പൃഥ്വി ഇനി പറയും “കല്യാണ്‍ സാരി വാങ്ങൂ, സമ്മാനം നേടൂ”

Webdunia
PRO
മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് ഇവര്‍ക്കു പിന്നാലെ ബിഗ്സ്റ്റാര്‍ പൃഥ്വിരാജും കേരളത്തിലെ ഒരു സ്ഥാപനത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറായി. കല്യാണ്‍ സില്‍ക്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറായാണ് പൃഥ്വി കരാറിലൊപ്പിട്ടത്. ഇതിന് എത്രയാണ് പൃഥ്വി പ്രതിഫലം കൈപ്പറ്റിയതെന്ന് അറിവായിട്ടില്ല.

കല്യാണ്‍ സില്‍‌ക്സിന്‍റെ പുതിയ ലോഗോ പ്രകാശനത്തിന്‍റെ വേദിയിലാണ് പൃഥ്വിരാജാണ് സ്ഥാപനത്തിന്‍റെ പുതിയ ബ്രാന്‍ഡ് അംബാസിഡറെന്ന് പ്രഖ്യാപിക്കപ്പെട്ടത്. പാരമ്പര്യവും മൂല്യവും തങ്ങളുടെ ഉല്‍പ്പന്നങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന കല്യാണ്‍ സില്‍ക്സിന്‍റെ പ്രവര്‍ത്തന ശൈലിയാണ് തന്നെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ പ്രേരിപ്പിച്ചതെന്ന് പൃഥ്വിരാജ് പറഞ്ഞു.

തങ്ങളുടെ ഷോറൂമുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും യു എ ഇ ഉള്‍പ്പടെ വിദേശങ്ങളില്‍ കൂടുതല്‍ ഷോപ്പുകള്‍ തുറക്കാനും കല്യാണ്‍ സില്‍ക്സ് ഉടമ ടി എസ് പട്ടാഭിരാമന്‍ ലക്‍ഷ്യമിടുന്നുണ്ട്. ഇതിന്‍റെ ആദ്യപടിയായാണ് പൃഥ്വിരാജിനെ അംബാസിഡറാക്കിയത്.

അതേസമയം, സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കര്‍ക്കശക്കാരനായ പൃഥ്വി ഒരു ഹിന്ദി ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പൃഥ്വിരാജ് നായകനാകുന്നത്. റാണി മുഖര്‍ജിയാണ് നായിക. ഈ സിനിമ ‘സുബ്രഹ്മണ്യപുരം’ എന തമിഴ് ഹിറ്റിന്‍റെ റീമേക്കാണെന്ന് സൂചനയുണ്ട്.