കൊതിയൂറുന്ന ചൈനീസ് ചിക്കന്‍ റോള്‍ തയ്യാറാക്കാം

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:59 IST)
പുതിയ തലമുറയ്‌ക്ക് ഇഷ്‌ടപ്പെടുന്ന ഒന്നാണ് ചൈനീസ് വിഭവങ്ങള്‍. വളരെ വേഗത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഭക്ഷണമായതിനാലാണ് ഭൂരിഭാഗം പേരും ചൈനീസ് ഭക്ഷണങ്ങളില്‍ ആകൃഷ്‌ടരാകുന്നത്.

ചിക്കന്‍ ഷവര്‍മ കഴിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ ഇതില്‍ കൂടുതല്‍ സ്വാദ് പകരുന്ന ഒന്നാണ് എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ചൈനീസ് ചിക്കന്‍ റോള്‍. ഇത് തയ്യാറാക്കാന്‍ വളരെ കുറച്ച് സമയവും സാധനങ്ങളും മാത്രം മതിയാകും.

ആവശ്യമായ സാധനങ്ങള്‍

ചീകിയെടുത്ത ചിക്കന്‍ പീസുകള്‍ ഒരു കപ്പ്
അരക്കിലോ സവാള അരിഞ്ഞത്
മൈദ രണ്ടു കിലോ
ഉരുളക്കിഴങ്ങ് അര കിലോ
ചെറിയ കാപ്‌സിക്കോ
സെല്ലറി ആവശ്യത്തിന്
പച്ചമുളക് ആവശ്യത്തിന്
മല്ലിയില കുറച്ച്
അഞ്ച് സ്‌പൂള്‍ ചില്ലി സോസ്
സോയാസോസ് - 100 എം.എല്‍
300 ഗ്രാം വെളിച്ചെണ്ണ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മൈദമാവ് വട്ടത്തില്‍ കട്ടികുറച്ച് പരത്തി ചുട്ടെടുത്ത് മാറ്റിവക്കുക. (എണ്ണ ചേര്‍ക്കരുത്). സവാള, ഉരുളക്കിഴങ്ങ്, പച്ചമുളക്, കാപ്‌സിക്കം എന്നിവ നന്നായി വഴറ്റിയ ശേഷം കുറച്ച് വെള്ളമൊഴിച്ച് ചൂടാക്കിയ ശേഷം ആവശ്യത്തിന് ഉപ്പ് ഇടണം. ഇതിലേക്ക് തയ്യാറാക്കിവച്ച ചിക്കനിട്ട് ഇളക്കിയ ശേഷം ചെറു ചൂടില്‍ അടച്ചു വയ്‌ക്കണം.

ചിക്കന്‍ മുക്കാല്‍ ശതമാനം വെന്തുവെന്ന് വ്യക്തമായാല്‍ അതിലേക്ക് പൊടിയായി അരിഞ്ഞ മല്ലിയില, സെല്ലറി, ചില്ലിസോസ്, സോയസോസ് എന്നിവ ചേര്‍ത്ത് ഇളക്കണം. തീ കുറച്ചു വെച്ചുവേണം ഇളക്കി കൊടുക്കാന്‍. ചീനച്ചട്ടിയിലെ ഗ്രേവി വറ്റുന്നതുവരെ വേവിക്കണം.

ചിക്കനും മസാലയും വെന്ത് വെള്ളം വറ്റി കഴിഞ്ഞാല്‍ അവ മറ്റൊരു പാത്രത്തിലേക്ക് പകര്‍ത്തി മാറ്റിവയ്‌ക്കണം. ഇതിനു ശേഷം മുമ്പ് മൈദ ഉപയോഗിച്ച് പരത്തി ചുട്ടെടുത്ത അടയിലേക്ക് തയ്യാറാക്കിവച്ച ചിക്കനും മസാലയും പരത്തി വെച്ച ശേഷം അട റോളാക്കണം. രണ്ടറ്റവും മധ്യഭാഗവും വിട്ടു പോകാതെ മൈദമാവ് കൊണ്ട് അടച്ച ശേഷം റോള്‍ എണ്ണയി വറുത്തെടുത്താല്‍ രുചികരമായ ചൈനീസ് ചിക്കന്‍ റോള്‍ ആകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍