തന്‍റെ സിനിമകള്‍ തീരുമാനിക്കുന്നത് താന്‍ തന്നെയാണെന്ന് യുവ സൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍. തന്‍റെ പിതാവും മെഗാസ്റ്റാറുമായ മമ്മൂട്ടിയാണ് താന്‍ ഏതൊക്കെ ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നതെന്ന ആരോപണങ്ങളോട് മറുപടി പറയുകയായിരുന്നു ദുല്‍ക്കര്‍.
"ഞാന്‍ വാപ്പച്ചിയുടെ മകനായതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചിലര്‍ പറയുന്നത്. അതിലൊന്നും ഒരു കാര്യവുമില്ല. പ്രൊജക്ടുകളെക്കുറിച്ച് കുടുംബവുമായി ചര്‍ച്ച ചെയ്യാറില്ല എന്നതാണ് സത്യം" - ദുല്‍ക്കര്‍ വ്യക്തമാക്കി.
"എന്താണ് എനിക്കുവേണ്ടതെന്ന് എനിക്ക് നന്നായറിയാം. എനിക്ക് ആവശ്യത്തിന് വിദ്യാഭ്യാസമുണ്ട്. പുസ്തകങ്ങള്‍ വായിക്കാറുണ്ട്. ഒരുപാട് യാത്രയും ചെയ്യാറുണ്ട്. ഒരു തിരക്കഥ കേട്ടാല്‍ അത് നല്ലതാണോ ചീത്തയാണോ എന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ടെന്നാണ് വിശ്വാസം" - കേരള കൌമുദിക്ക് വേണ്ടി എസ് അനില്‍കുമാറിന് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം 'ഞാന്‍' എന്ന രഞ്ജിത് ചിത്രത്തിലൂടെ മികച്ച നടനാണ് താനെന്ന് തെളിയിച്ച ദുല്‍ക്കറിന്‍റെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാന പ്രൊജക്ട് ഒരു തമിഴ് ചിത്രമാണ്. മണിരത്നം സംവിധാനം ചെയ്യുന്ന 'ഓകെ കണ്‍മണി'.