ജഗതി തിരിച്ചെത്തും, രണ്ടുമാസങ്ങള്‍ക്കുള്ളില്‍

Webdunia
തിങ്കള്‍, 18 ജൂണ്‍ 2012 (18:45 IST)
PRO
മലയാളത്തിന്‍റെ മഹാനടന്‍ ജഗതി ശ്രീകുമാര്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന് റിപ്പോര്‍ട്ട്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ജഗതിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കൈകാലുകള്‍ ചലിപ്പിക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയുന്നുമുണ്ട്.

വീല്‍ ചെയറില്‍ ആശുപത്രി മുറിയിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന് ട്യൂബ് വഴിയാണ് ആഹാരം നല്‍കുന്നത്. ഫിസിയോ തെറാപ്പി പുരോഗമിക്കുകയാണ്. സംസാര ശേഷി തിരികെ കിട്ടിയിട്ടില്ല. എന്നാല്‍ രണ്ടുമാസത്തെ ചികിത്സയോടെ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി മാറുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.

വെല്ലൂരില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് മലയാള സിനിമാലോകത്ത് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ജഗതി ശ്രീകുമാറിന് അപകടം പറ്റിയതിന് ശേഷം അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായ മലയാള സിനിമ അദ്ദേഹത്തിന് പകരമായി പലരെയും പരീക്ഷിക്കുന്നുണ്ടെങ്കിലും ‘ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്’ എന്ന അവസ്ഥയാണുള്ളത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 10ന് രാവിലെ കോഴിക്കോട്‌ ദേശീയപാതയില്‍ തേഞ്ഞിപ്പലത്തിനു സമീപം ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവാ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്.