ഇത് ഭര്‍ത്താവ് അവഗണിച്ച സ്ത്രീയല്ല... ‘മറ്റൊരു റോളില്‍’ മഞ്ജു... കാണൂ ആ സന്തോഷം !

വ്യാഴം, 12 നവം‌ബര്‍ 2015 (16:22 IST)
രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു സമാനതയുണ്ടായിരുന്നു. ഭര്‍ത്താവിനാല്‍ അവഗണന അനുഭവിക്കുന്ന സ്ത്രീയായിരുന്നു മഞ്ജുവിന്‍റെ വേഷങ്ങളെല്ലാം. ഹൌ ഓള്‍ഡ് ആര്‍ യു, എന്നും എപ്പോഴും, റാണി പത്മിനി - മൂന്ന് ചിത്രങ്ങളും മഞ്ജുവിന്‍റെ കഥാപാത്രത്തിന്‍റെ കാര്യത്തില്‍ സാമ്യത പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ മഞ്ജുവിന്‍റെ ആരാധകരും വിമര്‍ശകരും ചോദിച്ചിരുന്നു - ഇങ്ങനെയുള്ള കഥാപാത്രങ്ങളേ സ്റ്റോക്കുള്ളോ? അതിനുള്ള മറുപടി മഞ്ജുവില്‍ നിന്ന് എത്തുകയാണ്. ഒരു കിടിലന്‍ സിനിമ - ജോ ആന്‍റ് ദി ബോയ്.
 
ഫിലിപ്സ് ആന്‍റ് ദി മങ്കിപെന്‍ എന്ന ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപുമാണ് പ്രധാന വേഷങ്ങളില്‍. ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുടുംബചിത്രമാണ്. സമ്മര്‍ ഇന്‍ ബേത്‌ലമേഹില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ചതുപോലെ അപാര എനര്‍ജി ലെവലുള്ള ഒരു കഥാപാത്രമാണ് മഞ്ജു ഈ സിനിമയില്‍ ചെയ്യുന്ന ജോ എന്ന വേഷമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
 
ഈ സിനിമ മഞ്ജുവിന് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ പാട്ടുപാടുന്ന ചിത്രം കൂടിയായിരിക്കും ജോ ആന്‍റ് ദി ബോയ്. മാത്രമല്ല, മഞ്ജു ഈ സിനിമയില്‍ സ്റ്റണ്ടും അവതരിപ്പിച്ചിട്ടുണ്ട്. ഒരു അനിമേറ്ററായാണ് മഞ്ജു ഈ സിനിമയില്‍ അഭിനയിക്കുന്നത്. സനൂപ് അവതരിപ്പിക്കുന്ന കഥാപാത്രവുമായി ജോ എന്ന കഥാപാത്രത്തിന് ഒരു ബന്ധവുമില്ല. ഇരുവരും രണ്ട് സ്വഭാവക്കാര്‍. എന്നാല്‍ ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ അതൊരു പുതിയ അനുഭവമായിരുന്നു.
 
ഒരുപാട് സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുവച്ച ചിത്രമാണ് ജോ ആന്‍റ് ദി ബോയ് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എന്തായാലും വരുന്ന ക്രിസ്മസിന് മഞ്ജു വാര്യര്‍ ചിത്രം മറ്റ് വമ്പന്‍ സിനിമകള്‍ക്ക് ഭീഷണിയുയര്‍ത്തുമെന്ന് ഉറപ്പ്.

വെബ്ദുനിയ വായിക്കുക