ബോളിവുഡ് നായകന്‍ സഞ്ജയ് ദത്തിന്‍റെ ജീവിതം സിനിമയാകുന്നു. രാജ്കുമാര്‍ ഹിറാനിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. രണ്‍ബീര്‍ കപൂറാണ് സഞ്ജയ് ദത്തിനെ സ്ക്രീനില്‍ അവതരിപ്പിക്കുക. സഞ്ജയ് ദത്തിനെ അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളിയുള്ള ഉത്തരവാദിത്തമാണെന്ന് രണ്‍ബീര്‍ പറയുന്നു.
ഒട്ടേറെ ഉയര്‍ച്ച താഴ്ചകളുള്ള സംഭവബഹുലമായ ജീവിതമാണ് സഞ്ജയ് ദത്തിന്‍റേത്. സുനില്‍ ദത്ത് - നര്‍ഗീസ് ദമ്പതികളുടെ ഈ മകന് സിനിമാപ്രവേശം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. ബാലതാരത്തില്‍ നിന്ന് 'റോക്കി'യിലൂടെ നായകവേഷത്തിലേക്ക്. ആക്ഷനും പ്രണയവും നിറഞ്ഞ ഒട്ടേറെ സിനിമകളിലെ നായകന്‍.
എന്നാല്‍ താരപരിവേഷത്തിനൊപ്പം മയക്കുമരുന്നിന്‍റെ ലോകത്തേക്കും സഞ്ജയ് ദത്തിന്‍റെ പേര് ചേര്‍ക്കപ്പെട്ടു. 1993ലെ മുംബൈ സ്ഫോടനക്കേസില്‍ പ്രതിയായതോടെ സഞ്ജയ് ദത്തിന്‍റെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. സിനിമയില്‍ നിന്ന് അകന്നു. കുടുംബബന്ധത്തില്‍ വിള്ളലുകള്‍.
മുന്നാഭായ് സീരീസിലൂടെ രാജ്കുമാര്‍ ഹിറാനി തന്നെയാണ് സഞ്ജയ് ദത്തിന്‍റെ ശക്തമായ മടങ്ങിവരവ് സാധ്യമാക്കിയത്. അഗ്നിപഥ് റീമേക്കിലെ കരുത്തനായ വില്ലന്‍ വേഷവും സഞ്ജയ് ദത്ത് അനശ്വരമാക്കി. അതിനിടെ മുംബൈ സ്ഫോടനക്കേസില്‍ സഞ്ജയ് ദത്തിന് കോടതി അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് സഞ്ജയ് ദത്ത്.