എണ്‍പതില്‍ അവസാനിച്ച ജയന്‍ തരംഗത്തിനു ശേഷം മലയാള വെള്ളിത്തിരയില്‍ ഒരു സമ്പൂര്‍ണ്ണ സൂപ്പര്‍ ആക്ഷന്‍ ഹീറോ പരിവേഷത്തിനുടമയായത് സുരേഷ് ഗോപിയെന്ന സുരേഷ് ജി നായരാണ്. ആ സുരേഷ് ഗോപിയുടെ ജന്മദിനമാണ് 2003 ജൂണ്‍ 26.
തീപാറുന്ന ആക്ഷന്‍ രംഗങ്ങളും നിഷേധം നിറഞ്ഞ തന്‍റേടവും തലയുയര്‍ത്തിപ്പിടിച്ച് സധൈര്യം ഏതു പ്രതിസന്ധിയേയും ഉശിരോടെ നേരിടുന്ന സൂപ്പര്‍ നായകന്‍റെ റോള്‍ സുരേഷ് ഗോപിക്കു സ്വന്തം.
ഓടയില്‍ നിന്ന് തലസ്ഥാനത്തിലേക്ക്
കേശവദേവിന്‍റെ 'ഓടയില്‍നിന്ന്" ചലച്ചിത്രമാക്കാന്‍ തീരുമാനിച്ച കാലം. നടന ചക്രവര്‍ത്തി സത്യനൊപ്പം അഭിനയിക്കുവാന്‍ ഒരു കൊച്ചുപയ്യനെ വേണം. ഒട്ടേറെ കുട്ടികളെ പരീക്ഷിച്ചു. നറുക്കുവീണത് ബാബു എന്ന സുരേഷ് ജി നായര്‍ക്ക്.
സുരേഷിന്‍റെ ആദ്യ സിനിമ അഭിനയത്തികവിന്‍റെ പര്യായമായിരുന്ന സത്യന്‍ മാഷിനോടൊപ്പം. വര്‍ഷങ്ങള്‍ക്കു ശേഷം കൊല്ലം ഫാത്തിമാ മാതാ കോളേജില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദ്ധാനന്തര ബിരുദവും നേടി വീണ്ടും സിനിമാതാരം ആകുവാന്‍ ഇറങ്ങിത്തിരിച്ച സുരേഷ് ഗോപിയെത്തേടിയെത്തിയത് ഒരു പറ്റം വില്ലന്‍ കഥാപാത്രങ്ങളായിരുന്നു.
അതില്‍ ഏറ്റവും തിളങ്ങിയത് മോഹന്‍ലാലിന്‍റെ വിന്‍സന്‍റ് ഗോമസെന്ന 'രാജാവിന്‍റെ മകന്‍റെ"വലംകൈയായ കുമാറാണ്. തുടര്‍ന്ന് 'ഇരുപതാം നൂറ്റാണ്ട് ", 'സായം സന്ധ്യ", 'ജനുവരി ഒരു ഓര്‍മ്മ" തുടങ്ങിയ ചിത്രങ്ങള്‍ സുരേഷ് ഗോപിയുടെ വില്ലന്‍ പരിവേഷത്തെ ഉയര്‍ത്തി.
എം.ടി.- ഹരിഹരന്‍ സഖ്യത്തിന്‍റെ 'ഒരു വടക്കന്‍ വീരഗാഥ"യിലെ പ്രതിനായകന്‍ ആരോമല്‍ അവിസ്മരണീയമായ കഥാപാത്രമായിരുന്നു. ഇതിനിടയില്‍ ചില നായകവേഷങ്ങളും സുരേഷിനെത്തേടിയെത്തി. എന്നാല്‍ 'ന്യൂ ഇയര്‍", 'നാഗപഞ്ചമി", 'വചനം", 'ചക്രവര്‍ത്തി", 'കടലോരക്കാറ്റ്", 'മഹാന്‍" തുടങ്ങിയ നായക ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്കു സുരേഷ്ഗോപിയെ അത്ര പിടിച്ചില്ല.
ചിത്രങ്ങളെല്ലാം തന്നെ എട്ടു നിലയില്‍ പൊട്ടി. തെല്ല് ആശ്വസിക്കാന്‍ ചില ഉപകഥാപാത്രങ്ങള്‍ മാത്രം. പത്മരാജന്‍റെ 'ഇന്നലെ"യിലെ നരേന്ദ്രന്‍, 'തൂവല്‍ സ്പര്‍ശ"ത്തിലെ കഥാപാത്രം, 'മിഥ്യ"യിലെ കഥാപാത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അപ്പോഴാണ് ഷാജി കൈലാസും രണ്‍ജിപണിക്കരും ചേര്‍ന്ന് 'ട്രെന്‍ഡ് സെറ്റി"നു ശ്രമിച്ചത്. ഗര്‍ജ്ജിക്കുന്ന, ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന, ചൂടന്‍ ഇംഗ്ളീഷ് ഡയലോഗുകള്‍ വിളിച്ചു പറയുന്ന സമകാലിക രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യമാറ്റങ്ങളെ കച്ചവട ഫോര്‍മുലയില്‍ കൂട്ടിക്കുഴച്ചു സൃഷ്ടിച്ചെടുത്ത ഒരു കഥാപാത്രം. ഇതിനൊരാളെ വേണം.
സുരേഷ്ഗോപിയുടെ തിളക്കമാര്‍ന്ന വ്യക്തിത്വവും ആജാനബാഹുത്വവും ഇതിനു സഹായകമായി. അങ്ങനെ 'തലസ്ഥാനം" എന്ന സൂപ്പര്‍ഹിറ്റ് ട്രെന്‍ഡ് സെറ്റര്‍ ഉടലെടുത്തു.
കമ്മീഷണറിലൂടെ വാഴുന്നോനായി
തലസ്ഥാനത്തിന്‍റെ വമ്പന്‍ വിജയം സുരേഷ്ഗോപിയെ തിരക്കുള്ള നായകനടമാരിലൊരാളാക്കി. എന്നാല്‍ 'കമ്മീഷണറി"ലെ ഭരത് ചന്ദ്രന്‍ ഐ.പി.എസ്സാണ് ഇദ്ദേഹത്തെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയത്.
കുത്തഴിഞ്ഞ സാമൂഹിക വ്യവസ്ഥിതിയോട് ശക്തിയുക്തം പ്രതികരിച്ച ഭരത്ചന്ദ്രന്‍ മലയാളികളുടെ നിര്‍ത്താത്ത കൈയ്യടി നേടി. 'ഏകലവ്യ"നിലെ മാധവന്‍ ഐ.പി.എസ്സും വമ്പന്‍ ഹിറ്റായിരുന്നു.
നെറികെട്ട വര്‍ത്തമാന കാലത്തോട്, നാറിയ രാഷ്ട്രീയ വാര്‍ത്തകളോട് ഏതു ശുദ്ധമനുഷ്യന്‍റേയും നിശ്ശബ്ദവും നിഗൂഡവുമായ പ്രതിഷേധങ്ങള്‍ വെള്ളിത്തിരയില്‍ പൗരഷമുള്ള ശബ്ദത്തില്‍ പ്രകടിപ്പിക്കുന്നതു കണ്ട് പ്രേക്ഷകര്‍ സുരേഷ്ഗോപിക്കൊരു ഓമനപ്പേരിട്ടു : 'ദി റോറിംഗ് ലയണ്‍ ഓഫ് കേരള"
'ഏകലവ്യ"നും, 'കമ്മീഷണറും" തുടര്‍ന്ന് 'ലേല"വും 'പത്ര"വുമാക്കെ സുരേഷിന്‍റെ കഥാപാത്രങ്ങള്‍ക്കു നല്‍കിയത് ശബ്ദത്തിന്‍റെ കരുത്താണ്. 'നീ എന്താടാ ഇങ്ങനെ" എന്നു ചോദിക്കുമ്പോള്‍ 'തന്തയ്ക്കു പിറന്നതു കൊണ്ട്" എന്നു പ്രതിവചിക്കുന്ന കരുത്തുറ്റ ശൈലി.
ജീവിതത്തില്‍ ഐ.പി.എസ്സു കാരനാകാന്‍ മോഹിച്ചയാളാണ് സുരേഷ്ഗോപി. അങ്ങനെ മോഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ മനസ്സില്‍, സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് അനീതിക്കെതിരെ ഒറ്റയ്ക്കു പടനയിക്കുന്ന ഒരു ഹീറോയുടെ സങ്കല്‍പരൂപമുണ്ടായിരിക്കുമല്ലോ. അതുതന്നെയാണ് സുരേഷ്ഗോപിയുടെ റോള്‍ മോഡല്‍.
അഭിനയത്തികവിന്‍റെ മണിചിത്രത്താഴ് ഗര്‍ജ്ജിക്കുന്ന സിംഹകഥാപാത്രങ്ങളുടെ കരുത്തുറ്റ കുതിപ്പിനിടയിലും സുരേഷ്ഗോപി അഭിനയസാധ്യതയുള്ള ചില നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിലേറ്റവും ശ്രദ്ധേയമായത് 'മണിച്ചിത്രത്താഴി"ലെ നകുലനായിരുന്നു.
അനുനിമിഷവും ഭ്രാന്തിന്‍റെ പിടിയിലമരുന്ന ഭാര്യയെ നിസ്സഹായതയോടെ സമചിത്തതയിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന നകുലന്‍ മാനസിക പിരിമുറുക്കമനുഭവിക്കുന്ന കഥാപാത്രമാണ്. 'ഇന്നലെ"യ്ക്കു ശേഷം തന്‍റെ അഭിനയത്തികവ് പുറത്തെടുക്കാന്‍ സുരേഷിനെ സഹായിച്ച കഥാപാത്രമാണിത്.
സുരേഷ്ഗോപിയിലെ നടനെ ശരിക്കും പുറത്തുകൊണ്ടുവന്ന സിനിമ 'കളിയാട്ട"മാണ്. ജയരാജിന്‍റെ സാരഥ്യത്തില്‍ 'ഒഥല്ലോ" എന്ന ഷേക്സ്പിയര്‍ കൃതിയെ തെയ്യത്തിന്‍റെ പശ്ഛാത്തലത്തില്‍ മലയാളീകരിച്ച ചിത്രമാണ് 'കളിയാട്ടം". വസൂരിക്കല പിടിച്ച മുഖവും കരിപുരണ്ട ശരീരവുമായി സുരേഷ്ഗോപിയുടെ പെരുമലയന്‍ ജീവിത സമസ്യകളുടെ പെരുങ്കളിയാട്ടമാടി.
ജീവനുതുല്യം സ്നേഹിച്ചിരുന്ന അതിസുന്ദരിയായ ഭാര്യയെ വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്തു കഴുത്തു ഞെരിച്ചു കൊല്ലെണ്ടി വന്ന പെരുമലയന്‍ അഭിനയ ചാതുര്യത്തിന്‍റെയും തീവ്രതയുടെയും ഉത്തമ ഉദാഹരണമായിരുന്നു.
കഥാവസാനം പശ്ഛാത്താപത്താല്‍ നിന്നു കത്തിയ അഗ്നിതെയ്യമായി സുരേഷ്ഗോപി ഉറഞ്ഞാടി. പെരുമലയന് മികച്ച നടന്‍റെ സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ലഭിച്ചു. 'പോലീസ് ഗോപി"യെന്ന അസൂയാലുക്കളുടെ പരിഹാസപ്പേരിനു തക്കതായ മറുപടിയായിരുന്നു ഈ പുരസ്കാരങ്ങള്‍.
2001 ലെ മെഗാഹിറ്റായ 'തെങ്കാശിപ്പട്ടണ"ത്തില്‍ ഹാസ്യരസ പ്രധാന്യമേറിയ ദാസപ്പന്‍ മുതലാളിയേയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തില്‍നിന്നും മുഴുനീള ആക്ഷനില്‍നിന്നുമുള്ള മോചനം കൂടിയായിരുന്നു അദ്ദേഹത്തിന് ഇത്തരം കഥാപാത്രങ്ങള്‍.
അടുത്തിടെ കലാപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കു കൂടി ശ്രദ്ധ തിരിച്ചിരിക്കുകയാണ് ഈ സൂപ്പര്‍ താരം. രാഷ്ട്രീയത്തിലേക്കും കടക്കുമെന്ന് വ്യക്തമായ സൂചന അദ്ദേഹം നല്‍കിക്കഴിഞ്ഞു.
ബഹുമതികള്‍
മികച്ച നടന്‍ (സംസ്ഥാന അവാര്‍ഡ്) - ചിത്രം കളിയാട്ടം മികച്ച നടന്‍ (ദേശീയ അവാര്‍ഡ്) - ചിത്രം കളിയാട്ടം
സിനിമകള്‍
ഓടയില്‍ നിന്ന് നിരപരാധി ഒന്നുമുതല്‍ പൂജ്യംവരെ
രാജാവിന്‍റെ മകന്‍ ടി.പി. ബാലഗോപാലന്‍ സായം സന്ധ്യ
പൂവിന് പുതിയ പൂന്തെന്നല്‍ ജനുവരി ഒരു ഓര്‍മ്മ ശ്രീധരന്‍റെ ഒന്നാ തിരുമുറിവ്
യാഗാഗ്നി ഇരുപതാം നൂറ്റാണ്ട് വ്രതം
ന്യൂഡല്‍ഹി ഇവിടെ എല്ലാവര്‍ക്കും സുഖം വഴിയോരക്കാഴ്ചകള്‍
ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് സാന്ദ്രം ഇന്‍ ഹരിഹര്‍ നഗര്‍
ഈ തണുത്ത വെളുപ്പാന്‍കാലത്ത് അതിരഥന്‍ പരമ്പര
പാരലല്‍ കോളജ് കുറ്റപത്രം എന്‍റെ സൂര്യപുത്രിക്ക്
സുന്ദരിക്കാക്ക ഭൂമിക ആനവാല്‍മോതിരം
ചക്രവര്‍ത്തി കടലോരക്കാറ്റ് മഹാന്‍
സാന്ത്വനം ഉത്സവമേളം ആധാരം
എന്‍റെ പൊന്നുതമ്പുരാന്‍ പൈതൃകം ഏകലവ്യന്‍
സമൂഹം സിറ്റിപോലീസ് ആചാര്യന്‍
മാഫിയ യാദവം ഇത് മഞ്ഞുകാലം
മണിച്ചിത്രത്താഴ് ചുക്കാന്‍ കാശ്മീരം
കമ്മീഷണര്‍ ദി സിറ്റി രുദ്രാക്ഷം
മാനത്തൈകൊട്ടാരം അക്ഷരം ഹൈവേ
സാദരം കര്‍മ്മ കളിയാട്ടം
ലേലം സുവര്‍ണ്ണ സിംഹാസനം ഭാരതീയം
തിരകള്‍ക്കപ്പുറം സമ്മര്‍ ഇന്‍ ബത്ലഹേം താലോലം
പ്രണയവര്‍ണ്ണങ്ങള്‍ രക്തസാക്ഷികള് സിന്ദാബാദ് പത്രം
എഫ്.ഐ.ആര്‍. പ്രേം പൂജാരി സാഫല്യം
വാഴുന്നോര്‍ വര്‍ണ്ണത്തേര് ക്രൈം ഫയല്‍
മിലെനിയം സ്റ്റാര്‍സ് പൈലറ്റ്സ് സത്യമേവജയതേ
ഡ്രീംസ് കവര്‍ സ്റ്റോറി തെങ്കാശിപ്പട്ടണം
സുന്ദരപുരുഷന്‍ നരിമാന്‍ സായ്വര്‍ തിരുമേനി
അണുകുടുംബം ഡോട് കോം
സ്വപ്നം കൊണ്ട്തുലാഭാരം ഭരത് ചന്ദ്രന്‍ ഐ പി എസ് ലങ്ക ടൈഗര്‍ പതാക രാഷ്ട്രം
ബ്ലാക്ക് കാറ്റ് ഭരതന്‍
വിലാസം
സുരേഷ് ഗോപി ലക്ഷ്മി - ഡി 9, ടെമ്പിള്‍ റോഡ്, ശാസ്തമംഗലം പി.ഒ. തിരുവനന്തപുരം - 695010 ഫോണ്‍ - 325445