പൃഥ്വിയുടെ സ്വപ്നങ്ങള്‍ വില്‍ക്കാനുണ്ട്!

Webdunia
വെള്ളി, 8 ജനുവരി 2010 (14:38 IST)
PRO
ഒരു മലയാള ചിത്രം ആദ്യമായി റീമേക്ക് ചെയ്യപ്പെട്ടത് 2009ലാണ്. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ജനിച്ച ‘നീലത്താമര’യാണ് ലാല്‍ ജോസ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ചിത്രം ഹിറ്റായി മാറിയതോടെ മലയാളത്തിലെ പഴയ ചില ഹിറ്റ് ചിത്രങ്ങള്‍ റീമേക്ക് ചെയ്യാനുള്ള ആലോചനയിലാണ് സിനിമാ പ്രവര്‍ത്തകര്‍. ഇപ്പോഴിതാ, എം ടിയുടെ തന്നെ മറ്റൊരു ചിത്രം റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

യുവ സൂപ്പര്‍താരം പൃഥ്വിരാജിന്‍റെ ഭാഗത്തു നിന്നാണ് ഈ നീക്കം. എം ടിയുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത് പൃഥ്വിയുടെ പിതാവ് സുകുമാരന്‍ നായകനായി അഭിനയിച്ച ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രമാണ് പൃഥ്വിരാജ് റീമേക്ക് ചെയ്യുന്നത്.

“അച്ഛന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍. ഈ ചിത്രത്തിലെ അഭിനയമാണ് അച്ഛന്‍റെ ഏറ്റവും മികച്ച പ്രകടനമായി ഞാന്‍ വിലയിരുത്തുന്നത്. ഇതിലെ അച്ഛന്‍റെ കഥാപാത്രത്തിന്‍റെ ചില ഭാവങ്ങള്‍ വാസ്തവം എന്ന ചിത്രത്തില്‍ ഞാന്‍ പ്രയോഗിച്ചിട്ടുണ്ട്. മറുനാടന്‍ മലയാളിയുടെ ജീവിതപ്രശ്നങ്ങള്‍ ആദ്യമായി ചര്‍ച്ച ചെയ്ത മലയാള ചിത്രമായിരുന്നു വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍. അച്ഛന്‍റെ ഒരു സിനിമ റീമേക്ക് ചെയ്യുന്നു എങ്കില്‍ അത് വില്‍ക്കാനുണ്ട് സ്വപ്നങ്ങളായിരിക്കും. ഇക്കാര്യം ഞാന്‍ എം ടി സാറിനോട് സംസാരിക്കാനിരിക്കുകയാണ്” - പൃഥ്വിരാജ് പറഞ്ഞു.

1980 മേയ് 16ന് റിലീസായ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ അക്കാലത്ത് മികച്ച വിജയം നേടിയ ചിത്രമാണ്. സുകുമാരനെക്കൂടാതെ സുധീര്‍, നെല്ലിക്കോട് ഭാസ്കരന്‍, ബഹദൂര്‍, ശ്രീനിവാസന്‍, ശ്രീവിദ്യ, ജലജ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മാധവന്‍കുട്ടി എന്നൊരു കഥാപാത്രത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.