മമ്മൂട്ടിക്ക് കഥ ഏറെ ഇഷ്ടപ്പെട്ടു, പക്ഷേ പ്രേക്ഷകര്‍ക്കിഷ്ടമായില്ല!

വെള്ളി, 9 ഡിസം‌ബര്‍ 2016 (15:30 IST)
‘മറുപടി’ എന്ന ഫാമിലി ത്രില്ലറുമായി ഒരിടവേളയ്ക്ക് ശേഷം എത്തുകയാണ് സംവിധായകന്‍ വി എം വിനു. റഹ്‌മാനും ഭാമയും ജോഡിയാകുന്ന സിനിമ ഒരു കുടുംബത്തിന്‍റെ അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്. മമ്മൂട്ടി നായകനായ ‘ഫേസ് ടു ഫേസ്’ ആയിരുന്നു വി എം വിനു ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. ആ സിനിമ ദയനീയ പരാജയമായിരുന്നു. 
 
“നമ്മുടെ വര്‍ത്തമാനകാലത്തെ സംഭവവുമായി ബന്ധപ്പെട്ട കഥയായിരുന്നു ഇത്. നാല് ചെറുപ്പക്കാരാല്‍ റേപ് ചെയ്യപ്പെട്ട പെണ്‍കുട്ടി. അതിനിടയിലെത്തുന്ന പൊലീസ് ഓഫീസര്‍. മമ്മൂട്ടിക്കും കഥ ഇഷ്ടമായതുകൊണ്ടാണ് അഭിനയിച്ചത്. എന്നാല്‍ ഈ വിഷയം മലയാളികള്‍ക്ക് സ്വീകരിക്കാന്‍ പറ്റിയില്ല. സ്ക്രിപ്റ്റില്‍ വന്ന പോരായ്മയും ബാധിച്ചു” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിനു പറയുന്നു.
 
“വിജയമാണ് നമ്മളെ അടുത്ത ചിത്രത്തിലേക്ക് നയിക്കുന്നത്. ചിലര്‍ പറയും വിജയവും പരാജയവുമൊന്നും എന്നെ ബാധിക്കില്ലെന്ന്. പക്ഷേ, ഞാന്‍ അങ്ങനെയല്ല, സിനിമയുടെ വിജയമാണ് എന്നെ പ്രചോദിപ്പിക്കുന്നത്. വിജയത്തില്‍ സന്തോഷിക്കുകയും പരാജയത്തില്‍ ഡൗണായിപ്പോകുകയും ചെയ്യുന്നയാളാണ് ഞാന്‍” - ബാലേട്ടന്‍, വേഷം, യെസ് യുവര്‍ ഓണര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച വി എം വിനു പറയുന്നു.

വെബ്ദുനിയ വായിക്കുക