പത്മരാജനെപ്പോലെ കഥയുണ്ടാക്കാന്‍ കഴിവുള്ളവര്‍ ഇന്ന് അപൂര്‍വ്വമാണ്. ഇന്ന് മലയാള സിനിമയില്‍ ആ ക്വാളിറ്റിയുള്ള ഒരേയൊരാള്‍ രഞ്ജിത് മാത്രമാണ്.
മോഹന്‍ലാലാണ് ഇത് പറഞ്ഞത്. രഞ്ജിത് എന്ന മനുഷ്യന്‍ സിനിമയിലെ മലയാളത്തനിമയുടെ നിറഞ്ഞ സാന്നിധ്യമായി മാറുകയാണ്. അതിന് ഏറ്റവും വലിയ തെളിവാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍റെ ഈ വെളിപ്പെടുത്തല്‍.
നരസിംഹവും ആറാം തമ്പുരാനും സൃഷ്ടിച്ച രഞ്ജിത് തന്നെ നന്ദനവും മിഴി രണ്ടിലും എടുത്തപ്പോള്‍ മലയാളി ഒരു കാര്യം തിരിച്ചറിഞ്ഞു. ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത സംവിധായകനായി രഞ്ജിത് ഉയര്‍ന്നിരിക്കുന്നു.
എം.ടിക്കും പത്മരാജനും ലോഹിതദാസിനും ശേഷം ശുദ്ധ മലയാളത്തിന്‍റെ നിറവ് മലയാളിക്ക് സമ്മാനിച്ചത് രഞ്ജിത്താണ്. അതിമാനുഷരായ നായകന്മാര്‍പോലും അശ്ളീലപദങ്ങള്‍ ഉപയോഗിക്കാതെ പ്രൗഡ മലയാളത്തില്‍ എതിരാളികളോട് സംസാരിക്കുന്നത് അടുത്തകാലത്ത് പുതുമതന്നെയാണ്.
പാലക്കാട് പുത്തന്‍പുരയില്‍ എം. ബാലകൃഷ്ണന്‍ നായരുടെയും പത്മാവതിയമ്മയുടെയും മകനായി 1964 സെപ്റ്റംബര്‍ ആറിന് മകം നക്ഷത്രത്തില്‍ രഞ്ജിത് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് ജില്ലയിലെ നന്‍മണ്ട സ്കൂളിലായിരുന്നു. ചേളന്നൂര്‍ എസ്.എന്‍. കോളജില്‍ നിന്ന് ഡിഗ്രി എടുത്തശേഷം സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയകോഴ്സ് പാസായി.
സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാഭ്യാസത്തിന് ശേഷം ആകാശവാണിയിലൊരു ജോലി എന്ന ആഗ്രഹവുമായി തിരുവനന്തപുരത്ത് സുഹൃത്തുക്കളോട് ഒരു കഥ പറയുന്നത്. കഥകേട്ടതും ഇതില്‍ സിനിമയ്ക്ക് പറ്റിയ എന്തോ ഉണ്ടെന്ന് കണ്ടെത്തിയ കൂട്ടുകാര്‍ സംവിധായകനായ വി.ആര്‍. ഗോപിനാഥിനെ സമീപിച്ചു. അങ്ങനെ രഞ്ജിത്തിന്‍റെ കഥയില്‍ വി.ആര്‍. ഗോപിനാഥ് സംവിധാനം ചെയ്ത ആ ചിത്രം പുറത്തു വന്നു.
ഒരു മെയ്മാസപ്പുലരിയില്‍ !
അതുവരെ ഒരു കഥപോലും എഴുതിയിട്ടില്ലാത്ത രഞ്ജിത് പതിയെ സിനിമയിലെ തിരക്കഥാകൃത്തായി മാറുകയായിരുന്നു. തുടര്‍ന്ന് കമല്‍ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ക്ക് തിരക്കഥയെഴുതി.
ചിത്രം വന്‍ഹിറ്റായതോടെ രഞ്ജിത്തിന്‍റെ ദിനങ്ങള്‍ക്ക് തിരക്കേറി. പിന്നീട് കമല്‍, വിജിതമ്പി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം കുറെ ചിത്രങ്ങള്‍.
മുല്ലശേരി രാജഗോപാല്‍ എന്ന പിതൃതുല്യനായ മനുഷ്യന്‍റെ ജീവിതകഥ രഞ്ജിത് സിനിമയാക്കാന്‍ തീരുമാനിച്ചു. കഥയ്ക്ക് പേരുമിട്ടു - ദേവാസുരം!
മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തെ മാറ്റി മറിച്ച ആ സിനിമ സംവിധാനം ചെയ്തത് ഐ.വി ശശിയാണ്. മോഹന്‍ലാലിനെപ്പോലെ തന്നെ രഞ്ജിത്തിനും ആ ചിത്രം വഴിത്തിരിവായി. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന ദേവാസുരം. മംഗലശ്ശേി നീലകണ്ഠന്‍ എന്ന മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ ഇന്നും ആരാധനയോടെയാണ് പ്രേക്ഷകര്‍ ഓര്‍ക്കുന്നത്.
ദേവാസുരത്തിന്‍റെ ശൈലിയില്‍ തന്നെയാണ് രഞ്ജിത്ത് ആറാം തമ്പുരാന്‍ ഒരുക്കിയത്. ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ആ ചിത്രം മറ്റൊരു ചരിത്രമായി. ഷാജി കൈലാസ് - രഞ്ജിത് ടീമിന്‍റെ ഏറ്റവും വലിയ ഹിറ്റ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ - നരസിംഹം! നരസിംഹം മലയാളത്തിലെ ഏറ്റവും വലിയ പണം വാരിയ ചിത്രമാണ്.
ദേവാസുരത്തിന്‍റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെ രഞ്ജിത് സംവിധായകനായി. രാവണപ്രഭു മെഗാഹിറ്റായപ്പോള്‍ അടുത്ത ചിത്രവും മറ്റൊരു അതിമാനുഷ ചിത്രമായി മാറും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചു.
നന്ദനം മലയാളിയെ നൊമ്പരപ്പെടുത്തി. സൂപ്പര്‍ഹിറ്റായ ആ ചിത്രത്തിലൂടെ പുതിയ ഒരു നായകനെ മലയാളത്തിന് ലഭിച്ചു - പൃഥ്വിരാജ്. നന്ദനത്തിലെ ബാലാമണിയെ അവതരിപ്പിച്ച് നവ്യാനായര്‍ ഏറ്റവും മികച്ച നടിക്കുള്ള സംസ്ഥാനപരസ്കാരവും നേടി.
കാവ്യമാധവന്‍ ഇരട്ട വേഷത്തിലഭിനയിക്കുന്ന മിഴി രണ്ടിലും ആണ് രഞ്ജിത്തിന്‍റെ പുതിയ ചിത്രം. മമ്മൂട്ടിയെ നായകനാക്കി രാവ് മായുന്നു, മോഹന്‍ലാലിനെ നായകനാക്കി സക്കറിയാ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്നിവയാണ് വരാനിക്കുന്ന രഞ്ജിത് ചിത്രങ്ങള്‍.
രാവണപ്രഭുവിന് ജനപ്രീതിനേടിയ കലാമൂല്യമുള്ള ചിത്രത്തിന്‍റെ സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്തിന് ലഭിച്ചു. സഹോദരനായ രഘുനാഥിനൊപ്പം അമ്മക്കിളിക്കൂട് എന്ന ചിത്രം നിര്‍മ്മിക്കുകയാണ് രഞ്ജിത് ഇപ്പോള്‍. ശ്രീജയാണ് ഭാര്യ. മക്കള്‍ - അഗ്നി വേശ്, അശ്വഘോഷ്.