സംഗീതവിദ്യാ യോഗം

Webdunia
വെള്ളി, 27 ജൂലൈ 2007 (17:56 IST)
മനുഷ്യന്‍റെ പൂര്‍വജന്മ കര്‍മ്മ ഫലങ്ങളെ അവനുമായി യോജിപ്പിക്കുന്നതാണ്‌ ജാതകത്തിലെ യോഗങ്ങള്‍. ജാതകത്തില്‍ ഗ്രഹങ്ങള്‍ പരസ്പരം പ്രത്യേക തരത്തില്‍ ചില രാശികളില്‍ ഒന്നിച്ചു നില്‍ക്കുന്നതാണ്‌, അല്ലെങ്കില്‍, യോജിക്കുന്നതാണ്‌ യോഗം.

ഒരാള്‍ സംഗീത നൃത്താദി കലകളില്‍ താത്പര്യവും അറിവും കഴിവും കീര്‍ത്തിയും ഉള്ള ആളായി മാറുന്നത്‌ പലപ്പോഴും ഈ യോഗങ്ങളിലൂടെ തിരിച്ചറിയാനാവും.

ഉദാഹരണത്തിന്‌, സംഗീതവിദ്യാ യോഗം എടുക്കാം. രണ്ടാം ഭാവമോ ഭാവാധിപനോ അഞ്ചാം ഭാവവുമായോ ശുക്രനുമായോ ചേര്‍ന്നു നിന്നാല്‍ സംഗീതവിദ്യാ യോഗമായി.

ഇവര്‍ സംഗീതാദികലകളില്‍ വൈദഗ്ദ്ധ്യം ഉള്ളവരായിത്തീരും.ഇതിന് പുറമേ ചില ഗ്രഹങ്ങളുടെ കാരകാംശത്തില്‍ കൂടിയും ജാതകന്‍ കലാകാരന്‍ ആവുമെന്നതെനിന്‍റെ സൂചനകള്‍ ലഭിക്കും.

വാക്സ്ഥാനത്തില്‍ ശുക്രന്‍, തുലാം രാശിയിലോ മൂലത്രികോണത്തിലോ ബുധനുമായി ചേര്‍ന്നു നിന്നാലോ - യോഗം ചെയ്താലോ - അയാള്‍ കലാകാരനായി തീരും.

ഒരാള്‍ കലാകാരന്‍ ആവുമോ ഇല്ലയോ എന്നറിയുന്നത്‌ ബുധന്‍, സുക്രന്‍, വ്യാഴം, ചൊവ്വാ എന്നീ ഗ്രഹങ്ങളുടെ സ്ഥിതിയോ യോഗമോ ദൃഷ്ടിയോ കൊണ്ടാണ്‌. ചന്ദ്രനും ശുക്രനും തമ്മില്‍ ബന്ധപ്പെട്ടിരുന്നാലും ജാതകന്‌ സംഗീതത്തില്‍ നൈപുണ്യം ഉണ്ടായിരിക്കും.