വി.എസ്.അഞ്ചു വര്‍ഷവും ഭരിക്കും

Webdunia
ഞായര്‍, 21 മെയ്‌ 2006

മുഖ്യമന്ത്രിയായി വി. എസ്‌. അച്യുതാനന്ദന്‍ അഞ്ചുവര്‍ഷവും ഭരിക്കുമെന്ന്‌ പ്രസിദ്ധ ജ്യോത്സ്യനായ ടി. എം. ആര്‍. കുട്ടിയുടെ പ്രവചനം. വി. എസ്‌. മുഖ്യമന്ത്രിയാകുമെന്ന്‌ രണ്ടുവര്‍ഷംമുമ്പേ താന്‍ പ്രവചിച്ചിരുന്നതായി കുട്ടി അവകാശപ്പെട്ടു.

ഗ്രഹനിലപ്രകാരം അച്യുതാനന്ദനെ വ്യാഴം പ്രസാദിച്ചിരിക്കയാണ്‌. അതിനാല്‍ ഏതു പ്രതിസന്‌ധിയും തരണം ചെയ്ത്‌ സദ്ഭരണം കാഴ്ചവയ്ക്കാനാവും. തിരുവനന്തപുരം പ്രസ്‌ ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ കുട്ടി ഇക്കാര്യം പറഞ്ഞത്‌. വി.എസിന്‌ ചില വൈതരണികള്‍ കാണുന്നുണ്ട്‌. മൂന്നു വര്‍ഷത്തിനു ശേഷം ശനി പത്തില്‍ വരുന്നതിനാല്‍, ശാരീരിക അസ്വാസ്ഥ്യമുണ്ടാകാം. അപ്പോള്‍, സ്ഥാനചലന സാധ്യത തള്ളിക്കളയാനാവില്ല.

ആ പ്രതിസന്‌ധി തരണം ചെയ്‌താല്‍ വി. എസ്‌ ഭരണം അഞ്ചുവര്‍ഷവും തുടരും. 96 വയസ്സുവരെ വി. എസിന്റെ ആയുസ്സിന്‌ കുഴപ്പമൊന്നുമില്ല. എല്‍.ഡി. എഫ്‌ ഭരണം അഞ്ചു വര്‍ഷവും തുടരുമെങ്കിലും ആദ്യത്തെ എട്ട്‌ മാസത്തിനു ശേഷം ഭരണത്തില്‍ ചില മാറ്റങ്ങളുണ്ടാവുമെന്നും കുട്ടി പറയുന്നു.