'നാട്ടുകാര് മൊത്തം വിളിക്കുന്നുണ്ട്, ഞാന്‍ ഫോണ്‍ എടുക്കാറില്ല'; നായാട്ടിനിറങ്ങി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ യമ ഗില്‍ഗമേഷുമായുള്ള അഭിമുഖം
വെള്ളി, 14 മെയ് 2021 (10:31 IST)
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ടിന് പ്രേക്ഷകരില്‍ നിന്ന് വളരെ മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്. സിനിമ മികച്ചതാണെന്ന് പറയുന്ന എല്ലാവരും ഒരേ സ്വരത്തില്‍ അംഗീകരിക്കുന്ന മറ്റൊരു കാര്യമുണ്ട്, 'സിനിമയിലെ കഥാപാത്രങ്ങളുടെ പൂര്‍ണത'. ഏറ്റവും അനുയോജ്യരായ അഭിനേതാക്കളുടെ കൈകളിലേക്കാണ് ഓരോ കഥാപാത്രങ്ങളും എത്തിയിരിക്കുന്നത്. പ്രധാന വേഷത്തിലെത്തിയ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ തുടങ്ങി ഒരു ഷോട്ടില്‍ മാത്രം വന്നുപോകുന്ന അഭിനേതാക്കള്‍ വരെ ഗംഭീരപ്രകടനം കാഴ്ചവച്ചു. അതില്‍ ഏറ്റവും എടുത്തുപറയേണ്ട കഥാപാത്രമായിരുന്നു 'നായാട്ടി'നിറങ്ങിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥ അനുരാധ ഐപിഎസ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് യമ ഗില്‍ഗമേഷ് എന്ന അഭിനേത്രിയാണ്. പേരുപോലെ തന്നെ വളരെ വ്യത്യസ്തയാണ് യമ. അഭിനയവും സംവിധാനവും പഠിച്ച യമ, അനുരാധ എന്ന കഥാപാത്രം തന്നിലേക്ക് വന്നതിനെ കുറിച്ചും തന്റെ പ്രൊഫഷണല്‍ ജീവിതത്തെ കുറിച്ചും വെബ് ദുനിയ മലയാളത്തോട് സംസാരിക്കുകയാണ്.
1.നായാട്ടിലേക്ക് എത്തുന്നത് എങ്ങനെയാണ്? ആദ്യ ചോയ്‌സ് എന്ന രീതിയില്‍ ഈ കഥാപാത്രം യമയിലേക്ക് എത്തുകയായിരുന്നോ?
കഥാപാത്രം ചെയ്യാന്‍ ഒരു നോണ്‍ മലയാളി തന്നെ വേണമെന്ന് അവര്‍ക്കുണ്ടായിരുന്നു. കുറേനാളായി ഇങ്ങനെയൊരു ആളെ കിട്ടാനുള്ള അന്വേഷണത്തിലായിരുന്നു. അപ്പോഴാണ് ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എനിക്കൊപ്പം പഠിച്ച ഒരു സുഹൃത്ത് വിളിക്കുന്നത്. എന്റെ ഒരു ഫോട്ടോ പണ്ട് മാതൃഭൂമിയില്‍ വന്നിട്ടുണ്ട്. ഈ ഫോട്ടോ മാര്‍ട്ടിന്‍ (മാര്‍ട്ടിന്‍ പ്രക്കാട്ട്) കണ്ടിട്ടുണ്ട്. ഫോട്ടോ കണ്ടിട്ടാണ് ഈ കഥാപാത്രത്തിനായി എന്നെ സമീപിക്കുന്നത്.
ആദ്യം സിനിമയ്ക്കായി സമീപിച്ച സമയത്ത് ഞാന്‍ ഫോണൊന്നും എടുത്തില്ല. പിന്നെയും അവര്‍ എന്നെ ബന്ധപ്പെട്ടു. സിനിമ ചെയ്യാന്‍ താല്‍പര്യമില്ല എന്നാണ് ഞാന്‍ മറുപടി കൊടുത്തത്. കുറേനാളായി ഈ കഥാപാത്രത്തിനുവേണ്ടി ആളെ തപ്പിക്കൊണ്ടിരിക്കുകയാണെന്നും ഒന്നും ഇതുവരെ ശരിയായിട്ടില്ലെന്നും അവര്‍ എന്നോട് പറഞ്ഞു. ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കിയിട്ടും വീണ്ടും വിളിച്ചു. ഒടുവില്‍ കഥ കേള്‍ക്കണമെന്നും കഥാപാത്രത്തെ കുറിച്ച് പറയണമെന്നും ഞാന്‍ പറഞ്ഞു. പിന്നീട് അവര്‍ കഥ പറഞ്ഞു. കുഴപ്പമില്ലാത്ത കഥയാണെന്ന് തോന്നി. പക്ഷേ, ആ കഥാപാത്രത്തെ കുറിച്ച് എനിക്കപ്പോള്‍ വലിയ മതിപ്പൊന്നും തോന്നിയില്ല. എന്റെ കഥാപാത്രത്തിന്റെ ഭാഗം സ്‌ക്രിപ്റ്റ് ആയി തന്നെ വായിക്കാന്‍ വേണമെന്ന് ഞാന്‍ പറഞ്ഞു. എനിക്കവര്‍ തിരക്കഥ അയച്ചുതന്നു. തിരക്കഥ വായിച്ചപ്പോള്‍ എനിക്ക് വലിയ കുഴപ്പം തോന്നിയില്ല. അപ്പോഴും ഞാന്‍ യെസ് പറഞ്ഞില്ല. പിന്നീട് പറയാം എന്നുമാത്രം പറഞ്ഞു.
സിനിമയുടെ പ്രൊസസുമായി ഇടപഴകാന്‍ ബുദ്ധിമുട്ടുള്ള ഒരാളാണ് ഞാന്‍. തിയറ്റര്‍ ചെയ്യുന്നതുപോലെ അല്ലല്ലോ സിനിമ. ഒരുപാട് യാത്ര ചെയ്യാനൊക്കെ എനിക്ക് പ്രയാസമാണ്. സിനിമയാകുമ്പോള്‍ ഒരുപാട് യാത്ര ചെയ്യേണ്ടിവരുമല്ലോ. അതാണ് സിനിമയുടെ പ്രൊസസ് ബുദ്ധിമുട്ടാണെന്ന് പറഞ്ഞത്. മാര്‍ട്ടിനോട് പെട്ടന്ന് ഒരു യെസ് പറയാതിരുന്നത് ഈ കാരണങ്ങള്‍ കൊണ്ട് കൂടിയാണ്. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ പിന്നെയും വിളിച്ചു. നേരിട്ടുകാണാമോ എന്നു ചോദിച്ചു. ഞാന്‍ പോയി കണ്ടു. അതിനുശേഷമാണ് യെസ് പറയുന്നത്.
2. അഭിനയവും സംവിധാനവും പഠിച്ച യമ സിനിമയില്‍ നിന്നു പൊതുവെ വിട്ടുനില്‍ക്കുകയായിരുന്നല്ലോ?
സിനിമയുടെ പ്രൊസസ് എനിക്ക് ഇപ്പോഴും ബോറിങ് ആയാണ് തോന്നുന്നത്. തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ് ഞാന്‍. അതുകൊണ്ടായിരിക്കാം സിനിമയുടെ പ്രൊസസ് ബോറിങ് ആയി തോന്നുന്നത്. തിയറ്ററില്‍ ആകുമ്പോള്‍ നമുക്ക് സ്‌ക്രിപ്റ്റ് കിട്ടുന്നു, കൂട്ടത്തോടെ അതിരുന്ന് വായിക്കുന്നു, അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു, പിന്നീട് ഓരോന്നായി വികസിപ്പിക്കുന്നു..സാങ്കേതികമായ കാര്യങ്ങളെല്ലാം സ്റ്റേജില്‍ കയറുമ്പോള്‍ ആണ് വരുന്നത്. തിയറ്റര്‍ പെര്‍ഫോമന്‍സില്‍ ആകുമ്പോള്‍ റിഹേഴ്സല്‍ സമയത്തെല്ലാം നമുക്ക് മെച്ചപ്പെടുത്താന്‍ കൂടുതല്‍ സാധ്യതകളും അവസരങ്ങളുമുണ്ട്. അതേ കുറിച്ച് മറ്റ് അഭിനേതാക്കള്‍ക്കൊപ്പം ചര്‍ച്ച ചെയ്യാനും സാധിക്കും. പക്ഷേ, സിനിമയില്‍ അങ്ങനെയല്ലല്ലോ? മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ക്ക് പരിമിതിയുണ്ട്.
3. നായാട്ടിലെ പോലെ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്യില്ലേ?
വളരെ കംഫര്‍ട്ട് ആയ, മികച്ചതെന്ന് തോന്നുന്ന കഥാപാത്രങ്ങളും സിനിമയും ചെയ്യാനാണ് എനിക്ക് താല്‍പര്യം. എന്നാല്‍, ചിലപ്പോള്‍ നല്ല കഥാപാത്രമായാലും തിരക്കഥയായാലും അവസാനം സിനിമ വരുമ്പോള്‍ മോശമാകുന്ന അവസരങ്ങളുമുണ്ട്. ഇങ്ങനെ ഇരുന്ന് ഇരുന്ന് എപ്പോഴെങ്കിലും നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്യാം എന്നേയുള്ളൂ. അല്ലാതെ ഓടിനടന്ന് സിനിമ ചെയ്യുന്നതിനോടൊന്നും താല്‍പര്യമില്ല. പ്രൊഫഷണല്‍ ആയി ഒരു കാര്യത്തില്‍ തന്നെ നീങ്ങണം എന്നൊരു പദ്ധതിയൊന്നും എനിക്കില്ല. നമ്മള്‍ ചെയ്യുമ്പോള്‍ അതിനൊരു പ്രൊഫഷണലിസം ഉണ്ടാകും എന്നുമാത്രം. ഒരു ജോലിയായൊന്നും സിനിമയെ കാണുന്നില്ല. എനിക്ക് തീരെ കാശില്ല എന്നൊക്കെ വരുമ്പോള്‍ ഞാന്‍ ഒരു കടയില്‍ ജോലിക്ക് പോയിനിന്നൊക്കെ കാശുണ്ടാക്കും. അത്രയേയുള്ളൂ! നമുക്ക് വളരെ പാഷനുള്ള ഒരു കാര്യം 'എന്തെങ്കിലുമൊക്കെ ആയിക്കോട്ടെ' എന്ന മട്ടില്‍ ചെയ്യാന്‍ പറ്റില്ലല്ലോ? മോശമായാല്‍ നമുക്ക് വളരെ വിഷമം തോന്നും. കിട്ടുന്ന കഥാപാത്രങ്ങളൊക്കെ ചെയ്യുക, കാശിനുവേണ്ടി ചെയ്യുക എന്നൊരു കാഴ്ചപ്പാട് എനിക്കില്ല.
4. യമയുടെ അനുരാധ ഐപിഎസ് എന്ന കഥാപാത്രത്തെ പോലെ നായാട്ടിലെ മറ്റ് കഥാപാത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടല്ലോ?
സിനിമ ഞാന്‍ തിയറ്ററില്‍ പോയല്ല കണ്ടത്. ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ വന്നപ്പോഴാണ് സിനിമ കാണുന്നത്. സിനിമ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. സിനിമയില്‍ അസിസ്റ്റന്റ് ആയി നിന്നവരെ പോലും പല ഷോട്ടുകളിലും ഞാന്‍ കണ്ടിട്ടുണ്ട്. മാര്‍ട്ടിന്‍ എല്ലാവരെയും കാസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരുടെയും പ്രകടനം ഗംഭീരമാണ്.
5. നായാട്ടിനു മുന്‍പ് ചെയ്ത സിനിമകള്‍ ഏതൊക്കെയാണ്?
നേരത്തെ രണ്ട് സിനിമയിലാണ് അഭിനയിച്ചത്. രണ്ടിലും പ്രധാന കഥാപാത്രമായിരുന്നു. പക്ഷേ, രണ്ടും വാണിജ്യ സിനിമകള്‍ ആയിരുന്നില്ല. രണ്ടും വിപിന്‍ വിജയന്‍ എന്ന സംവിധായകന്റെ സിനിമയാണ്. വിപിന്‍ വിജയന്റെ കൂടെ ഞാന്‍ നേരത്തെ സ്‌ക്രിപ്റ്റ് ചെയ്തിട്ടുണ്ട്. 2010 ല്‍ ചിത്രസൂത്രം എന്ന സിനിമയില്‍ അഭിനയിച്ചു. അത് റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
6. എഴുത്ത് ജീവിതം എങ്ങനെയാണ്? സിനിമ ചെയ്യാന്‍ ഉദ്ദേശമില്ലേ?
തിരക്കഥയെഴുതാന്‍ ഉദ്ദേശിക്കുന്നുണ്ട്. എന്റെ കൈയില്‍ ഒന്നു രണ്ട് സ്‌ക്രിപ്റ്റിനായുള്ള ആശയം ഉണ്ട്. ഇപ്പോള്‍ ഒരു നോവലിന്റെ തിരക്കിലാണ്. അതുകൊണ്ട് സ്‌ക്രിപ്റ്റ് എഴുതാനുള്ള സമയമൊന്നും കിട്ടിയിട്ടില്ല. നോവലിന് ശേഷം അതിന്റെ പണിപ്പുരയിലേക്ക് കടക്കണം. നോവല്‍ പെട്ടെന്ന് തന്നെ തീര്‍ക്കണം. ഇതുവരെ മൂന്ന് രചനകള്‍ എന്റേതായി പുറത്തിങ്ങിയിട്ടുണ്ട്. രണ്ട് കഥാസമാഹരങ്ങളും ഒരു നോവലും. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോള്‍ പെണ്ണുങ്ങള്‍ മാത്രം കാണുന്നത് ഇത് രണ്ടുമാണ് കഥാസമാഹാരം. പിന്നെ പിപ്പീലിക എന്നു പറയുന്ന നോവലും.
7. നായാട്ടിലെ മറ്റ് അഭിനേതാക്കളുമായുള്ള സൗഹൃദം?
സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്യുന്ന മൂന്ന് പേരുമായിട്ട് (ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍) അത്ര വലിയ രീതിയില്‍ ഇടപെടേണ്ട ആവശ്യം വരാറില്ല. സെറ്റില്‍ വരുമ്പോള്‍ കാണും എന്നതേയുള്ളൂ. കോബിനേഷന്‍ സീനുകള്‍ കുറവാണല്ലോ അതുകൊണ്ടാണ്. ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിക്കും, എല്ലാവരെയും അറിയാം.
8. നടന്‍ അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തെ വലിയ രീതിയില്‍ ഞെട്ടിച്ചിരുന്നു. നായാട്ടില്‍ അനിലിനൊപ്പമാണ് യമയ്ക്ക് കൂടുതല്‍ കോംബിനേഷന്‍ സീനുകള്‍. അനില്‍ നെടുമങ്ങാട് എന്ന കലാകാരനെ എങ്ങനെ ഓര്‍ക്കുന്നു?
അനിലേട്ടനുമായാണ് (അനില്‍ നെടുമങ്ങാട്) കൂടുതല്‍ കോംബിനേഷന്‍ സീനുകള്‍ ഉള്ളത്. നായാട്ടിനു ശേഷം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അനിലേട്ടനു അപകടമുണ്ടാകുന്നതും മരിക്കുന്നതും. നായാട്ടിനൊപ്പവും ആ സിനിമയുടെ ഷൂട്ട് നടന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. അനിലേട്ടനുമായുള്ള കോംബിനേഷന്‍ സീനുകളില്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ട് പേരും തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളല്ലേ, അതുകൊണ്ട് ആ പ്രോസസിനെ കുറിച്ചൊക്കെ അറിയാം. അതുകൊണ്ട് പുള്ളിയെ പോലെ ഒരു അഭിനേതാവിനൊപ്പം നില്‍ക്കാന്‍ വളരെ കംഫര്‍ട്ടാണ്. തിയറ്റര്‍ ചെയ്തുള്ള പരിചയം ഉള്ളതിനാല്‍ ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല.
9. നായാട്ട് കണ്ട് ഒരുപാട് പേര്‍ അഭിനന്ദിക്കാന്‍ വിളിച്ചില്ലേ? എന്ത് തോന്നി?
ഞാന്‍ പരമാവധി ഈ ആള്‍ക്കൂട്ടത്തില്‍ നിന്നെല്ലാം മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. നാട്ടുകാര് മൊത്തം വിളിക്കുന്നുണ്ട് ! പക്ഷേ, ഞാന്‍ ഫോണെടുക്കാറില്ല (ചിരിക്കുന്നു). ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആളുകള്‍ക്ക് തോന്നും 'ഓ, ഇവര് വലിയ സംഭവമാണ്' അതുകൊണ്ടാണ് എന്നൊക്കെ. പക്ഷേ, ഞാന്‍ ചെയ്തതിനെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. ആ കഥാപാത്രം എത്രത്തോളം നന്നായിട്ടുണ്ട്, എത്രത്തോളം മോശമായിട്ടുണ്ട് എന്ന് ചെയ്യുന്നവര്‍ക്ക് തന്നെ അറിയാം. ആ കഥാപാത്രത്തില്‍ ഇനിയും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് എനിക്ക് തോന്നിയ കാര്യങ്ങളുണ്ട്. ഒന്നും പൂര്‍ണമല്ലല്ലോ ! നമ്മള്‍ ഓരോ തവണ ചെയ്യുമ്പോഴും അത് മെച്ചപ്പെടുത്തലാണ്. എല്ലാവരും സ്വാഭാവിക അഭിനയം എന്നൊക്കെ പറയുന്നത് കേള്‍ക്കാം. പക്ഷേ, അങ്ങനെയൊരു സാധനമില്ല. എങ്ങനെയാണ് സ്വാഭാവികമായി അഭിനയിക്കുന്നത്? ആക്ടിങ് എന്നു പറയുന്നത് നടിക്കുന്നതാണ്. അത് സ്വാഭാവികമല്ല, നടനമാണ്. സ്വാഭാവികം എന്നൊക്കെ നമ്മള്‍ ആരോപിക്കുന്നതാണ്. കലയില്‍ പൂര്‍ണതയില്ല. പൂര്‍ണത എന്നു പറയുന്നതേ തെറ്റാണ്. ചിലപ്പോള്‍ നായാട്ടിലെ തന്നെ കഥാപാത്രം ഒന്നുകൂടി എടുത്താല്‍ ഞാന്‍ വേറെ വല്ലതുമൊക്കെയായിരിക്കും ചെയ്യുക. ചിലപ്പോള്‍ നന്നാകാം, ചിലപ്പോള്‍ ഇതിനേക്കാള്‍ മോശമാകാം. നമ്മുടെ മാനസികനിലയെ കൂടി ആശ്രയിച്ചിരിക്കും അതെല്ലാം.
10. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകനെ എങ്ങനെ വിലയിരുത്തുന്നു?
മാര്‍ട്ടിന്‍ വളരെ പ്രാക്ടിക്കലാണ്. അമിതമായി അഭിനേതാക്കളുടെ സ്വാതന്ത്ര്യത്തില്‍ കയറി ഇടപെടില്ല. നമുക്ക് ചെയ്യാനുള്ള സ്പേസ് നല്‍കും. ഓരോ സീനിനെ കുറിച്ചും അദ്ദേഹത്തിനു വ്യക്തമായ ബോധ്യമുണ്ട്. എല്ലാം വളരെ കൃത്യമായി നോക്കും. നിര്‍ദേശങ്ങള്‍ നല്‍കേണ്ടിടത്ത് അത് തരും. വേണ്ടാത്ത എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി പറയും. അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ മാര്‍ട്ടിന് പ്രത്യേക കഴിവുണ്ട്. അത് പറയാതിരിക്കാന്‍ പറ്റില്ല. ചെറിയ കഥാപാത്രം ചെയ്യുന്ന ആളെ കുറിച്ച് പോലും അദ്ദേഹത്തിനു കൃത്യമായ രൂപമുണ്ട്. അവസാന നിമിഷം വരെ ആ കഥാപാത്രത്തിനു അനുയോജ്യനായ ആളെ തപ്പിക്കൊണ്ടിരിക്കും. ഏറ്റവും ബെസ്റ്റ് തന്നെ വേണമെന്നാണ് നിലപാട്. ചുമ്മാ ആരെയെങ്കിലുമൊക്കെ കാസ്റ്റ് ചെയ്യില്ല. ഏറ്റവും ചെറിയ വേഷത്തില്‍ എത്തിയ ആളെ എടുത്തുനോക്കിയാല്‍ അത് നമുക്ക് മനസിലാകും.