ഇരട്ട വിഷയങ്ങളിലെ ബി.എഡ് ബിരുദം അസാധുവാക്കിയ പി.എസ്.സി നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതിയ ഉത്തരവോടെ സര്‍ക്കാരിന്‍റെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ അയയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരട്ട വിഷയങ്ങളിലെ ബി.എഡ് ബിരുദധാരികള്‍.
പി.എസ്.സി കഴിഞ്ഞവര്‍ഷമാണ് ഒരു വര്‍ഷത്തെ പഠനത്തിലൂടെ രണ്ട് വിഷയങ്ങളില്‍ നേടിയ ബി.എഡ് ബിരുദം അസാധുവാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. ഇതോടെ അന്യസംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും ബി.എഡ് പഠനം പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്ക് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍, വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ററി തുടങ്ങിയ വകുപ്പുകളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.
നേരത്തെ ഇരട്ട വിഷയങ്ങളിലെ ബി.എഡ് ബിരുദം അംഗീകരിച്ചിരുന്ന പി.എസ്.സി രണ്ട് വര്‍ഷത്തെ ബി.എഡ് പഠനമാണ് നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അംഗീകാരമില്ലെന്ന പുതിയ ഉത്തരവ് ജീവിതം വഴിമുട്ടിച്ചുവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
അതേസമയം കേരളത്തിലെ യൂണിവേഴ്സിറ്റികള്‍ ഈ കോഴ്സ് അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ യൂണിവേഴ്സിറ്റികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ വിഷയം വ്യക്തമാക്കിയില്ലെന്ന കാരണത്താല്‍ അപേക്ഷ നിരസിക്കുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പി.എസ്.സിയുടെ പുതിയ തീരുമാനത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.