ധ്യാന്‍ ശ്രീനിവാസനെ ‘തിര’ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ ആദ്യമായി കണ്ടത്. എന്നാല്‍ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുപോയത് ‘കുഞ്ഞിരാമായണം’ മുതല്‍ക്കാണ്. സഹോദരന്‍ വിനീത് ശ്രീനിവാസനെപ്പോലെ ധ്യാനും സംവിധായകനാകാന്‍ ഒരുങ്ങുകയാണ്.
തലശ്ശേരി പശ്ചാത്തലമാക്കിയാണ് ധ്യാന്‍ തന്‍റെ ആദ്യചിത്രം സംവിധാനം ചെയ്യുന്നത്. “ഒരു കൊമേഴ്സ്യല്‍ സിനിമയാണ് ഞാന്‍ സംവിധാനം ചെയ്യുന്നത്. തലശ്ശേരിയുടെ കഥയാണ് ചിത്രം പറയുന്നത്. തലശ്ശേരി ക്രിക്കറ്റിനും കേക്കിനും സര്‍ക്കസിനും പേരുകേട്ട സ്ഥലമാണ്. അതിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആഘോഷചിത്രം ഒരുക്കാനാണ് പ്ലാന്‍. സ്ക്രിപ്ട് പകുതി തീര്‍ന്നുകഴിഞ്ഞു. താരനിര്‍ണയം നടന്നിട്ടില്ല. സിനിമ അടുത്ത വര്‍ഷം പ്രതീക്ഷിക്കാം” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ധ്യാന്‍ വെളിപ്പെടുത്തി.
“ഒരു സ്പൂഫ് സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചിറകൊടിഞ്ഞ കിനാവുകള്‍ വന്നതോടെ അത് ഉപേക്ഷിച്ചു. ഇനി അതിന് സാധ്യതയില്ല എന്നുതോന്നി. തമിഴ് സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൂടുതലും തമിഴ് സിനിമകളാണ് കണ്ടിരുന്നത്. എനിക്ക് മലയാളത്തേക്കാള്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നത് തമിഴാണ്” - ധ്യാന്‍ പറയുന്നു.