പഴശ്ശിരാജ നല്‍കിയ വേദന എന്നുമുണ്ടാകും: സുരേഷ്ഗോപി

ശനി, 31 ജൂലൈ 2010 (19:42 IST)
PRO
‘പഴശ്ശിരാജ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതിന്‍റെ വേദന തന്‍റെ അന്ത്യം വരെ ഒപ്പമുണ്ടാകുമെന്ന് നടന്‍ സുരേഷ്ഗോപി. ‘വനിത’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്ഗോപി ഇക്കാര്യം വ്യക്തമാക്കുന്നത്. മറ്റു വഴികള്‍ ഇല്ലാത്തതിനാലാണ് ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്നും സുരേഷ്ഗോപി പറഞ്ഞു.

“നാളെയാണ് പഴശ്ശിരാജയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത് എങ്കില്‍ പോലും ഞാന്‍ അതില്‍ അഭിനയിക്കില്ല. മരിച്ചുപോയ എന്‍റെ അച്ഛന്‍ വന്നു പറഞ്ഞാലും എനിക്ക് അതിന് കഴിയില്ല. അതെന്‍റെ നിശ്ചയമാണ്. ഞാന്‍ അത്രയ്ക്ക് വേദനിച്ചു. എന്നാല്‍, പഴശ്ശിരാജയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതിന്‍റെ ദു:ഖം എന്‍റെ അന്ത്യം വരെയുണ്ടാകും. എനിക്ക് വേറെ വഴിയില്ലായിരുന്നു.” - സുരേഷ്ഗോപി പറയുന്നു.

“ഹരിഹരന്‍ സാറിന്‍റെയും എം ടി സാറിന്‍റെയും അഭ്യര്‍ത്ഥനയെ ഞാന്‍ നിഷേധിച്ചു. ആ കുറ്റം മരണം വരെ എന്‍റെ തലയിലുണ്ടാകും. അവ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്.” - സുരേഷ് വ്യക്തമാക്കി.

പഴശ്ശിരാജയില്‍ അഭിനയിക്കാതിരിക്കാന്‍ കാരണക്കാരന്‍ ആരാണെന്നുള്ള ചോദ്യത്തിന് സുരേഷ്ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു - “അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കാരണം, എനിക്ക് ഇപ്പോഴും ആ ആളിനോട് സ്നേഹമോ പ്രണയമോ ഒക്കെയുണ്ട്. ആ ആളിനെ വേദനിപ്പിക്കാന്‍ എനിക്കിഷ്ടമില്ല.”

വെബ്ദുനിയ വായിക്കുക