ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് മണിക്ക് സെഡേഷന്‍ കൊടുക്കാന്‍ കാരണമെന്ത്? ഡോക്ടര്‍ വെളിപ്പെടുത്തുന്നു

Webdunia
വെള്ളി, 18 മാര്‍ച്ച് 2016 (16:16 IST)
കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് ദുരൂഹതയേറുന്നു. മണിയുടെ മരണം കൊലപാതകം പോലുമാകാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. മണിയെ ആശുപത്രിയിലെത്തിക്കുന്നത് സെഡേഷന്‍ നല്‍കിയതിന് ശേഷമായിരുന്നു എന്നത് ചിലരില്‍ സംശയങ്ങള്‍ ഉളവാക്കിയിരുന്നു. എന്തിനാണ് മണിക്ക് സെഡേഷന്‍ നല്‍കിയതെന്ന ചോദ്യം പലപ്പോഴും ചാനല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ടു.
 
വളരെ മോശമായ സ്ഥിതിയിലായിരുന്നു താന്‍ പാഡിയില്‍ വച്ച് കലാഭവന്‍ മണിയെ കാണുന്നതെന്ന് മണിയെ ആശുപത്രിയിലെത്തിച്ച ഡോക്ടര്‍ സുമേഷ് പറയുന്നു. ഡോക്ടര്‍ സുമേഷാണ് മണിക്ക് സെഡേഷന്‍ നല്‍കിയത്. വളര അസ്വസ്ഥനായി കാണപ്പെട്ട മണി പലതവണ രക്തം ഛര്‍ദ്ദിച്ചിരുന്നു. ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ മണി സമ്മതിച്ചില്ല. കുറച്ചുകഴിയട്ടെ, രണ്ടുമണിക്കൂര്‍ കഴിയട്ടെ, നാളെ പോകാം തുടങ്ങിയ മറുപടികളാണ് മണി നല്‍കിയത് - ഡോക്ടര്‍ സുമേഷ് പറയുന്നു.
 
തുടര്‍ന്നും രക്തം ഛര്‍ദ്ദിച്ചു. വീണ്ടും ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു. എന്നാല്‍ മണിയുടെ നല്ല വസ്ത്രങ്ങളൊന്നും പാഡിയില്‍ ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ എടുത്തുകൊണ്ടുവന്നപ്പോഴേക്കും മണി നിലപാട് മാറ്റി. ആശുപത്രിയില്‍ ഇപ്പോള്‍ പോകേണ്ടെന്ന നിലപാടിലായി അദ്ദേഹം. ആ സമയത്ത് സെഡേഷന്‍ കൊടുക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ - ഡോക്ടര്‍ സുമേഷ് വ്യക്തമാക്കി.
 
അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മണിക്ക് പക്ഷേ വീണ്ടും ബോധം വന്നു. വെള്ളം കുടിക്കണമെന്ന് പറഞ്ഞു. എന്നാല്‍ വെള്ളം നല്‍കരുതെന്ന് ആശുപത്രിയില്‍ നിന്ന് നിര്‍ദ്ദേശിച്ചിരുന്നു. അത് പറഞ്ഞപ്പോള്‍ മണി പിന്നെ നിര്‍ബന്ധം പിടിച്ചില്ല - ഡോക്ടര്‍ സുമേഷ് പറഞ്ഞു.