ഓരോ സംവിധായകര്‍ക്കും അവരുടേതായ ഭാഷയും ശൈലിയുമുണ്ടെന്നും ‘വില്ലന്‍’ സിനിമയുടെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും അതുണ്ടെന്നും അത് തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന പ്രേക്ഷകരുടെ വാശി ഹീനയുക്തിയാണെന്നും തിരക്കഥാകൃത്തും സംവിധായകനുമായ എ കെ സാജന്‍. താരത്തെക്കാള്‍ ലാലെന്ന നടനവിസ്മയത്തെ അടയാളപ്പെടുത്തിയ സിനിമകളില്‍ വില്ലനും ഓര്‍മ്മിക്കുമെന്നും എ കെ സാജന്‍ പറയുന്നു.
ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് എ കെ സാജന്‍ ഇതുപറയുന്നത്. സാജന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം:
ചില തിരക്കുകള്‍ കാരണം വില്ലന്‍ ഇപ്പോഴാണ് കാണാന്‍ സാധിച്ചത്. സിനിമ വളരെ ഇഷ്ടമായി. മുന്‍വിധികളെ തകര്‍ക്കുന്നവനാണ് നല്ല സംവിധായകന്‍. ഡി കണ്‍സ്ട്രക്ഷനെക്കുറിച്ച് നന്നായി പഠിക്കുകയും, അത് പ്രയോഗിക്കാനറിയുകയും ചെയ്യുന്ന സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍.
ത്രില്ലര്‍ സിനിമയ്ക്ക് മന്ദതാളം പാടില്ലെന്ന് ആരും എവിടെയും എഴുതിവച്ചിട്ടില്ല. അങ്ങനെയൊരു നിയമമുണ്ടെങ്കില്‍തന്നെ അവയെ പൊളിച്ച് പുറത്തുകടക്കുകയാണ് വേണ്ടത്. വില്ലന്‍ അത്തരത്തിലൊരു ധീരമായ ചുവടുവപ്പാണ്. മാര്‍ക്കറ്റിനനുസരിച്ച് ചേരുവകള്‍ ചേര്‍ത്ത് വിഭവങ്ങളുണ്ടാക്കി വിളമ്പുകയല്ല നല്ല സംവിധായകര്‍ ചെയ്യേണ്ടത്. ഓരോ സംവിധായകര്‍ക്കും അവരുടെതായ ഭാഷയും ശൈലിയുമുണ്ട്. അത് തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന ചില പ്രേക്ഷകരുടെ വാശി ഹീനയുക്തിയാണ്.
വില്ലനിലെ കഥാപാത്രങ്ങള്‍ ലാഘവ സ്വഭാവമുള്ള പരിസരങ്ങളില്‍ നിന്നല്ല കടന്നുവരുന്നത്. മാത്യു മാഞ്ഞൂരാന്‍ കുറ്റവാളിയെ തേടുമ്പോഴും, യഥാര്‍ത്ഥത്തില്‍ അയാള്‍ അയാളുടെ ജീവിതത്തിന്റെ പൊരുള്‍ തന്നെയാണ് തേടുന്നതും. ഇതുപോലുള്ള അപരിചിതമായ ഘടകങ്ങളാണ് ചിത്രത്തെ അസാധാരണമാക്കുന്നത്.
നല്ല സിനിമകള്‍ തിരിച്ചറിയപ്പെടുക തന്നെ ചെയ്യും. ആദ്യ ദിനങ്ങളിലെ നെഗറ്റീവ് റിവ്യൂകളെ പിന്തള്ളി വില്ലന്‍ മുന്നോട്ട് പോകുന്നതില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും, താരത്തെക്കാള്‍ ലാലെന്ന നടനവിസ്മയത്തെ അടയാളപ്പെടുത്തിയ സിനിമകളില്‍ വില്ലനും ഓര്‍മ്മിക്കും. പ്രിയ സുഹൃത്ത് ബി ഉണ്ണികൃഷ്ണന് അഭിനന്ദനങ്ങള്‍.