മണിരത്നം ചിത്രം വേണ്ടെന്നുവയ്ക്കാനുള്ള ധൈര്യം കാണിക്കുമോ ഇന്ന് ഇന്ത്യയിലെ ഏതെങ്കിലുമൊരു നടന്‍? ആരെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുക വയ്യ. കാരണം, മണിരത്നത്തിന്‍റെ സിനിമയില്‍ ഒന്നുമുഖം കാണിക്കുകയെങ്കിലും ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്ന സൂപ്പര്‍താരങ്ങള്‍ പോലുമുണ്ട് ഇന്ത്യയിലെ വിവിധഭാഷകളിലുള്ള ചലച്ചിത്ര വ്യവസായത്തില്‍.
എന്നാല്‍ മണിരത്നം സംവിധാനം ചെയ്യുന്ന സിനിമ വേണ്ടെന്നുവയ്ക്കാന്‍ ഒരു നടന്‍ ധൈര്യം കാണിച്ചു. അതും, സിഗരറ്റ് വലിക്കാന്‍ വയ്യ എന്ന ഒറ്റക്കാരണത്താല്‍ !
തമിഴ് നടന്‍ പ്രശാന്ത് ആണ് മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം വേണ്ടെന്നുവച്ചത്. അദ്ദേഹത്തിന്‍റെ അഭിനയജീവിതത്തിന്‍റെ തുടക്കകാലത്തായിരുന്നു അത്.
“ഞാന്‍ വളരെക്കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ചുനില്‍ക്കുന്ന സമയത്താണ് മണി സാറിന്‍റെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്‍റെ പുതിയ സിനിമയിലേക്കുള്ള സ്ക്രീന്‍ ടെസ്റ്റിനുള്ള കോള്‍ വരുന്നത്. ഏഴുമണിക്കാണ് ഓഡിഷന്‍ വച്ചിരുന്നത്. ഞാന്‍ ആറേമുക്കാലിനേ എത്തി. ഓഫീസിന്‍റെ കോര്‍ണറില്‍ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. വന്ന് അഞ്ചുമിനിറ്റ് കഴിഞ്ഞ് ഞാന്‍ അയാളുടെ അടുത്തെത്തി. എനിക്ക് ഒമ്പതുമണിക്ക് ഷൂട്ടിംഗ് ഉണ്ടെന്നും ഓഡിഷന്‍ തുടങ്ങാന്‍ സംവിധായകനോട് പറയാമോ എന്നും ഞാന്‍ അയാളോട് ചോദിച്ചു. ഉടന്‍ തന്നെ അയാള്‍ ഉച്ചത്തില്‍ ആരുടെയോ പേരുവിളിച്ച് സ്ക്രീന്‍ ടെസ്റ്റ് തുടങ്ങാന്‍ തയ്യാറെടുപ്പ് നടത്താന്‍ പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത്, ഞാന്‍ സംസാരിച്ചത് സാക്ഷാല്‍ മണിരത്നത്തോടാണെന്ന് !” - പ്രശാന്ത് പറയുന്നു.
“സ്ക്രീന്‍ ടെസ്റ്റ് സമയത്ത് എനിക്കൊരു സിഗരറ്റ് തന്നിട്ട് വലിക്കാന്‍ മണി സാര്‍ പറഞ്ഞു. ഞാന്‍ സിഗരറ്റ് വലിക്കില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് തരാന്‍ ഉദ്ദേശിക്കുന്ന കഥാപാത്രം തുടര്‍ച്ചയായി സിഗരറ്റ് വലിക്കുന്നയാളാണെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ ആ കഥാപാത്രത്തെ എനിക്ക് വേണ്ട എന്നായിരുന്നു എന്‍റെ മറുപടി” - പ്രശാന്ത് വ്യക്തമാക്കുന്നു.
പിന്നീട്, മണിരത്നത്തിന്‍റെ ‘തിരുടാ തിരുടാ’യില്‍ പ്രശാന്ത് നായകനായി.