നടന്‍ രഞ്‌ജിത്ത്‌ സംസാരിക്കുന്നു

PROPRO
വെള്ളിത്തിരക്ക്‌ പിന്നിലിരുന്ന്‌ സൂപ്പര്‍താരങ്ങളെ സൃഷ്ടിച്ച ചലച്ചിത്രകാരന്‍ കാമറക്ക്‌ മുന്നില്‍ വരുമ്പോള്‍ എന്ത്‌ സംഭവിക്കും. രഞ്‌ജിത്ത്‌ അഭിനയരംഗത്ത്‌ എത്തുന്നത്‌ സൂപ്പര്‍ താരങ്ങള്‍ക്ക്‌ ഭീഷണി അല്ലെന്ന്‌ പറയാനാകില്ലെന്നാണ്‌ സംവിധായകന്‍ ജയരാജിന്‍റെ നിലപാട്‌.

‘ഗുല്‍മോഹറി’ലൂടെ അഭിനേതാവാകുന്ന രഞ്‌ജിത്തിന്‍റെ കരിയര്‍ രൂപപ്പെടുത്തിയത് സൂഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധങ്ങളാണ്‌. തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയില്‍ നിന്നും നാടകം പഠിച്ച രഞ്‌ജിത്ത്‌ സിനിമയില്‍ എത്തിയത്‌ സുഹൃത്തുക്കളുടെ നിര്‍ബന്ധമാണ്‌. തിരക്കഥാകൃത്തായി നടന്നയാളെ സംവിധായകനാക്കിയും ഇപ്പോള്‍ അഭിനേതാവാക്കിയതും ചുറ്റും നിന്ന സുഹൃത്തുക്കളുടെ നിര്‍ബന്ധമാണ്‌.

? നാടകത്തില്‍ നിന്ന്‌ എങ്ങനെയാണ്‌ സിനിമയില്‍ വന്നത്‌

എന്‍റെ അടുത്ത സൂഹൃത്തായിരുന്ന അലക്‌സ്‌ കടവില്‍ ആണ്‌ അതിന്‌ പിന്നില്‍. അഭിനയിക്കാന്‍ അവസരം തേടി സംവിധായകന്‍ ഭരതനെ കാണാന്‍ നിര്‍ബന്ധിച്ചത്‌ അലക്‌സ്‌ ആയിരുന്നു.

? ഭരതന്‍റെ പ്രതികരണം എന്തായിരുന്നു

അഭിനയമോഹം അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല, അഭിനയിക്കാന്‍ ഒരു വേഷമാണ്‌ വേണ്ടതെങ്കില്‍ എപ്പോഴായാലും ഒരു വേഷം തരാമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌, എന്‍റെ മനസ്‌ നിറയെ അപ്പോള്‍ സിനിമയായിരുന്നു അതുകൊണ്ട്‌ അഭിനയം നടന്നില്ല.

PROPRO
? ഇപ്പോള്‍ ഗുല്‍മോഹറിലെ ഇന്ദുചൂഡന്‍ ആയത്‌ എങ്ങനെ

ജയരാജ്‌ സുരേഷ്‌ ഗോപിയെ വച്ച്‌ സിനിമ ചെയ്യാനാണ്‌ ഉദ്ദേശിച്ചത്‌. ചിലകാരണങ്ങള്‍കൊണ്ട്‌ അദ്ദേഹത്തിന്‌ എത്താന്‍ പറ്റിയില്ല. പകരം ആരെ വേണെന്ന്‌ ആലോചിക്കാനാണ്‌ എന്നെ വിളിച്ചത്‌, അപ്പോള്‍ ജയന്‍റെ മനസില്‍ ഞാന്‍ ആയിരുന്നു.

? സ്‌കൂള്‍ ഓഫ്‌ ഡ്രാമയിലെ അനുഭവം പാഠമായി അല്ലേ

നാടകത്തില്‍ ഇത്‌ ശീലമാണ്‌. ഒരാള്‍ വന്നില്ലെങ്കില്‍ പകരം വേറൊരാള്‍ അഭിനയിക്കും. അഭിനയത്തില്‍ ഉളള മുന്‍ പരിചയവും സഹായമായി. പിന്നെ ജയനില്‍ എനിക്ക്‌ പൂര്‍ണ്ണ വിശ്വാസമുണ്ട്‌. കഥാപാത്രങ്ങളെ എങ്ങനെ നന്നാക്കണമെന്ന്‌ ജയന്‌ അറിയാം.

?നാടകത്തിലെ അഭിനയത്തെ കുറിച്ച്‌

നാടകത്തില്‍ ചിലപ്പോള്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളു. പിന്നണി പ്രവര്‍ത്തനങ്ങളായിരുന്നു അധികവും. എഡ്വേഡ്‌ ബോണ്ടിന്‍റെ നാടകം മലയാളത്തിലാക്കിയപ്പോള്‍ ഞാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇബ്‌സന്‍റെ ‘ഗോസ്‌റ്റ്‌’ അവതരിപ്പിച്ചപ്പോഴും അഭിനയിച്ചിരുന്നു.

? നാടകം പഠിച്ചിട്ട്‌ മുഖ്യധാര സിനിമാക്കാരനായപ്പോള്‍ എന്തു തോന്നുന്നു

മുഖ്യധാര സിനിമ എന്നത്‌ ക്രിയാത്മകതയെ നശിപ്പിക്കുന്ന ഒന്നായിട്ടാണ്‌ ഞാന്‍ കരുതിയിരുന്നത്‌. നാടകമായിരുന്നു എനിക്ക്‌ ഇഷ്ടപ്പെട്ട മേഖല. എന്നാല്‍ ഇവിടെ എത്തിയപ്പോഴാണ്‌ മനസിലാകുന്നത്‌. മുഖ്യധാര സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ എത്ര ബുദ്ധിമുട്ടാണെന്ന്‌.