രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘ലോഹം’ ഓണം റിലീസാണ്. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന ഒരു തകര്‍പ്പന്‍ ത്രില്ലറായിരിക്കും ഈ സിനിമയെന്ന് റിപ്പോര്‍ട്ട്. രാജു എന്ന ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെങ്കിലും വ്യത്യസ്ത ഷേഡുകളുള്ള ഒരു കഥാപാത്രമായിരിക്കും ഇതെന്നാണ് വിവരം.
തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ഈ സിനിമയുടെ ഹൈലൈറ്റ്. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. മലയാള സിനിമയില്‍ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്തത്ര സാഹസികമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും ലോഹം.
ആറാം തമ്പുരാന്, രാവണപ്രഭു ഫോമിലേക്ക് രഞ്ജിത് വീണ്ടുമെത്തുന്ന ചിത്രമായിരിക്കും ലോഹമെന്നാണ് സൂചന. ആന്‍ഡ്രിയ ജെര്‍മിയയാണ് ചിത്രത്തിലെ നായിക. അബു സലിം സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വടക്കേയിന്ത്യക്കാരനായ അമീര്‍ അമാനുള്ള എന്ന കഥാപാത്രമായാണ് അബു അഭിനയിക്കുന്നത്.
രണ്‍ജി പണിക്കര്‍, സിദ്ദിക്ക്, വിജയരാഘവന് തുടങ്ങിയവരും ലോഹത്തിലുണ്ട്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. ഓഗസ്റ്റ് 20നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.