നിവിന്‍ പോളി ഗൌരവമായി സിനിമയെ കാണുന്നു: പൃഥ്വിരാജ്

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2015 (14:35 IST)
സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയെ വാനോളം പ്രശംസിച്ച് ബിഗ് സ്റ്റാര്‍ പൃഥ്വിരാജ്. വളരെ ഗൌരവത്തോടെ സിനിമയെ സമീപിക്കുന്നയാളാണ് നിവിന്‍ പോളിയെന്ന് പൃഥ്വി പറയുന്നു. വളരെ ആലോചിച്ചാണ് അയാള്‍ ഓരോ പ്രൊജക്ടും സ്വീകരിക്കുന്നതെന്നും പൃഥ്വി നിരീക്ഷിക്കുന്നു.
 
“നിവിന്‍റെ സിനിമകളെല്ലാം ഓടുന്നുണ്ട്. അയാള്‍ വളരെ സീരിയസായി സിനിമയെ സമീപിക്കുന്നയാളാണ്. ചെയ്യുന്ന ഓരോ സിനിമയും വളരെ സമയമെടുത്ത് ഡീറ്റയിലിംഗില്‍ ശ്രദ്ധിച്ചൊക്കെയാണ് ചെയ്യുന്നത്. ഓരോ പ്രൊജക്ടിനെക്കുറിച്ചും വളരെ ആലോചിച്ച്... അങ്ങനെ വേണം” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.
 
ഒരു സമയത്ത് പൃഥ്വിരാജ് തനിക്ക് വിലപ്പെട്ട ഉപദേശം തന്നിരുന്നതായി നിവിന്‍ പോളി നേരത്തേ പറഞ്ഞിരുന്നു. വിജയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും തുടര്‍ച്ചയായി വിജയങ്ങള്‍ വരുമ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഭയക്കുമെന്നും ആ ഭയത്തിന്‍റെ അടിമയാകരുതെന്നുമായിരുന്നു പൃഥ്വിയുടെ ഉപദേശം.
 
അടുത്ത പേജില്‍ - ഞാന്‍ പറഞ്ഞതല്ല, പൃഥ്വി പറഞ്ഞതാണ് ‘തിര്വന്തോരം’ ഭാഷ: മമ്മൂട്ടി

രാജമാണിക്യത്തില്‍ താന്‍ പറഞ്ഞതല്ല, സെല്ലുലോയ്ഡില്‍ പൃഥ്വിരാജ് പറഞ്ഞതാണ് യഥാര്‍ത്ഥ ‘തിര്വന്തോരം’ ഭാഷയെന്ന് മമ്മൂട്ടി. ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ മമ്മൂട്ടി ഇങ്ങനെ പറഞ്ഞു എന്ന് പൃഥ്വിരാജ് തന്നെയാണ് വ്യക്തമാക്കിയത്.
 
“വളരെ അപൂര്‍വമായെങ്കിലും സീനിയേഴ്സില്‍ നിന്ന് എനിക്കും ചില നല്ല വാക്കുകള്‍ കിട്ടിയിട്ടുണ്ട്. ഒരു അവാര്‍ഡ് ദാന വേദിയില്‍ വച്ച് മമ്മൂക്ക പറഞ്ഞു, രാജമാണിക്യത്തില്‍ ഞാന്‍ പറഞ്ഞതല്ല തിരുവനന്തപുരം ഭാഷ. സെല്ലുലോയ്ഡില്‍ ഇവന്‍ പറയുന്നതാണ് എന്ന്. ഞാന്‍ വളരെ ബഹുമാനത്തോടെ അനലൈസ് ചെയ്യുന്ന ഒരു നടനാണ് പറയുന്നത്. തരിച്ചുനിന്നുപോയി” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.