'ആകാശ ഗോപുര'ത്തില്‍ പ്രതീക്ഷ:ലാല്‍

PROPRO
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം 'ആകാശ ഗോപുരം' ആഗസ്‌റ്റ്‌ 22ന്‌ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുന്നു. കേരളത്തിലെ പ്രദര്‍ശന കേന്ദ്രങ്ങള്‍ക്ക്‌ ഒപ്പം ഇംഗ്ലീഷ്‌ സബ്‌ടൈറ്റിലോടെ ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, കോയമ്പത്തൂര്‍ എന്നിവടങ്ങളിലും ചിത്രം റിലീസ്‌ ചെയ്യുന്നു. തെക്കേ അമേരിക്കയിലും ദുബായിലും ചിത്രം റിലീസ്‌ ചെയ്യാനുള്ള നീക്കവും പുരോഗമിക്കുന്നു.

ആദ്യവാസാനം വിദേശത്ത്‌ നിര്‍മ്മിച്ച ആദ്യ മലയാള ചിത്രമാണ്‌ ആകാശഗോപുരം. ഇബ്‌സന്‍റെ ‘മാസ്റ്റര്‍ബില്‍ഡര്‍’ എന്ന നാടകത്തിന്‌ സംവിധായകന്‍ കെ പി കുമാരന്‍ നല്‌കിയിരിക്കുന്ന ചലച്ചിത്രഭാഷ്യം മലയാള സിനിമയിലെ പുതിയ സംരംഭമാണെന്ന്‌ മോഹന്‍ലാല്‍ പറയുന്നു. ചിത്രത്തിന്‍റെ പ്രചാരണത്തിനായി മോഹന്‍ലാല്‍ രാജ്യതലസ്ഥാനത്ത്‌ അടക്കം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചു.

? നോര്‍വ്വീജിയന്‍ നാടകകൃത്ത്‌ ഇബ്‌സന്‍റെ ക്ലാസിക്‌ നാടകമാണ്‌ ‘മാസ്‌റ്റര്‍ ബില്‍ഡര്‍’‍. മികച്ച ആര്‍ക്കിടെക്‌റ്റ്‌ ആകാനുള്ള ശ്രമത്തിനിടെ ജീവിതത്തിലെ മറ്റെല്ലാം കാര്യങ്ങളും നഷ്ടമായ ആളാണ്‌ അതിലെ നായകന്‍, നാടകം സിനിമയായപ്പോള്‍ ഇതിവൃത്തത്തിന്‌ എന്തെങ്കിലും മാറ്റം

‘ആകാശഗോപുരം’ സങ്കീര്‍ണമായ ഒരു ചിത്രമാണ്‌. എന്‍റെ കഥാപാത്രത്തെ കുറിച്ചോ സിനിമയെ കുറിച്ചോ ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്‌. സങ്കീര്‍ണമായ കഥാപാത്രത്തെയാണ്‌ ഞാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌ എന്ന്‌ പറയാം.

? നാടകം സിനിമയാക്കുമ്പോള്‍ അഭിനേതാവ്‌ എന്ന നിലയില്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍

എനിക്ക്‌ തിയേറ്റര്‍ ബാക്ക്‌ ഗ്രൗണ്ട്‌ ഇല്ല. നാടകവും സിനിമയും വ്യത്യാസമാണ്‌. ആകാശഗോപുരത്തിന്‌ വേണ്ടി പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഞാന്‍ നാടകം നിരവധി തവണ വായിച്ചു. തിരക്കഥയും.

PROPRO
? ആകാശഗോപുരം ഏറ്റവും ചെലവേറിയ മലയാള ചിത്രമാണെന്ന്‌ അറിയുന്നു. എന്താണ്‌ അതിന്‌ കാരണം

ലൊക്കേഷന്‍ തന്നെയാണ്‌ അതിന്‌ കാരണം. സിനിമയുടെ ഇതിവൃത്തം ആവശ്യപ്പെടുന്നത്‌ പോലെ പൂര്‍ണ്ണമായും ബ്രിട്ടണിലാണ്‌ ചിത്രം ഷൂട്ട്‌ ചെയ്‌തത്‌. സിനിമ വിപണിയെ സംബന്ധിച്ചിടത്തോളം കേരളം ഒരു ചെറിയ പ്രദേശമാണ്‌. അതുകൊണ്ട്‌ തന്നെ ഇത്തരം സിനിമകള്‍ ചിലപ്പോള്‍ മാത്രമേ സംഭവിക്കാറുള്ളു.

? എങ്ങനെയാണ്‌ സിനിമകള്‍ തെരഞ്ഞെടുക്കുന്നത്‌

ഞാന്‍ എന്‍റെ സംവിധായകരെ വിശ്വസിക്കുന്നു. അവര്‍ ജോലി ചെയ്യുന്ന രീതിയില്‍ എനിക്ക്‌ മതിപ്പുണ്ട്‌. നല്ല സിനിമകള്‍ സംഭവിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു. എനിക്ക്‌ കഴിയുന്നതിന്‍റെ പരമാവധി ശ്രമം ഞാന്‍ എല്ലാ കാഥാപാത്രങ്ങള്‍ക്കും നല്‌കുന്നു അത്രമാത്രം.

? നായര്‍സാനിനെ കുറിച്ച്‌

ജപ്പാന്‍റെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടിയ മലയാളിയെ കുറിച്ചുള്ള സിനിമയാണ്‌ നായര്‍സാന്‍. ജാപ്പനീസ് മാത്രമല്ല ഭാഗികമായി ചൈനീസ്‌ ചിത്രം കൂടിയാണ്‌ നായര്‍സാന്‍. ആല്‍ബര്‍ട്ട്‌ ആണ്‌ സിനിമ സംവിധാനം ചെയ്യുന്നത്‌.

PROPRO
? ബോളിവുഡില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചല്ലോ, പുതിയ സംരംഭങ്ങള്‍ വല്ലതും

ബോളിവുഡില്‍ നിന്ന്‌ നല്ല ഓഫറുകള്‍ ഉണ്ട്‌, ഒഴിവാക്കാന്‍ തോന്നാത്ത മികച്ച അവസരങ്ങളും അവയില്‍ ഉണ്ട്‌. പക്ഷെ ഇപ്പോള്‍ എനിക്ക്‌ മലയാളത്തില്‍ ഒതുങ്ങാനാണ്‌ ആഗ്രഹം.

? മൂന്ന്‌ ദശകമായി സിനിമയിലുണ്ട്‌, സംവിധായകനാകാന്‍ നീക്കമുണ്ടോ

സംവിധാനം തീര്‍ത്തും വ്യത്യസ്ഥമായ മേഖലയാണ്‌. അതൊരു ചെറിയ കാര്യമല്ല. ഞാന്‍ കാത്തിരിക്കുകയാണ്‌ നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍. അതല്ലാതെ ഇപ്പോള്‍ എന്‍റെ മുന്നില്‍ സംവിധായകനാകാന്‍ നീക്കമൊന്നുമില്ല. സംവിധാനത്തിലേക്ക്‌ മാറണമെന്നുണ്ടെങ്കില്‍ എനിക്ക്‌ അഭിനയം മതിയാക്കേണ്ടി വരും.

? ഏതെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയാണോ?

എനിക്ക്‌ സ്വന്തമായി നിര്‍മ്മാണ കമ്പനിയുണ്ട്‌, വിതരണകമ്പനിയുണ്ട്‌, അതുകൊണ്ട്‌ എപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ടെങ്കിലും അതിന്‌ സാഹചര്യമുണ്ട്‌, പക്ഷെ ഇപ്പോള്‍ അങ്ങനെ ഒരു ലക്‍ഷ്യം മുന്നില്‍ ഇല്ല