എലിവര്‍ഷത്തിനു ഇന്ന് തുടക്കം

Webdunia
WDWD
ഫെബ്രുവരി ഏഴിന് എലിവര്‍ഷത്തിന് തുടക്കമാവുകയാണ്. ചീനയിലെ 13 കോടിയിലേറേ ആളുകള്‍ ചന്ദ്രവര്‍ഷമായ പന്നി വര്‍ഷത്തില്‍ നിന്ന് മാറി എലിവര്‍ഷത്തിലേക്ക് കടക്കുകയാണ്. 2009 ജനുവരി 25 നാണ് എലിവര്‍ഷം അവസാനിക്കുക.

കഠിനാദ്ധ്വാനത്തിന്‍റെയും കര്‍മ്മ നിരതയുടേയും പുതുക്കിപ്പണിയലിന്‍റെയും വര്‍ഷമായിട്ടാണ് എലി വര്‍ഷത്തെ കണക്കാക്കുന്നത്. പുതുതായി എന്തെങ്കിലും തുടങ്ങാന്‍ പറ്റിയ വര്‍ഷമാണിത്. പുതിയ ജോലി, വിവാഹം, പുതിയ ഉല്‍പ്പന്നമോ സംരംഭമോ അല്ലെങ്കില്‍ എന്തിന്‍റെയെങ്കിലും തുടക്കം ഈ വര്‍ഷത്തിലാവുന്നത് നല്ലതാണ്.

ഈ വര്‍ഷം തുടങ്ങുന്ന കാര്യങ്ങള്‍ക്ക് നല്ല ലാഭം ഉണ്ടായിരിക്കും എന്ന് മാത്രമല്ല, ഇത് മൂലം ഒട്ടേറെ അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും. ക്ഷമയോടു കൂടി കാത്തിരിക്കുക. മെല്ലെത്തിന്നാല്‍ പനയും തിന്നാം എന്ന രീതിയാണ് നല്ലത്. നിങ്ങള്‍ക്ക് പറ്റിയ അവസരം ഉണ്ടാവാതിരിക്കില്ല.

1912,24,36,48,60,72, 84 ,96, 2008,20 എന്നിവ എലിവര്‍ഷമാണ്,ഇതില്‍ ജനിച്ചവര്‍ ‘എലികളും”വില്യം ഷേക്സ്പീയര്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ജോണ്‍ ഓഫ് കെന്നഡി ജൂനിയര്‍, ഹൂ ഗ്രാന്‍ഡ്, മൊസാര്‍റ്റ്, മാതഹരി തുടങ്ങി ഒട്ടേറേ പ്രമുഖര്‍ “എലി“ കളാണ്.

ഭാവനാശാലികര്‍ സൌന്ദര്യമുള്ളവര്‍ സ്നേഹിക്കുന്നവരോട് ഔദാര്യം കാട്ടുന്നവര്‍ എന്നിങ്ങനെയാണ് എലികളുടെ വിശേഷണങ്ങള്‍. അവര്‍ പക്ഷെ പെട്ടെന്നു ചൂടാവും, അമിത വിമര്‍ശനം നടത്തുകയും ചെയ്യും. അവസരവാദികളാവാനും ഇടയുണ്ട്. വില്പന എഴുത്ത് വിമര്‍ശനം പ്രചാരണം എന്നിവയാണ് ഇക്കൂ‍ട്ടരുടെ പ്രവര്‍ത്തന മേഖല.

ഇന്ത്യയില്‍ എലി ഗണപതിയുടെ വാഹനമായി കണക്കാക്കുന്നുണ്ടെങ്കിലും പൊതുവേ എലികളോട് വിരോധമാണ്. വിള നശിപ്പിക്കുന്നു എന്നതാണ് ഒരു പ്രധാന കാരണം. എന്നാല്‍ ചീനയില്‍ എലിവര്‍ഷത്തില്‍ ജനിച്ചവര്‍ പൊതുവേ എലികളുടെ ചില നല്ലഗുണങ്ങള്‍ ഉള്ളവരാണെന്നാണ് വിശ്വാസം.

സാമര്‍ത്ഥ്യം, ഉയരാനുള്ള അഭിവാഞ്ഛ, കഠിനാദ്ധ്വാനം, ചടുലത തുടങ്ങിയവ ഇക്കൂട്ടരുടെ ഗുണഗണങ്ങളില്‍ പെടുന്നു. ചീനക്കാരുടെ രാശിചക്രത്തില്‍ 12 ചന്ദ്രമാസങ്ങളാണുള്ളത്. അതിലോരോന്നിനും ഓരോ മൃഗങ്ങളുടെ പേര് നല്‍കിയിരിക്കുന്നു. എലിയില്‍ നിന്നാണ് വര്‍ഷം ആരംഭിക്കുന്നത്. വലിയൊരു നദി ചാടിക്കടക്കാനുള്ള ഒരു ഓട്ടത്തില്‍ എന്നപോലെയാണ് ഓരോ മൃഗങ്ങളേയും ചിത്രീകരിച്ചിരിക്കുന്നത്.


WDWD
എലി ഒരു കാളയുടെ പുറകില്‍ കയറി സഞ്ചരിക്കുകയും ആദ്യമെത്താനായി അവിടെ നിന്ന് ചാടുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. ഇവിടെ എലി എന്ന് പറയുന്നത് സാധാരണ എലിയും ചുണ്ടെലിയുമാവാം. ചൈനീസ് ഭാഷയില്‍ ഷു എന്നാല്‍ ഈ രണ്ടര്‍ത്ഥവും സിദ്ധിക്കും.

എലിവര്‍ഷം വരുന്നതോടെ ചീനയില്‍ എലി വര്‍ഗ്ഗങ്ങളോടുള്ള താത്പര്യം ഏറിയിട്ടുണ്ട്. ഓരോ വര്‍ഷവും അത് പ്രതിനിധീകരിക്കുന്ന മൃഗങ്ങളോടുള്ള മനോഭാവത്തിലും ആഭിമുഖ്യത്തിലും ജനങ്ങള്‍ക്ക് മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കാറുണ്ട്.

ചീനയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ആഭരണ കടകളിലും എലി വിഷയമായുള്ള ആഭരണങ്ങളുടെയും വസ്തുക്കളുടെയും തള്ളിക്കയറ്റമാണ് ഇപ്പോള്‍ കാണാനാവുക. എലിയുടെ ചിത്രമുള്ള ഉടുപ്പുകളും തൊപ്പികളും ബനിയനുകളുമെല്ലാം ഇഷ്ടം പോലെ കാണാം.

വളര്‍ത്തുമൃഗങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങളില്‍ കുഞ്ഞി ചുണ്ടെലികളും വെള്ള എലികളുമെല്ലാം ഇഷ്ടം പോലെ എത്തിയിരിക്കുന്നു. എലി വര്‍ഗ്ഗത്തോട് കാരുണ്യവും സ്നേഹവും കാട്ടണമെന്ന് മൃഗസ്നേഹികള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തായ്‌ലന്‍റുകാരും ഫിലിപ്പൈന്‍സുകാരും എലികളെ ചുട്ടു പൊരിച്ചു തിന്നാണ് എലിവര്‍ഷം ആഘോഷിക്കുകയത്രെ.

പുതുവര്‍ഷത്തിന്‍റെ തുടക്കം ഒരാഴ്ചത്തെ പരിപാടികളോടെയാണ് ചീനയില്‍ ആഘോഷിക്കാറ്. പടക്കങ്ങളും കരിമരുന്ന് പ്രയോഗവും ചുവന്ന റാന്തലുകളും തീറ്റയും കുടിയുമെല്ലാം അതോടൊപ്പമുണ്ട്. മറ്റൊന്ന് വീട്ടിലേക്കുള്ള തിരിച്ചുവരവാണ്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ജോലിയെടുക്കുന്ന ചീനക്കാര്‍ വര്‍ഷത്തിന്‍റെ ആദ്യം വീട്ടില്‍ തിരിച്ചെത്തുന്നു. അതുപോലെ തന്നെ പല സ്ഥലങ്ങളിലായി കഴിയുന്ന വിദ്യാര്‍ത്ഥികളും. പക്ഷെ, പലരും പാതിവഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. മധ്യ, തെക്കന്‍ ചീനയിലുണ്ടായ കനത്ത മഞ്ഞു വീഴ്ച മൂലം തീവണ്ടി ഗതാഗതവും മറ്റും സ്തംഭിച്ചതാണിതിനു കാരണം.

ചൈനീസ് ജ്യോതിഷം ചീനക്കാര്‍ക്ക് മാത്രമുള്ളതല്ല, ഫെങ്‌ഷൂയി എന്ന വാസ്തുശാസ്ത്രത്തെ പോലെ തന്നെ ഇവരുടെ ജ്യോതിഷവും ലോകമെമ്പാടും കൌതുകത്തോടെ വീക്ഷിക്കുന്നതാണ്.