1971ന് വോയ്സ് ഓവര്‍ നല്‍കാന്‍ സമയമുണ്ടാവില്ലെന്ന് പറഞ്ഞ് മമ്മൂട്ടി വേഗത്തില്‍ നടന്നുപോയി, മോഹന്‍ലാല്‍ അതിനോട് പ്രതികരിച്ചത് ഇങ്ങനെ...

വ്യാഴം, 6 ഏപ്രില്‍ 2017 (19:16 IST)
വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡസിനിമ ‘1971 - ബിയോണ്ട് ബോര്‍ഡേഴ്സ്’. മേജര്‍ രവി സംവിധാനം ചെയ്യുന്ന ഈ വാര്‍ ഫിലിം മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകളൊക്കെ പഴങ്കഥയാക്കുമെന്ന പ്രതീക്ഷയാണ് മോഹന്‍ലാല്‍ ഫാന്‍സിനുള്ളത്. ചിത്രത്തിന്‍റെ നരേഷന്‍ മമ്മൂട്ടിയുടെ ശബ്ദത്തിലാവണമെന്നാണ് മേജര്‍ രവി ആഗ്രഹിച്ചത്.
 
“മമ്മൂക്കാ, ഇങ്ങനെയൊരു സംഭവമുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. 1971നുവേണ്ടി ഒരു വോയ്‌സ് ഓവര്‍ നല്‍കണമെന്ന്. എനിക്ക് സമയമുണ്ടാവില്ലെന്ന് പറഞ്ഞ് വേഗത്തില്‍ അദ്ദേഹം നടന്നുപോയി. പിന്നീട് എന്റെ മുഖം കണ്ട് ലാലേട്ടന്‍ ചോദിച്ചു എന്താണ് വിഷയമെന്ന്. മമ്മൂക്ക ഇങ്ങനെ പ്രതികരിച്ച കാര്യം ഞാന്‍ പറഞ്ഞു. നിങ്ങള്‍ നോക്കിക്കോ, വൈകുന്നേരമാവുമ്പോഴേക്കും മമ്മൂക്ക തിരിച്ചുവിളിച്ചിരിക്കുമെന്ന് ലാലേട്ടന്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതിയാണെന്നും അതില്‍ വിഷമിക്കാനൊന്നുമില്ലെന്നും. അതുപോലെതന്നെ സംഭവിച്ചു. വൈകുന്നേരമായപ്പോള്‍ മമ്മൂക്ക എന്നെ വിളിച്ചു. ചെയ്തുതരാമെന്ന് പറഞ്ഞു. പറഞ്ഞതുപോലെ അദ്ദേഹം വന്ന് ചെയ്തു, ആവശ്യമായ സമയമെടുത്ത് തന്നെ. ചെറുതല്ല, വലിയ വിവരണമാണ് അദ്ദേഹത്തിന് പറയേണ്ടിയിരുന്നത്. 1971 സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാം, മമ്മൂക്കയുടെ ശബ്ദത്തിന്റെ മാസ്മരികത. നേരത്തേ പറഞ്ഞ, സിനിമ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന വികാരങ്ങളൊക്കെ മമ്മൂക്കയുടെ ശബ്ദത്തില്‍ പ്രേക്ഷകര്‍ക്ക് ഫീല്‍ ചെയ്യും” - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ മേജര്‍ രവി വ്യക്തമാക്കി. 
 
“മമ്മൂക്കയുടെയും ലാലേട്ടന്റെയും പേരില്‍ തെറ്റായ വാര്‍ത്തകളൊക്കെ പ്രചരിപ്പിക്കുന്നവര്‍ക്ക് അറിയില്ല, അവര്‍ക്കിടയിലുള്ള ബന്ധമെന്താണെന്നും സൗഹൃദമെന്താണെന്നും” - മേജര്‍ രവി വ്യക്തമാക്കുന്നു. 
 
സുജിത് വാസുദേവിന്‍റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്‍റെ പശ്ചാത്തല സംഗീതവും 1971ലൂടെ ഒരു പുതിയ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. 1971ലെ ഇന്ത്യാ - പാക് യുദ്ധം ഏറ്റവും റിയലിസ്റ്റിക്കായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മേജര്‍ മഹാദേവന്‍, മേജര്‍ സഹദേവന്‍ എന്നീ കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിക്കും. 
 
രാവണപ്രഭുവിലെ അച്ഛന്‍ വേഷത്തിനും പ്രണയത്തിലെ മാത്യൂസിനും ശേഷം മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച പകര്‍ന്നാട്ടങ്ങളിലൊന്നായിരിക്കും 1971ലെ മേജര്‍ സഹദേവന്‍.
 
റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് ആണ് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക