മമ്മൂട്ടിയെന്തിനാ കൂടുതല്‍ ? വെറും ഒന്നര മിനിറ്റ് മതി !

അബീഷ് ടി എസ്

ചൊവ്വ, 10 ഡിസം‌ബര്‍ 2019 (18:03 IST)
മമ്മൂട്ടിയെ ഒരുനോക്കുകണ്ടാല്‍ മതി, ജന്‍‌മം സഫലമായെന്ന് കരുതുന്നവരാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍. മമ്മൂട്ടിച്ചിത്രങ്ങളുടെ റിലീസുകള്‍ അതുകൊണ്ടാണ് വലിയ ആഘോഷമായി മാറുന്നത്. ഡിസംബര്‍ 12ന് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായ ‘മാമാങ്കം’ പ്രദര്‍ശനത്തിനെത്തുകയാണ്. നാലുഭാഷകളിലായി ലോകമെമ്പാടുമാണ് ആ സിനിമ റിലീസ് ചെയ്യുന്നത്.
 
മാമാങ്കത്തിന്‍റെ റിലീസ് തന്നെ ഉത്സവലഹരി സൃഷ്ടിക്കുമെന്നിരിക്കെ, ആരാധകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നുകൊണ്ട് മറ്റൊരു വാര്‍ത്തയുമെത്തുന്നു. മാമാങ്കത്തിനൊപ്പം മമ്മൂട്ടിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമായ ഷൈലോക്കിന്‍റെ ടീസറും പുറത്തുവിടുന്നതാണ്. ഇതില്‍ കൂടുതല്‍ എന്തുവേണം മമ്മൂട്ടി ഫാന്‍സിന്!
 
മാമാങ്കം കളിക്കുന്ന തിയേറ്ററുകളില്‍ ചിത്രത്തിനൊപ്പം ഷൈലോക്കിന്‍റെ ടീസറും പ്രദര്‍ശിപ്പിക്കും. ഏകദേശം ഒന്നരമിനിറ്റാണ് ടീസറിന്‍റെ ദൈര്‍ഘ്യം. കൃത്യമായി 1.27 മിനിറ്റ് എന്നാണ് അറിയാനാവുന്നത്. ‘മമ്മൂട്ടിയെന്തിനാ കൂടുതല്‍, വെറും ഒന്നരമിനിറ്റുപോരേ?’ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ഷൈലോക്ക് ഒരു ആക്ഷന്‍ എന്‍റര്‍ടെയ്‌നറാണ്. ചിത്രത്തിന്‍റെ ടീസറും ഒരു കം‌പ്ലീറ്റ് എന്‍റര്‍‌ടെയ്നറായിരിക്കുമെന്നതില്‍ സംശയമില്ല.
 
രാജ്‌കിരണ്‍, മീന, ബൈജു സന്തോഷ്, സിദ്ദിക്ക്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍ തുടങ്ങി വന്‍ താരനിരയാണ് ഷൈലോക്കില്‍ അണിനിരക്കുന്നത്. ജനുവരി 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഷൈലോക്കിന്‍റെ തമിഴ് പതിപ്പിന് ‘കുബേരന്‍’ എന്നാണ് പേര്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍