മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ജോഷി സംവിധാനം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രം ട്വന്‍റി20. മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച സിനിമ താരസംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു.
“ആരും ഏറ്റെടുക്കാതിരുന്നപ്പോഴാണ് ഞാന്‍ ആ ദൌത്യം ഏറ്റെടുത്തത്. പ്രിയന്‍ സാര്‍ എന്നോടുപറഞ്ഞു “ഇന്നസെന്‍റ് എന്നുപറയുന്ന ഒരാള്‍ അവിടെയുള്ളതുകൊണ്ട് നിനക്ക് ധൈര്യമായിട്ട് ആ ദൌത്യം ഏറ്റെടുക്കാം. അത് പൂര്‍ത്തീകരിക്കാന്‍ അയാളുണ്ടാവും. വേറെ ആരെയും നീ നോക്കണ്ട.” ജോഷി സാറാണ് സംവിധായകന്‍ എന്ന ധൈര്യവും കൂട്ടുണ്ടായിരുന്നു” - ഗൃഹലക്‍ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് പറയുന്നു.
"ഞാന്‍ അത് ഏറ്റെടുത്തതോടുകൂടി ലോഹിസാറിനൊക്കെ ഭയങ്കര ടെന്‍ഷനായിരുന്നു. ലാലുവിന്‍റെ ഉറക്കം പോയി. ആള് വഴിപാട്, പള്ളീല് പോക്ക്... ഒമ്പതുമാസം കൊണ്ടാണ് ആ സിനിമ പൂര്‍ത്തീകരിച്ചത്. 28 ഷെഡ്യൂള്‍. ചെലവ് അന്നത്തെ ആറുകോടി. ദൈവാനുഗ്രഹം കൊണ്ട് കഷ്ടപ്പാടിന് ഫലം കിട്ടി. എന്‍റെ സമ്പാദ്യം മുഴുവന്‍ എടുത്തിട്ടാണ് അത് ചെയ്തത്. വിജയിച്ചിരുന്നില്ലെങ്കില്‍ എല്ലാം ഞാന്‍ ഒന്നേന്ന് തുടങ്ങേണ്ടിവന്നേനേ. ഇനി അങ്ങനെയൊരു സിനിമ ഉണ്ടാകുമോ എന്ന് പറയാനാവില്ല” - ദിലീപ് പറയുന്നു.
ഉദയ്കൃഷ്ണ - സിബി കെ തോമസ് തിരക്കഥയെഴുതിയ ട്വന്‍റി20യുടെ ഗ്രോസ് കളക്ഷന്‍ 33 കോടിക്ക് മുകളിലാണ്.