കഥയോ തിരക്കഥയോ വേണ്ട, ഡേറ്റ് വേണമെന്ന് ഒരാള്‍ പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കും: നിവിന്‍ പോളി

വ്യാഴം, 27 ഓഗസ്റ്റ് 2015 (17:15 IST)
മലയാള സിനിമ മുഴുവന്‍ ഇന്ന് നിവിന്‍ പോളി എന്ന താരത്തിനുപിറകേയാണ്. നിവിന്‍റെ ഡേറ്റുകിട്ടാന്‍ വേണ്ടി സംവിധായകരും നിര്‍മ്മാതാക്കളും ക്യൂ നില്‍ക്കുന്നു. നിവിനെ നായകനാക്കി അടുത്ത ഒരു വര്‍ഷത്തേക്കുള്ള സിനിമകള്‍, പൂര്‍ണമായ തിരക്കഥ ഉള്‍പ്പടെ, റെഡിയായിക്കഴിഞ്ഞു. നിവിന്‍റെ ഡേറ്റ് കിട്ടിയാല്‍ എത്ര കോടികള്‍ വേണമെങ്കിലും മുടക്കാന്‍ തയ്യാറായി നില്‍ക്കുന്ന നിര്‍മ്മാതാക്കള്‍ അനവധി.
 
കഥയും തിരക്കഥയും കഥാപാത്രവും സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമെല്ലാം ഒരു പ്രൊജക്ട് തെരഞ്ഞെടുക്കുന്നതില്‍ നിവിന്‍ പോളി മാനദണ്ഡമാക്കുന്നു. വളരെ ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും മനസിലാക്കിയാണ് നിവിന്‍ ഡേറ്റ് നല്‍കുന്നത്. സൂപ്പര്‍താരമാണെങ്കിലും ഏറെ ശ്രദ്ധയോടെ വേണം തന്‍റെ ചുവടുകള്‍ എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
 
എന്നാല്‍ കഥയോ തിരക്കഥയോ ഇല്ലാതെ ഒരാള്‍ വന്ന് ഡേറ്റ് ചോദിച്ചാല്‍ മാത്രം നിവിന്‍ ഡേറ്റ് നല്‍കും. അത് ആരാണെന്നാണോ? നിവിന്‍ പോളിയുടെ തന്നെ വാക്കുകള്‍ കേട്ടുനോക്കൂ:
 
“കഥയോ തിരക്കഥയോ ഇല്ലാതെ വന്ന് ഡേറ്റ് ചോദിച്ചാല്‍ ഒരാളോട് മാത്രമേ ഞാന്‍ സമ്മതിക്കൂ. അത് അല്‍‌ഫോണ്‍സ് പുത്രനാണ്. നമുക്കൊരു സിനിമ ചെയ്യാം എന്നേ എന്നോട് അവന്‍ പറയേണ്ടതുള്ളൂ. ഞാന്‍ കേട്ട എല്ലാ കഥകളും ഞാന്‍ ഡിസ്കസ് ചെയ്തിട്ടുള്ളത് അല്‍‌ഫോണ്‍സിനോടാണ്. ഞങ്ങളെന്നേ ഒന്നിച്ചുകണ്ട സ്വപ്നമാണ് സിനിമ. അല്‍ഫോണ്‍സിന്‍റെ സിനിമകള്‍ എനിക്കറിയാം. അതാകുമല്ലോ ആ സിനിമകളും” - മലയാള മനോരമയുടെ വാര്‍ഷികപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി പറയുന്നു.
 
അടുത്ത പേജില്‍: എന്‍റെ റോള്‍ മോഡല്‍ ധനുഷ്: നിവിന്‍ പോളി
നിവിന്‍ പോളി നായകനായ ‘പ്രേമം’ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആ ചിത്രത്തില്‍ നിവിന്‍ അവതരിപ്പിച്ച ജോര്‍ജ്ജ് എന്ന കഥാപാത്രത്തെ അനുകരിച്ച് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ എത്തിയ സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറെ വിവാദങ്ങള്‍ വരെ അതിന്‍റെ പേരില്‍ ഉണ്ടായി. യുവാക്കള്‍ ഇത്രയേറെ അനുകരിച്ച മറ്റൊരു കഥാപാത്രം സിനിമാചരിത്രത്തില്‍ തന്നെ അധികമില്ല.
 
തമിഴിലേക്ക് ഈ സിനിമ റീമേക്ക് ചെയ്യുമ്പോള്‍ ആര് നായകനാകും എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എങ്കിലും ധനുഷിന്‍റെ പേരാണ് കൂടുതല്‍ പറഞ്ഞുകേള്‍ക്കുന്നത്. ജോര്‍ജ്ജ് എന്ന കഥാപാത്രത്തിന്‍റെ മൂന്ന് ജീവിത കാലഘട്ടങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ അഭിനയശേഷികൊണ്ടും ശരീരത്തിന്‍റെ പ്രത്യേകത കൊണ്ടും ധനുഷിന് മാത്രമേ കഴിയൂ എന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍.
 
എങ്കില്‍ ഒരു കാര്യം അറിയുമോ? ധനുഷ് ആണ് നിവിന്‍ പോളിയുടെ റോള്‍ മോഡല്‍. “നേരം കണ്ടു എന്നുപറഞ്ഞ് എന്നെ ധനുഷ് അഭിനന്ദിച്ചു. അതല്ലേ വലിയ സന്തോഷം? റോളുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ധനുഷാണ് എന്‍റെ റോള്‍ മോഡല്‍. അദ്ദേഹത്തില്‍ നിന്ന് നല്ലതുകേട്ടപ്പോള്‍ വലിയ സന്തോഷമായി” - മലയാള മനോരമ വാര്‍ഷികപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി വ്യക്തമാക്കുന്നു.
 
അടുത്ത പേജില്‍ - സിക്സ് പായ്ക്കുണ്ടെന്നുകരുതി ആക്ഷന്‍ ചെയ്താല്‍ പണിപാളും: നിവിന്‍ പോളി
നിവിന്‍ പോളി പൂര്‍ണമായും ഒരു ആക്ഷന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ഇതുവരെ ആക്ഷന്‍ ചിത്രത്തില്‍ നായകനാകാനുള്ള ക്ഷണം ലഭിക്കാതെയല്ല. എന്നാല്‍ വളരെ ശ്രദ്ധയോടെയാണ് അക്കാര്യത്തില്‍ നിവിന്‍ തീരുമാനമെടുത്തത്.
 
“ഡോണാകാനും പൊലീസ് വേഷം ചെയ്യാനും ആക്ഷനിലേക്ക് പ്രവേശിക്കാനുമുള്ള ഓഫറുകള്‍ തുടക്കത്തില്‍ തന്നെ എന്‍റെ മുന്നിലെത്തിയിരുന്നു. പക്ഷേ ഞാന്‍ അത് എടുത്തുചാടി സ്വീകരിക്കാതിരുന്നത് നന്നായി. ജനങ്ങളില്‍ സ്വീകാര്യതയുണ്ടാക്കിയതിനുശേഷം മാത്രമേ ആക്ഷന്‍ ചെയ്യാവൂ. സിക്സ് പായ്ക്കുണ്ടെന്നുകരുതി ആക്ഷന്‍ ചെയ്താല്‍ പണി പാളും. അല്ലെങ്കില്‍ കാണികള്‍ക്ക് അത് ഉള്‍ക്കൊള്ളാനാവണമെന്നില്ല” - നിവിന്‍ പോളി പറയുന്നു.
 
“രണ്ടുതരം വഴികള്‍ സിനിമയിലുണ്ട്. അതിലാദ്യത്തേത് അവസരങ്ങള്‍ തേടിപ്പോകലാണ്. അപ്പോള്‍ വലിയ ബാനറുകളുടെയും സംവിധായകരുടെയും സിനിമകള്‍ ചെയ്യാന്‍ സാധിക്കും. രണ്ടാമത്തെ വഴി അവസരങ്ങള്‍ നല്ല കഥകളായി നമ്മെ തേടി വരുന്നതാണ്. രണ്ടാമത്തേതാണ് എന്‍റെ വഴി. ഞാന്‍ കാത്തിരിക്കാന്‍ തയ്യാറാണ്. ഒട്ടും ധൃതിയില്ല” - മലയാള മനോരമ വാര്‍ഷിക പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ നിവിന്‍ പോളി പറയുന്നു.

മുന്‍ പേജില്‍ - ധനുഷാണെന്‍റെ റോള്‍ മോഡല്‍: നിവിന്‍ പോളി
 

വെബ്ദുനിയ വായിക്കുക