മാസ്റ്റർ എന്ന വിജയ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ലിയോ. വിജയ്‍യും ലോകേഷും വീണ്ടുമൊന്നിച്ചപ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമായിരുന്നു. വൻ ഹൈപ്പിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ആണ് തിയേറ്ററിൽ നിന്നും ലഭിച്ചത്. ചിത്രത്തിലെ രണ്ടാം പകുതിയിലെ ഫ്ലാഷ്ബാക്ക് രംഗങ്ങളെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ അതിൽ മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്.
'ലിയോയുടെ വിമർശനങ്ങൾ എന്നെ ഒരുപാട് ബാധിച്ചു എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ ശരിക്കും അങ്ങനെ സംഭവിച്ചിട്ടില്ല. ആ വിമർശനങ്ങൾ എല്ലാം എനിക്ക് കിട്ടിയ ഒരു ബോധവൽക്കരണം ആയി ഞാൻ കാണുന്നു. സിനിമ മുഴുവനായി പരാജയപ്പെട്ടിരുന്നെങ്കിൽ അടുത്തത് എന്ത് ചെയ്യണം എന്നതിനെപ്പറ്റി ഞാൻ ആലോചിച്ചേനെ. ലിയോയുടെ ഫ്ലാഷ്ബാക്കിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് ഞാൻ പിന്നീട് മനസിലാക്കി. അതിന് നിരവധി കാരണങ്ങൾ ഉണ്ട് പക്ഷെ അതിലേക്ക് ഞാനിപ്പോൾ പോകുന്നില്ല. എല്ലാ കുറ്റങ്ങളും ഞാൻ ഏറ്റെടുക്കുന്നു. ഞാൻ ഇനിയും നന്നായി അത് ഹാൻഡിൽ ചെയ്യണമായിരുന്നു. പക്ഷെ ആ 20 മിനിറ്റ് സിനിമയുടെ ബിസിനസിനെയോ റീ വാച്ച് വാല്യൂവിനെയോ ബാധിച്ചിട്ടില്ല', ലോകേഷ് പറഞ്ഞു.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.