മലയാള സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന് ഇന്ന് സ്വന്തമായ ഒരിടമുണ്ട്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തില്‍ നാം കണ്ട ദുല്‍ക്കറല്ല ഇന്നത്തെ ദുല്‍ക്കര്‍. ഒരു നടന്‍ എന്ന നിലയിലും ഒരു താരം എന്ന നിലയിലും വലിയ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ ‘ചാര്‍ലി’ ബോക്സോഫീസില്‍ നിന്ന് കോടികളാണ് ലാഭം നേടിയത്.
ദുല്‍ക്കര്‍ സല്‍മാന്‍ മത്സരിക്കുന്നത് ഫഹദ് ഫാസിലിനോടും നിവിന്‍ പോളിയോടും പൃഥ്വിരാജിനോടുമാണ്. എന്നാല്‍ ഈ മത്സരം ഇവര്‍ക്കിടയിലുള്ള നല്ല ബന്ധത്തെ ഇല്ലാതാക്കുന്നില്ല. പരസ്പരബഹുമാനത്തോടെയും സ്നേഹത്തോടെയുമുള്ള മത്സരം മാത്രമാണ് ഇവര്‍ക്കിടയിലുള്ളത്. ഇത് തെളിയിക്കുന്ന ഒരു സംഭവമുണ്ടായി. പുതിയ തരംഗമായ സ്വഭാവനടന്‍ അലന്‍സിയര്‍ സൌത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കുക.
“ഞാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ദുല്‍ഖറിന്റെ കൂടെയാണ്. രാജീവ് രവിയുടെ സിനിമയില്‍. മഹേഷിന്റെ പ്രതികാരത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ ഫഹദിനോട് ചോദിച്ചു. എങ്ങനെയാണ് ദുല്‍ഖര്‍ എന്ന്. കൂടെനിന്ന് അഭിനയിക്കുന്ന ഒരാള്‍ വേറൊരു രീതിയിലാണ് ഇടപെടുന്നതെങ്കില്‍ എനിക്കത് ഒട്ടും പറ്റില്ല. നമ്മുടെ പ്രകടനത്തെത്തന്നെ അത് മോശമായി ബാധിക്കും. റിസല്‍ട്ട് ഉണ്ടാക്കാന്‍ പറ്റില്ല. ഇതൊക്കെ ഞാന്‍ ഫഹദിനോടും പറഞ്ഞു. അപ്പോള്‍ ഫഹദ് പറഞ്ഞത്, ചേട്ടാ ഒട്ടും പേടിക്കണ്ട, ഭയങ്കര ഫ്രീ ആയിട്ടുള്ള കക്ഷിയാണ്. ഭയങ്കര ഫ്രണ്ട്‌ലിയാണ്, സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ആളാണ് എന്നൊക്കെയാണ്. ചേട്ടനൊക്ക പറ്റിയ കക്ഷിയാണെന്നും പറഞ്ഞു. രാജീവിന്റെ സെറ്റില്‍വച്ച് ദുല്‍ഖറിനെ കണ്ടപ്പോള്‍ ഫഹദ് പറഞ്ഞത് സത്യമാണെന്ന് മനസിലായി. പുള്ളി കഥാപാത്രമാവാന്‍വേണ്ടി തയ്യാറെടുക്കുന്ന ഒരു സമയമുണ്ട്. അല്ലാതെയുള്ളപ്പോള്‍ നമ്മുടെയൊക്കെക്കൂടെത്തന്നെ, വര്‍ത്തമാനം പറച്ചിലും ഇടപെടലും ഒക്കെയായി. താരജാടയൊന്നുമില്ലാതെ വലിയ സൗഹാര്‍ദത്തിലാണ് പെരുമാറ്റം” - അലന്‍സിയര്‍ പറയുന്നു.
പരസ്പരം പാരവച്ചും മറ്റുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കിയും സ്വന്തം നേട്ടത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന താരങ്ങളല്ല യുവനിരയില്‍ ഉള്ളതെന്ന് വീണ്ടും വീണ്ടും വ്യക്തമാക്കുന്നതാണ് അലന്‍സിയറിന്‍റെ അഭിമുഖത്തിലെ ഈ ഭാഗം.