മാസ്റ്റേഴ്സ്, ഹീറോ, സിംഹാസനം - പൃഥ്വിരാജിന്‍റെ ഈ വര്‍ഷത്തെ ബിഗ്ബജറ്റ് ചിത്രങ്ങള്‍. ഈ മൂന്ന് സിനിമകളെയും പ്രേക്ഷകര്‍ തിരസ്കരിച്ചു. ആക്ഷന്‍ സിനിമകളോട് വിരോധമുള്ളതുകൊണ്ടല്ല പ്രേക്ഷകര്‍ ഈ സിനിമകളെ തള്ളിക്കളഞ്ഞത്. സൂപ്പര്‍സ്റ്റാറിന്‍റെ ഹീറോയിസത്തിന് മാത്രം പ്രാധാന്യം നല്‍കിയ സിനിമകളായിരുന്നു ഇവ. അത്തരം സിനിമകളോട് മലയാളികള്‍ക്ക് താല്‍പ്പര്യം കുറഞ്ഞത് തന്നെയാണ് ഇവയുടെ പരാജയത്തിന് കാരണം.
നല്ല സിനിമകളെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നാല്‍ താരാധിപത്യം ഉറപ്പിക്കാനുള്ള ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിക്കുകയും ചെയ്യുന്നത് പതിവാക്കിയിരുന്നു പൃഥ്വിരാജ്. ഈ ഇരട്ടനയത്തോടുള്ള പ്രേക്ഷകരുടെ പ്രതിഷേധം അദ്ദേഹത്തിന് സിനിമകള്‍ക്ക് ദോഷം ചെയ്തു. പൃഥ്വി നല്ല നടനാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം താരസിംഹാസനം പണിയാനുള്ള ശ്രമമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
നല്ല കഥയില്ലാതെ, താരപ്പകിട്ട് പ്രദര്‍ശിപ്പിക്കുന്ന സിനിമകളെ കൂട്ടത്തോടെ പ്രേക്ഷകര്‍ സംഹരിച്ചതോടെ പൃഥ്വിരാജും തിരിച്ചറിവിന്‍റെ പാതയിലാണ്. ഇനി നല്ല സിനിമകള്‍ മാത്രം ചെയ്താല്‍ മതി എന്ന് പൃഥ്വി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നല്ല കഥയും തിരക്കഥയുമുള്ള സിനിമകള്‍ മാത്രമേ ഇപ്പോള്‍ പൃഥ്വി ഏറ്റെടുക്കുന്നുള്ളൂ.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മോളി ആന്‍റി റോക്സ്, ലാല്‍ ജോസ് ഒരുക്കുന്ന ‘അയാളും ഞാനും തമ്മില്‍’, കമലിന്‍റെ ‘സെല്ലുലോയ്ഡ്’, റോഷന്‍ ആന്‍ഡ്രൂസിന്‍റെ മുംബൈ പൊലീസ്, അമല്‍ നീരദിന്‍റെ അരിവാള്‍ ചുറ്റിക നക്ഷത്രം, അന്‍വര്‍ റഷീദിന്‍റെ പേരിടാത്ത ചിത്രം എന്നിവയാണ് പൃഥ്വിരാജിന്‍റെ വരാനിരിക്കുന്ന സിനിമകള്‍. ഹിന്ദിച്ചിത്രം ‘അയ്യാ’ പ്രദര്‍ശനത്തിന് റെഡിയാകുന്നു. ഔറംഗസേബ് എന്നൊരു ഹിന്ദിച്ചിത്രത്തിലേക്ക് പൃഥ്വി കരാറായിക്കഴിഞ്ഞു.
ഈ പറഞ്ഞ സിനിമകളൊന്നും പൃഥ്വിയുടെ താരമൂല്യത്തെ മാത്രം ചൂഷണം ചെയ്യാനായി നിര്‍മ്മിക്കപ്പെടുന്നവയല്ല. നല്ല കഥയും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളുമാണ് ഇവയിലൊക്കെ ഉള്ളത്. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ പൃഥ്വി വില്ലനാണ്. നല്ല നടന്‍ എന്ന പേരാണ് സൂപ്പര്‍സ്റ്റാര്‍ പദവിയേക്കാള്‍ മഹത്തരമെന്നും അതാണ് എന്നും നിലനില്‍ക്കുന്നതെന്നും പൃഥ്വി തിരിച്ചറിഞ്ഞിരിക്കുന്നു.
യുവ സംവിധായകരും പുതിയ താരങ്ങളും നല്ല നല്ല സിനിമകള്‍ സൃഷ്ടിക്കുമ്പോള്‍ പൃഥ്വിരാജും അവര്‍ക്കൊപ്പം നീങ്ങുന്നത് ആഹ്ലാദകരമായ കാഴ്ചയാണ്.