എഴുതുമ്പോള്‍ കച്ചവടമല്ല, കഥയായിരുന്നു മനസില്‍!

തിങ്കള്‍, 25 ജൂണ്‍ 2012 (18:51 IST)
PRO
വ്യത്യസ്തയാണ് അഞ്ജലി മേനോന്‍. നൊസ്റ്റാള്‍ജിയയുണര്‍ത്തുന്ന ‘മഞ്ചാടിക്കുരു’ ചെയ്ത അതേ അഞ്ജലി തന്നെയാണ് ഒരു പെണ്‍കുട്ടിയുടെ ധീരമായ ചെറുത്തുനില്‍പ്പിനെയും അതിജീവനത്തെയും പ്രകാശിപ്പിക്കുന്ന ‘ഹാപ്പി ജേര്‍ണി’ ചെയ്തത്. അഞ്ജലി തന്നെ ‘ഉസ്താദ് ഹോട്ടല്‍’ എന്ന കൊമേഴ്സ്യല്‍ സിനിമയ്ക്ക് തിരക്കഥയെഴുതുകയും ചെയ്യുന്നു.

“ഉസ്താദ് ഹോട്ടല്‍ അഞ്ജലി മേനോന്‍റെ ആദ്യ കൊമേഴ്‌സ്യല്‍ സിനിമയാണ്. എന്‍റെയും മുന്‍‌കാല സിനിമകള്‍ പോലെയല്ല ഇത്. എന്നാല്‍ നൂറുശതമാനം എന്‍റര്‍ടെയ്‌നറുമാണ്” - സംവിധായകന്‍ അന്‍‌വര്‍ റഷീദ് പറയുന്നു.

‘ഉസ്താദ് ഹോട്ടല്‍’ എഴുതുമ്പോള്‍ അഞ്ജലി മേനോന്‍ ഗര്‍ഭിണിയായിരുന്നു. പ്രസവത്തിന് മുമ്പ് തിരക്കഥ പൂര്‍ത്തിയാക്കുകയും ചെയ്തു. ആ അനുഭവത്തെക്കുറിച്ച് അഞ്ജലി തന്നെ പറയുന്നത് കേള്‍ക്കൂ - “ഉസ്താദ് ഹോട്ടലിന്‍റെ കഥ അന്‍വറിനോട് പറഞ്ഞത് ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതോടെ എഴുത്ത് തുടങ്ങി. എങ്ങനെയും ഡെലിവറിക്ക് മുമ്പ് എഴുതിത്തീര്‍ക്കാനുള്ള വെപ്രാളത്തിലായിരുന്നു. പ്രസവവേദനയ്ക്ക് മുമ്പ് സര്‍ഗവേദന” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ അഞ്ജലി വ്യക്തമാക്കി.

“ഞാന്‍ എഴുതുമ്പോള്‍ അതിന്‍റെ വാണിജ്യ സാധ്യതകളോ ഓഡിയന്‍സോ ഒന്നും മനസില്‍ വരാറില്ല. ഇഷ്ടമുള്ള രീതിയില്‍ എനിക്കിഷ്ടമുള്ള കഥയെഴുതുന്നു, അത്രമാത്രം. പ്രേക്ഷകന്‍റെ പള്‍സ് നന്നായി അറിയാവുന്ന സംവിധായകനാണ് അന്‍വര്‍. പക്ഷേ, എഴുതുമ്പോള്‍ എന്നെ എന്‍റെ വഴിക്ക് വിടുകയായിരുന്നു അദ്ദേഹം. കഥ, കഥാപാത്രങ്ങള്‍, അവരുടെ വഴി... അതുമാത്രം ആലോചിച്ചാല്‍ മതിയെന്നാണ് അന്‍വര്‍ പറഞ്ഞത്. എന്നെക്കാള്‍ സീനിയര്‍ ആയിട്ടും തുറന്ന ചര്‍ച്ചകള്‍ക്ക് അന്‍വര്‍ തയ്യാറായി” - അഞ്ജലി മേനോന്‍ പറയുന്നു.

ജൂണ്‍ 29ന് തിയേറ്ററുകളിലെത്തുന്ന ഉസ്താദ് ഹോട്ടലില്‍ ദുല്‍ക്കര്‍ സല്‍മാന്‍, തിലകന്‍, നിത്യാ മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക