കൃഷ്ണയില്‍ ചേര്‍ന്ന കൃഷ്ണവേഷം

Webdunia
2004

കൃഷ്ണാനദിയിലെ ഓളങ്ങളില്‍ എന്‍.ടി.ആറിന്‍റെ ചിതാഭസ്മ ശകലങ്ങള്‍ വിതറിയപ്പോള്‍ ലക്ഷ്മിപാര്‍വ്വതിയുടെ മനസ് മന്ത്രിച്ചു കാണും, പോയ് വരൂ...... എന്‍റെ ശപഥം നിറവേറ്റി.

ആന്ധ്രയിലെ ചന്ദ്രബാബു നായിഡു യുഗം താല്‍ക്കാലികമായെങ്കിലും അവസാനിച്ചത് എന്‍.ടി.ആറിന്‍റെ ചിതാഭസ്മ നിമജ്ജനത്തിന് കാരണമായി .

ചന്ദ്രബാബുനായിഡുവിന്‍റെ തോല്‍വി തെലുങ്കിന്‍റെ നായകന്‍റെ പത്നി ലക്ഷ്മി പാര്‍വ്വതി മനസ്സില്‍ കുറിച്ച ശപഥം നിറവേറ്റാനുളള സമയം ആഗതമാക്കിയതും അത് എന്‍.ടി.ആറെന്ന മഹാപ്രതിഭയുടെ എണ്‍പത്തിയൊന്നാം പിറന്നാളിനു തൊട്ടുമുമ്പായതും യാദൃശ്ഛികമാവാം.

ശ്രീകൃഷ്ണന്‍റെ വരപ്രസാദം ഭാഗ്യമാക്കിയ തെലുങ്കുനായകന്‍ മരിച്ചിട്ട് 2004 ല്‍എട്ടു വര്‍ഷം തികയുന്നു. സന്യാസവും കര്‍മ്മ സന്യാസവും സമന്വയിപ്പിച്ച ആദര്‍ശവും അഭിനയ മിഴിവും പ്രസരിപ്പിച്ച അവതാരം നന്ദമൂരി താരക രാമറാവുവെന്ന എന്‍.ടി.ആറിന്‍റെ ജീവിതം മൂല്യങ്ങളുടെയും പ്രവചിക്കാനാവാത്ത വിജയങ്ങളുടെയും സമന്വയമായിരുന്നു.

.

മാനദേശത്തില്‍ ഒരു ചെറിയ വേഷത്തിന്‍റെ കിരണത്തിലൂടെ തുടങ്ങി പിന്നീട് ഒരു ജനതയുടെയാകെ പ്രകാശമായ വ്യക്തിത്വമായിരുന്നു എന്‍.ടി.ആറിന്‍റേത്. 1960 ല്‍ പത്മശ്രീ ലഭിച്ചത് മികവിന്‍റെ സാക്ഷ്യപത്രം.

സിനിമയിലും പിന്നീട് സന്യാസ ജീവിതത്തിലും അതുകഴിഞ്ഞ് രാഷ്ട്രീയത്തിന്‍റെ കര്‍മ്മപഥത്തിലും വ്യക്തിപ്രഭാവം വിതറിയ എന്‍.ടി.ആര്‍. കടന്നു പോയതും ആര്‍ക്കും പ്രവചിക്കാന്‍ കഴി ഞ്ഞില്ല.

സിനിമയിലും രാഷ്ട്രീയത്തിലും അവസാനകാലം വരെ തിളങ്ങി നില്‍ക്കാന്‍ എന്‍.ടി.ആറിന് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ഡ്യൂപ്പുകളില്‍ വിശ്വാസമില്ലാതെ സ്വന്തം പ്രയത്നത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ചതു കൊണ്ടാവാം പള്ളിത്തറെ പിള്ളയിലെ നായക വേഷത്തില്‍ നിന്ന് ഈ മഹാനടന്‍ ജനഹൃദയങ്ങള്‍ സ്ഥിരം വിഹാരകേന്ദ്രമാക്കിയത്.

ആദ്യ ചിത്രം പള്ളിത്തുറെ പിള്ള 25 ആഴ്ചകള്‍ ആരവമുയര്‍ത്തിയപ്പോള്‍ ആരെങ്കിലും കരുതിക്കാണുമോ ഈ സുമുഖ വ്യക്തി നിര്‍മ്മാതാവും സംവിധായകനും പിന്നീട് ആന്ധ്രയുടെ മുഖ്യമന്ത്രിയുമാകുമെന്ന്?

ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച പുരാണ ചിത്രങ്ങള്‍ ഈ മിഴിവുറ്റ പ്രതിഭയുടെ മാറ്റുരച്ചു. പ്രായം കാവല്‍ നിന്നപ്പോള്‍, സൊന്തവൂരില്‍ തുടങ്ങിയ ശ്രീകൃഷ്ണവേഷം എന്‍.ടി.ആറിനെ ദൈവങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

തുടര്‍ന്ന് 22 ചിത്രങ്ങളില്‍ ശ്രീകൃഷ്ണ വേഷമാടിയ ഈ കലാകാരന്‍ ഭീമനായും രാവണനായും കര്‍ണ്ണനായും ഭാരതം മുഴുവന്‍ നിറഞ്ഞു നിന്നു. ദൈവങ്ങളുടെയും പുരാണങ്ങളുടെയും സത്യമാവാം ഇദ്ദേഹത്തെ സിനിമയ്ക്കുമപ്പുറം ജനമധ്യത്തിലേക്ക് രാഷ്ട്രീയ വേഷമണിഞ്ഞ് ഇറങ്ങിച്ചെല്ലാന്‍ പ്രേരിപ്പിച്ചത്.


1982 ല്‍ തെലുങ്കുദേശം എന്ന പാര്‍ട്ടിയുടെ രൂപീകരണം ആന്ധ്രാപ്രദേശിന്‍റെ രാഷ്ട്രീയ ചരിത്രത്തിനെയാകെ ഇളക്കി മറിച്ചു. സ്ഥാപിതമായി ആറുമാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുഖ്യമന്ത്രി പദത്തിലുമെത്തി. ഇവിടെയും പ്രവചനങ്ങള്‍ക്ക് അവധി നല്‍കുകയായിരുന്ന എന്‍.ടി.ആര്‍ രണ്ടു തവണ ആന്ധ്രയുടെ മുഖ്യമന്ത്രിയായി.

ആചരിച്ചു വന്ന സന്യാസം ഉപേക്ഷിച്ചപ്പോഴും എഴുപതുകളില്‍ എത്തി നില്ക്കുമ്പോള്‍ പകുതിയില്‍ താഴെമാത്രം പ്രായമുള്ള പത്രപ്രവര്‍ത്തക ലക്സ്മിപാര്‍വ്വതിയെ പങ്കാളിയാക്കി ജീവിതയാത്ര തുടരുമ്പോഴും പ്രവചനങ്ങള്‍ക്ക് എന്‍.ടി.ആറിന്‍റെ ജീവിതത്തില്‍ സ്ഥാനമില്ലായിരുന്നു.

എന്നാല്‍ വിധിയുടെ നിഷ്പക്ഷത വെളിവായത് എന്‍.ടി.ആറിന്‍റെ മരണത്തില്‍ മാത്രമായിരുന്നു. സ്വന്തം പാര്‍ട്ടി മരുമകന്‍ ചന്ദ്രബാബു നായിഡു കയ്യടക്കിയപ്പോഴും അധികാരത്തില്‍ നിന്ന് പുറത്തായപ്പോഴും ഒരു പക്ഷേ ആ വ്യക്തിക്ക് വേദനയുണ്ടായിക്കാണില്ല.

എന്നാല്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങിക്കൊണ്ടിരിക്കെ മരണദൂതന്‍ വന്നു വിളിച്ചപ്പോള്‍ ആ ആത്മാവ് തേങ്ങിക്കാണും.......... 1996ല്‍ ആ ബഹുമുഖ പ്രതിഭ എഴുപത്തി മൂന്നാം വയസ്സില്‍ എന്നേക്കുമായി പിന്‍വാങ്ങ ി