിന്നുള്ള കളക്ഷന്‍ കൂടി കണക്കാക്കുമ്പോള്‍ 3.5 കോടി രൂപയാണ് ലോഹം ആദ്യദിനം നേടിയിരിക്കുന്നത്.
സിനിമയെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണെങ്കിലും കളക്ഷനില്‍ ഈ മോഹന്‍ലാല്‍ ചിത്രം സമീപകാല ബോക്സോഫീസ് ചരിത്രമെല്ലാം തിരുത്തിക്കുറിക്കുകയാണ്. സിനിമയുടെ രണ്ടാം ദിനവും എല്ലാ കേന്ദ്രങ്ങളിലും എല്ലാ ഷോകളും ഹൌസ് ഫുള്ളായാണ് പ്രദര്‍ശിപ്പിച്ചത്. ഇനി വരുന്ന ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നുകഴിഞ്ഞു.
250 കേന്ദ്രങ്ങളിലായി ദിവസേന 1000 പ്രദര്‍ശനങ്ങളാണ് ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ഈ ചിത്രത്തിനുള്ളത്. ടിക്കറ്റ് കിട്ടാതെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ മടങ്ങുന്ന സാഹചര്യത്തില്‍ പല സെന്‍ററുകളിലും സ്പെഷ്യല്‍ ഷോകള്‍ നടത്തുന്നുണ്ട്. വരുന്ന ആഴ്ച കൂടുതല്‍ നഗരങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് ലോഹം വ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്‍റേതായി എത്തുന്ന മെഗാഹിറ്റാണ് ലോഹം. ഈ സിനിമയുടേ സാറ്റലൈറ്റ് അവകാശം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് കരാറായിട്ടുള്ളതായും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രഞ്ജിത്തിനും അടുത്തകാലത്ത് ലഭിച്ച ഏറ്റവും വലിയ ഹിറ്റായി ലോഹം മാറുകയാണ്.