സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിക്കറ്റ് വീഴ്ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കാത്തിരിക്കുകയാണ് പാകിസ്ഥാന്‍റെ യുവപേസര്‍ മുഹമ്മദ് ആമിര്‍. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആമിര്‍.
പാകിസ്ഥാന്‍ മുന്‍ നായകന്‍ വസിം അക്രം സച്ചിനെ നേരിടുന്നതിന്‍റെ വീഡിയോദൃശ്യങ്ങള്‍ ഉള്‍പ്പെടെ പഠിച്ചാണ് ആമിര്‍ മാസ്റ്റര്‍ ബാറ്റ്സ്മാനെ നേരിടാന്‍ തയ്യാറെടുത്തിരിക്കുന്നത്. സച്ചിന്‍ വലിയ ബാറ്റ്സ്മാനാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ പുറത്താക്കുകയെന്നത് താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ആമിര്‍ പറഞ്ഞു.
എന്നാല്‍ സച്ചിനെതിരെയുള്ള തന്ത്രങ്ങള്‍ പിച്ചിന്‍റെ സ്വഭാവമനുസരിച്ചേ ഗുണം ചെയ്യുകയുള്ളുവെന്നും പതിനെട്ടുകാരനായ ആമിര്‍ പറഞ്ഞു. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വീറൂറ്റ കളികള്‍ കണ്ടാണ് താന്‍ വളര്‍ന്നത്. വിലപ്പെട്ട വിക്കറ്റായതുകൊണ്ടുതന്നെ ടെന്‍ഡുല്‍ക്കറെ ആദ്യം തന്നെ പുറത്താക്കാനാകും ശ്രമിക്കുകയെന്നും ആമിര്‍ പറഞ്ഞു.
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ ഏഴ് ഓവര്‍ എറിഞ്ഞ ആമിര്‍ 24 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ശനിയാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും സെഞ്ചൂറിയനില്‍ ഏറ്റുമുട്ടുക.