അഞ്ചാന്‍ തല്ലിപ്പൊളി പടമാണെന്ന് നിരൂപകര്‍ എഴുതുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ചിത്രത്തെ കൊന്ന് കൊലവിളിക്കുകയാണ്. ലിംഗുസാമിയുടെ ഏറ്റവും മോശം ചിത്രമെന്നാണ് പലരും ഫേസ്ബുക്കിലൂടെയും മറ്റും വിളിച്ചുപറയുന്നത്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ അഞ്ചാന്‍ ബോക്സോഫീസില്‍ കുതിക്കുകയാണ്.
എല്ലാ വിമര്‍ശനങ്ങള്‍ക്കുമിടയില്‍ ആദ്യ മൂന്നുദിവസങ്ങള്‍ കൊണ്ട് 30 കോടി രൂപയാണ് അഞ്ചാന്‍ വാരിക്കൂട്ടിയത്. സിനിമയുടെ വിജയത്തെക്കുറിച്ച് നായകന്‍ സൂര്യയ്ക്കും ആശങ്കകള്‍ ഒന്നുമില്ല.
"സിങ്കം റിലീസ് ആയ സമയത്തും ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ബോക്സോഫീസില്‍ ഇത്തരം വിമര്‍ശനങ്ങളെല്ലാം അവസാനിക്കുന്നു. എപ്പോഴും ഞാന്‍ പല രീതികളിലുള്ള പരീക്ഷണങ്ങള്‍ക്കാണ് ശ്രമിക്കുന്നത്" - സൂര്യ പറയുന്നു.
ലോകമെമ്പാടുമായി 1500 തിയേറ്ററുകളിലാണ് അഞ്ചാന്‍ റിലീസ് ചെയ്തത്. സൂര്യയുടെ രണ്ട് ഗെറ്റപ്പുകളിലുള്ള പ്രകടനവും സമാന്തയുടെ ഗ്ലാമര്‍ ഷോയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. വിദ്യുത് ജാംബ്‌വാലിന്‍റെ ആക്ഷന്‍ രംഗങ്ങളും കൈയടി നേടുന്നു.