അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

രേണുക വേണു
ഞായര്‍, 6 ഒക്‌ടോബര്‍ 2024 (09:27 IST)
അരിമ്പൂര്‍ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 (ശനി, ഞായര്‍) തിയതികളില്‍. ഒക്ടോബര്‍ 20 ഞായറാഴ്ച എട്ടാമിടം ഊട്ടുനേര്‍ച്ച. പ്രധാന തിരുന്നാള്‍ ദിവസമായ ഒക്ടോബര്‍ 13 ഞായറാഴ്ച രാത്രി ഏഴ് മുതല്‍ പ്രസിദ്ധമായ അങ്ങാടി വളയെഴുന്നളിപ്പ് നടക്കും. കേരളത്തിലെ പ്രഗത്ഭരായ മേള കലാകാരന്‍മാര്‍ അണിനിരക്കുന്ന അങ്ങാടി വളയെഴുന്നള്ളിപ്പില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുക്കും. 
 
ഒക്ടോബര്‍ 12 ശനിയാഴ്ച വൈകിട്ട് അഞ്ചിനു നടക്കുന്ന വി.കുര്‍ബാന, ലദീഞ്ഞ്, നൊവേന, കൂടുതുറക്കല്‍ ശുശ്രൂഷകള്‍ക്ക് തൃശൂര്‍ ബസിലിക്ക വികാരി ഫാ.ഫ്രാന്‍സീസ് പള്ളിക്കുന്നത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഹാരാര്‍പ്പണ ചടങ്ങും, ഇടവക പള്ളിയിലേക്കുള്ള രൂപം എഴുന്നള്ളിപ്പും അന്നേ ദിവസം നടക്കും. 
 
പ്രധാന തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ 13 ഞായറാഴ്ച രാവിലെ 5.30, 7.00, 8.30 എന്നീ സമയങ്ങളില്‍ ദിവ്യബലി. രാവിലെ 10 നു നടക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്കു ഷംഷാബാദ് രൂപത മെത്രാനും അരിമ്പൂര്‍ ഇടവകാംഗവുമായ മാര്‍.പ്രിന്‍സ് പാണേങ്ങാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകിട്ട് നാലിന് കുര്‍ബാന. 4.45 നു തിരുന്നാള്‍ പ്രദക്ഷിണം. തുടര്‍ന്ന് ആകാശവര്‍ണ വിസ്മയം. തൃശൂര്‍ സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവിലാണ് ഒക്ടോബര്‍ നാല് വെള്ളിയാഴ്ച തിരുന്നാളിനു കൊടിയേറ്റം നടത്തിയത്. എട്ടാമിടം തിരുന്നാള്‍ ആചരിക്കുന്ന ഒക്ടോബര്‍ 20 ഞായറാഴ്ച രാവിലെ ഒന്‍പത് മണിയുടെ ദിവ്യബലിക്കു ശേഷം ആരംഭിക്കുന്ന നേര്‍ച്ച ഊട്ട് ഉച്ചയ്ക്കു രണ്ട് മണി വരെ തുടരും. അന്നേ ദിവസം വൈകിട്ട് നടക്കുന്ന ദിവ്യബലിക്കു ശേഷം ഇടവക പള്ളിയില്‍ നിന്ന് തീര്‍ത്ഥകേന്ദ്രത്തിലേക്ക് രൂപം എഴുന്നള്ളിപ്പും നടക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article