റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സ്‌കൂള്‍ ബസില്‍ വളരെ യാദൃച്ഛികമായാണ് സ്മിനു അഭിനയിക്കാനെത്തുന്നത്. ആ കഥാപാത്രം ചെയ്യുമ്പോള്‍ ഭാവിയില്‍ ഒരേസമയം ഇത്രയേറെ സിനിമകള്‍ ചെയ്യേണ്ടിവരുമെന്നോ മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാന്‍ സാധിക്കുമെന്നോ സ്മിനു സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. കെട്ട്യോളാണെന്റെ മാലാഖയില്‍ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷത്തിലെത്തിയതാണ് സ്മിനുവിന്റെ കരിയറില്‍ വലിയൊരു ടേണിങ് പോയിന്റ് ആയത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. ഏറെ പ്രേക്ഷക പ്രശംസ നേടിയ നായാട്ട്, ഓപ്പറേഷന്‍ ജാവ, സുനാമി, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലെല്ലാം സ്മിനു സിജോ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട്, പ്രിയന്‍ ഓട്ടത്തിലാണ്, മെമ്പര്‍ രമേശന്‍ വാര്‍ഡ് ഒന്‍പത്, ഭ്രമം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഇനിയും റിലീസിനെത്താനുണ്ട്. വളരെ ചെറിയ സമയംകൊണ്ട് ഇത്രയേറെ സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സ്മിനു വളരെ സന്തോഷവതിയാണ്. തന്റെ കഥാപാത്രങ്ങളെ ഹൃദയത്തോട് ചേര്‍ത്ത പ്രേക്ഷകര്‍ക്ക് നന്ദിയും പറയുന്നു. സിനിമാവിശേഷങ്ങള്‍ വെബ് ദുനിയ മലയാളവുമായി പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം.
ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല
കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷമാണ് കൂടുതല്‍ കഥാപാത്രങ്ങള്‍ ലഭിച്ചത്. ആദ്യ സിനിമ കഴിയുമ്പോള്‍ ഇങ്ങനെയൊന്നും ആകുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. അഭിനയമൊന്നും എനിക്ക് അത്ര വശമില്ലായിരുന്നു. ആദ്യ സിനിമ മുതലേ എല്ലാവരും എനിക്ക് വലിയ പിന്തുണ നല്‍കി. ഒരു ആര്‍ട്ടിസ്റ്റ് ആണെന്ന് തോന്നുന്നത് തന്നെ നിങ്ങള്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെ പ്രശംസിക്കുന്നത് കേള്‍ക്കുമ്പോഴാണ്. ഇങ്ങനെ അഭിമുഖത്തിനൊക്കെ വിളിക്കുമ്പോള്‍ എനിക്ക് ആദ്യം മടി തോന്നാറുണ്ട്. അയ്യോ, ഞാന്‍ അതിനൊക്കെ ഉള്ളതുണ്ടോ എന്നാണ് മനസില്‍ തോന്നും.
കഥാപാത്രം വലുതോ ചെറുതോ എന്നുള്ളതല്ല
കഥാപാത്രത്തിന്റെ വലുപ്പമൊന്നുമല്ല പ്രധാനം. അഭിനയിക്കാന്‍ കഴിയുക എന്നതാണ്. ചെറിയ കഥാപാത്രമായാലും അത് നന്നായി ചെയ്യുക.
ഇത്തരം വേഷങ്ങള്‍ തനിയെ വരുന്നത്
കുടുംബവേഷങ്ങള്‍ മാത്രമായി ഞാന്‍ സെലക്ട് ചെയ്യുന്നതല്ല, അങ്ങനെ വരുന്നതാണ്. തുടക്കകാരിയായതിനാല്‍ അങ്ങനെ സെലക്ട് ചെയ്ത് കഥാപാത്രങ്ങള്‍ എടുക്കാറൊന്നും ആയിട്ടില്ല. ഈ ഒരു ടൈപ്പ് വേഷങ്ങളാണ് കൂടുതല്‍ വരുന്നത്. എനിക്ക് സ്വയം റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന വേഷങ്ങളാണ്.
നടന്‍ ജോജുവിനൊപ്പം സ്മിനുവും മകനും
നിങ്ങളുടെ അമ്മയും ചേച്ചിയുമൊക്കെ ആയി തോന്നിയില്ലേ ! അതാണ് വലിയ സന്തോഷം
നിങ്ങള്‍ സിനിമ കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്നെ തിയറ്ററില്‍ ഇട്ടിട്ട് പോകരുത്. നിങ്ങളുടെ കൂടെ എന്നെയും കൊണ്ടുപോകണം. നിങ്ങളിലൊരാളായി തോന്നണം. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. കെട്ട്യോളാണെന്റെ മാലാഖ കണ്ടപ്പോള്‍ ആ കഥാപാത്രം നിങ്ങളുടെ ചേച്ചിയാണെന്ന് തോന്നിയില്ലേ? ഓപ്പറേഷന്‍ ജാവ കണ്ടപ്പോള്‍ നിങ്ങളുടെ അമ്മയെ പോലെ തോന്നിയില്ലേ? അതൊക്കെ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്.
ഇപ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാനും തയ്യാറാണ്. എന്നാല്‍, അത്ര ഹെവി മോഡേണ്‍ കഥാപാത്രങ്ങളൊന്നും ഇപ്പോള്‍ താല്‍പര്യമില്ല. പിന്നീട് സാഹചര്യങ്ങള്‍ മാറുമ്പോള്‍ ചെയ്യുമോ എന്നൊന്നും അറിയില്ല. എനിക്ക് നിങ്ങളുടെ അമ്മയും ചേച്ചിയുമൊക്കെ ആയി ഇങ്ങനെ സ്നേഹിക്കപ്പെടാനാണ് കൂടുതല്‍ താല്‍പര്യം.
സ്മിനു ആസിഫ് അലിക്കൊപ്പം
യഥാര്‍ഥ ലൈഫില്‍ ബോള്‍ഡാണ്
ഞാന്‍ സങ്കടപ്പെടുന്നത് കണ്ട് അങ്ങനെ മറ്റാരും സുഖിക്കണ്ട എന്നു കരുതുന്ന ഒരാളാണ് ഞാന്‍. യഥാര്‍ഥ ജീവിതത്തിലും ബോള്‍ഡ് ആണ്. പ്രശ്നങ്ങളും വിഷമങ്ങളുമൊക്കെ എല്ലാവര്‍ക്കും ഉണ്ട്. അതൊക്കെ മറ്റുള്ളവരെ അറിയിച്ചിട്ട് എന്താകാര്യം.
കലപിലാ സംസാരിച്ചുകൊണ്ടിരിക്കും, ജാവയിലെ അമ്മയെ പോലെ
ഞാന്‍ പൊതുവെ നന്നായി സംസാരിക്കുന്ന ആളാണ്. കലപിലാ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. ഇപ്പോഴാണ് കുറച്ചൊക്കെ കുറഞ്ഞത് (സ്മിനു ചിരിക്കുന്നു)
കുടുംബത്തിനാണ് പ്രയോരിറ്റി
എനിക്ക് ഏറ്റവും വലുത് കുടുംബമാണ്. കുടുംബത്തില്‍ നിന്നു കിട്ടുന്ന സന്തോഷം വേറെ എവിടെയും കിട്ടില്ല. സിനിമയുടെ തിരക്കുകള്‍ കാരണം വീട്ടില്‍ നിന്ന് അങ്ങനെ അധികം വിട്ടുനില്‍ക്കേണ്ട അവസ്ഥയൊന്നും ഉണ്ടായിട്ടില്ല. പിന്നെ മകന്‍ എപ്പോഴും കൂടെയുണ്ടാകും. യഥാര്‍ഥ ജീവിതത്തിലെ പല കാര്യങ്ങളും കഥാപാത്രങ്ങളെ സ്വാധീനിക്കുന്നുണ്ട്. സിനിമയില്‍ കാണുന്ന കഥാപാത്രങ്ങളൊക്കെ പോലെയാണ് ഞാന്‍ വീട്ടിലും. വീട്ടിലെ കുട്ടികളൊക്കെയായി വളരെ കമ്പനിയാണ്. അതൊക്കെ ഞാന്‍ നന്നായി എന്‍ജോയ് ചെയ്യുന്നുണ്ട്.
സ്മിനുവും കുടുംബവും
ഞാന്‍ അഭിനയിക്കുന്നില്ലല്ലോ എന്നാണ് വീട്ടിലുള്ളവരുടെ കമന്റ്
ഞാന്‍ സിനിമയില്‍ എവിടെയാണ് അഭിനയിക്കുന്നതെന്നാണ് ഭര്‍ത്താവും മക്കളും ബന്ധുക്കളുമൊക്കെ ചോദിക്കുന്നത്. വീട്ടില്‍ എങ്ങനെയാണോ അതൊക്കെ തന്നെയല്ലേ സിനിമയിലും കാണിക്കുന്നതെന്ന് അവര്‍ കമന്റുകള്‍ പറയാറുണ്ട്. ചേച്ചിക്ക് അഭിനയിക്കണ്ടല്ലോ, വീട്ടിലെ സ്വഭാവം കാണിച്ചാല്‍ പോരെ എന്നൊക്കെ കസിന്‍സ് പറയാറുണ്ട്.
കെട്ട്യോളാണെന്റെ മലാഖ തിയറ്ററില്‍ കാണാന്‍ കുടുംബത്തോടൊപ്പം തിയറ്ററില്‍ പോയിരുന്നു. എന്റെ സീനുകള്‍ കണ്ട് ബാക്കിയെല്ലാവരും ചിരി നിര്‍ത്തിയിട്ടും നാത്തൂന്‍ ചിരി നിര്‍ത്തിയില്ല. ആ സിനിമയില്‍ ചെയ്യുന്നതെല്ലാം ഞാന്‍ വീട്ടില്‍ ചെയ്യുന്നതാണെന്ന് അവള്‍ക്ക് അറിയാം. വീട്ടില്‍ ഞാന്‍ എല്ലാര്‍ക്കും വല്യേച്ചിയാണ്. അതിന്റെയൊക്കെ തലക്കനം കുറച്ചുണ്ട് കേട്ടോ..കെട്ട്യോളാണെന്റെ മാലാഖയിലെ ചേച്ചി വേഷം പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.
പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദി
ചെറിയ വേഷങ്ങള്‍ ആയാലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വേഷങ്ങള്‍ ഇനിയും ചെയ്യാന്‍ സാധിക്കണം. ഇപ്പോള്‍ ഉള്ള സ്നേഹവും പിന്തുണയും ഇങ്ങനെ നില്‍ക്കണം. അത് മാത്രമാണ് ആഗ്രഹിക്കുന്നത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ മെസേജുകള്‍ വരുമ്പോള്‍ എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. നിങ്ങള്‍ നല്‍കുന്ന സ്നേഹമാണ് കരുത്ത്.
സ്മിനു തനിക്ക് ലഭിച്ച കഥാപാത്രങ്ങളില്‍ പൂര്‍ണ തൃപ്തയാണ്. ചങ്ങനാശേരിയിലാണ് ഇപ്പോള്‍ താമസം. ഭര്‍ത്താവ് സിജോ ബിസിനസുകാരനാണ്. മകന്‍ ഫെബിനും മകള്‍ സാന്‍ഡ്രയും ഡിഗ്രി വിദ്യാര്‍ഥികളാണ്. കെട്ട്യോളാണെന്റെ മാലാഖയില്‍ സ്മിനുവിന്റെ കഥാപാത്രത്തിന്റെ മകളായി സാന്‍ഡ്ര അഭിനയിച്ചിട്ടുണ്ട്.