മലയാള സിനിമയ്ക്ക് ‘സെക്കൻഡ് ഷോ' എന്ന ചിത്രം സമ്മാനിച്ചത് രണ്ടു യുവനടൻമാരെയാണ്. ദുൽഖർ സൽമാനും, സണ്ണി വെയ്നും. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരുകൂട്ടം പുതുമുഖങ്ങൾക്ക് സിനിമയിലേക്കുള്ള അവസരം നൽകിയ ചിത്രം കൂടിയായിരുന്നു. സെക്കൻഡ് ഷോയിലൂടെ മലയാള സിനിമയിലെത്തിയ സണ്ണി വെയ്ൻ തൻറെ അനുഭവം ആദ്യസിനിമയിലെ അനുഭവം പറയുകയാണ്.
സൗഹൃദത്തിലൂടെയാണ് ആദ്യ സിനിമയിൽ എത്തിയത്. സെക്കൻഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ഞാനും എന്‍ജിനിയറിംഗിന് ഒരുമിച്ച് പഠിച്ചതാണ്. പഠന ശേഷം ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് പോയി. അവൻ സിനിമയിലേക്കും ഞാൻ സോഫ്റ്റ്‌വെയർ എൻജിനീയറായി ബാംഗ്ലൂരിലേക്കും. അവൻറെ മനസ്സിൽ അന്നുമുതലേ സിനിമയായിരുന്നു. അങ്ങനെ ഒരു ഒഴുക്കിൽ പോകുമ്പോഴാണ് ശ്രീനാഥിന്റെ വിളി വന്നത്.
സത്യത്തില്‍ വേറൊരു കഥാപാത്രമാണ് എനിക്കായി മാറ്റിവച്ചിരുന്നത്. ഇതിനിടയില്‍ കുരുടി എന്ന വേഷത്തിനായി ഓഡിഷനൊക്കെ നടക്കുന്നുണ്ടായിരുന്നു. സിനിമയിൽ അറിയപ്പെടുന്ന ചില നടന്മാരെയും പരിഗണിച്ചിരുന്നു. അവസാനം എന്നോട് ശ്രമിച്ചു നോക്കാമോയെന്ന് ചോദിച്ചു. കിട്ടിയ അവസരം പാഴാക്കാതെ ഞാനത് വിനിയോഗിച്ചു - സണ്ണി വെയ്ൻ പറയുന്നു.