കരള്‍ രോഗത്തിന് ആയൂര്‍വേദ പരിരക്ഷ

Webdunia
ആയൂര്‍വേദത്തില്‍ അഷ്ടാംഗഹൃദയത്തിലും ചരകസംഹിതയിലും മഞ്ഞപ്പിത്ത ഓഷധമായി വിവരിച്ചിട്ടുള്ള സസ്യാമാണ് ചിറ്റമൃത്. കരള്‍ സംരക്ഷണത്തില്‍ ചിറ്റമൃതിനുള്ള സാധ്യതകള്‍ അടുത്തകാലം വരെ ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിരുന്നില്ല.

കയ്പ്രസമുള്ള ചിറ്റമൃതിന്‍റെ വള്ളിയാണ് ഔഷധപ്രയോഗത്തിന് ഉപയോഗിക്കുക. ഇതിന്‍റെ തണ്ട് ഇടിച്ച് പിഴിഞ്ഞ നീര് 15 മില്ലി വീതം രാവിലെയും വൈകിട്ടും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്ക് ഉത്തമമാണ്.

ഇന്ത്യയിലുടനീളം കണ്ടു വരുന്ന ഔഷധ സസ്യമാണ് ആര്യവേപ്പ്. ഇലയും തൊലിയുമാണ് പ്രധാന ഔഷധയോഗ്യ ഭാഗങ്ങള്‍. ആര്യവേപ്പിലയുടെ നീര് 10 മില്ലി വീതമെടുത്ത് അത്രയും തേന്‍ ചേര്‍ത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് ഗുണം ചെയ്യും. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ആര്യവേപ്പ്.

കേരളത്തിലുടനീളം കളയായി വളരുന്ന ഔഷധ സസ്യമാണ് കിരിയാത്ത്. പിത്തരസം ഉത്പ്പാദിപ്പിക്കുന്നതിനുള്ള സവിശേഷമായ ഔഷധഗുണം കിരിയാത്തിനുണ്ട്. കിരിയാത്ത്, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവ ചേര്‍ത്ത് കഷായം വച്ച് കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഉത്തമമാണ്.

ഇന്ത്യന്‍ പാരമ്പര്യവൈദ്യ ശാസ്ത്രത്തിന് പുറമേ ബ്രസീല്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലും കരള്‍ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യമാണ് തഴുതാമ. മഞ്ഞപ്പിത്തം, സിറോസിസ്, വൈറല്‍ ബാധ, കരള്‍ കോശനാശം, മറ്റ് കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കൊക്കെ തഴുതാമ ഉത്തമ ഔഷധമാണ്.

കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവരും ഹൃദ്രോഗമുള്ളവരും തഴുതാമ ഉപയോഗിക്കുന്നത് നല്ലതല്ല.

ഈര്‍പ്പമുള്ള സ്ഥലങ്ങളിലും വയല്‍ വരമ്പുകളിലും ധാരാളമായി കണ്ടുവരുന്ന കയ്യോന്നി കരള്‍ രോഗത്തിന് ഉത്തമമാണ്. സമൂലമാണ് കയ്യോന്നി ഔഷധപ്രയോഗത്തിന് ഉപയോഗിക്കുന്നത്.

ഇവയ്ക്ക് പുറമേ തിപ്പലി, വയല്‍ച്ചുള്ളി, മഞ്ഞ മന്ദാരം, മഞ്ഞള്‍, നെല്ലിക്ക, ജീരകം, കടുക്ക, ഇരട്ടിമധുരം എന്നീ ഔഷധസസ്യങ്ങളും തക്കാളി, മുരിങ്ങ, പപ്പായ, മുന്തിര, പേരയ്ക്ക, മുള്ളങ്കി, കയ്പ്പക്ക എന്നീ ഫലങ്ങളും കരളിനെ സംരക്ഷിക്കുന്നവയാണെന്ന് തെളിഞ്ഞിട്ടുണ്ട്.