നിലവാരമില്ലാത്ത സിനിമകള്‍ ചെയ്യുകയും അവയൊക്കെ ഉദാത്തമായ ചിത്രങ്ങളാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സിനിമാക്കാരാണ് ബഹുഭൂരിപക്ഷവും. ‘ഞാന്‍ ചെയ്ത സിനിമ വേണ്ടത്ര മികവു പുലര്‍ത്തിയില്ല’ എന്ന് പറയാന്‍ തന്‍റേടമുള്ള എത്ര സംവിധായകരുണ്ട് ഇന്ത്യന്‍ സിനിമയില്‍? ആരുമില്ലെന്ന് പറയാന്‍ വരട്ടെ. ഒരാള്‍ ഉണ്ട് - അതും തമിഴ് സിനിമയില്‍. സാക്ഷാല്‍ മിഷ്കിന്‍!
ചിത്തിരം പേശുതടി, അഞ്ചാതെ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായ മിഷ്കിനാണ് ഇപ്പോള്‍ സ്വന്തം സിനിമകള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. താന്‍ വെറും മൂന്നാംകിട സിനിമകളാണ് സംവിധാനം ചെയ്തിട്ടുള്ളതെന്ന് മിഷ്കിന്‍ തുറന്നടിക്കുന്നു. ചെന്നൈയിലെ ഫിലിം ചേംബര്‍ തിയേറ്ററില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തിലാണ് മിഷ്കിന്‍ സ്വയം വിമര്‍ശനം നടത്തിയത്.
“ഞാന്‍ സംവിധാനം ചെയ്ത ചിത്തിരം പേശുതെടി, അഞ്ചാതെ എന്നീ സിനിമകള്‍ വെറും മൂന്നാംകിട ചിത്രങ്ങളും നിലവാരം തീരെയില്ലാത്തവയുമാണ്. എന്നാല്‍ അവയൊക്കെ റിലീസാകുകയും മികച്ച വിജയം നേടുകയും ചെയ്തു. എന്നാല്‍ ഞാന്‍ സംവിധാനം ചെയ്ത മികച്ച ചിത്രമായ നന്ദലാല റിലീസ് ചെയ്യാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. നന്ദലാല എന്ന സിനിമ കണ്ടിട്ടുള്ളവരെല്ലാം അതിനെ ഏറെ പ്രശംസിച്ചിട്ടുണ്ട്. കണ്ണീരോടെയല്ലാതെ ആ ചിത്രം കണ്ടുതീര്‍ക്കാനാവില്ല” - മിഷ്കിന്‍ പറഞ്ഞു.
നല്ല സിനിമകള്‍ റിലീസ് ചെയ്യാന്‍ പോലുമാകാത്ത ഈ അവസ്ഥയ്ക്ക് ആരെയും കുറ്റം പറയാനൊന്നും മിഷ്കിന്‍ തയ്യാറല്ല. രജനീകാന്ത് സിനിമകളാണ് നല്ല ചിത്രങ്ങളെന്ന് തന്‍റെ കുടുംബം പോലും വിലയിരുത്തുമ്പോള്‍ ആരെ കുറ്റം പറയാനാകുമെന്നും മിഷ്കിന്‍ ചോദിക്കുന്നു.