അല്‍ഫോണ്‍സാമ്മ: ഇന്ത്യയിലെ ആദ്യ വിശുദ്ധ

Webdunia
ഭാരതീയ കത്തോലിക്ക സഭയുടെ ആദ്യ വിശുദ്ധയായി അല്‍ഫോണ്‍സാമ്മയെ ഞായറാഴ്ച പ്രഖ്യാപിക്കും. വത്തിക്കാനില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായിരിക്കും പ്രഖ്യാപനം നടത്തുക.

പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഭരണങ്ങാനത്തും അല്‍ഫോണ്‍സാമ്മയുടെ കുടമാളൂരിലെ ജന്മഗ്രഹത്തിലും പ്രത്യേകം പ്രാര്‍ത്ഥാനാചടങ്ങുകള്‍ നടക്കും. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് വത്തിക്കാനിലെ സെന്‍റ് പീറ്റേര്‍സ് സ്ക്വയറില്‍ ചടങ്ങുകള്‍ തുടങ്ങുന്നത്. സെന്‍റ് പീറ്റേര്‍സ് ബസലിക്കയില്‍ ആമുഖ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ തുടങ്ങും.

നാമകരണ സംഘത്തിന്‍റെ തലവന്‍ വാഴ്ത്തപ്പെട്ടവരുടെ നാമകരണത്തിനായി പതിനാറാമന്‍ മാര്‍പാപ്പയെ ക്ഷണിക്കും. ഉച്ചയ്ക്ക് 1.30ന് അല്‍ഫോണ്‍സാമ്മയെ ഭാരത കത്തോലിക്കാസഭയുടെ ആദ്യ വിശുദ്ധയായി മാര്‍പാപ്പ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് ശേഷം വിശുദ്ധ കുര്‍ബാന നടക്കും.

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നും എത്തിയ പത്ത് പിതാക്കന്മാര്‍ സഹകാര്‍മ്മികത്വം വഹിക്കും. വിശുദ്ധ പ്രഖ്യാപന ചടങ്ങിന്‍റെ തത്സമയ ദൃശ്യങ്ങള്‍ അല്‍ഫോണ്‍സാമ്മയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന കുടമാളൂരിലും കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം പള്ളിയിലും തത്സമയം സം‌പ്രേഷണം ചെയ്യും.

ഭരണങ്ങാനത്ത് പുലര്‍ച്ചെ ആറ് മണിമുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ദിവ്യബലി അര്‍പ്പിക്കും. പതിനായിരം മലയാളികള്‍ വത്തിക്കാനിലെ ചടങ്ങുകള്‍ക്ക് നേരിട്ട് സാക്‍ഷ്യം വഹിക്കും. വിശുദ്ധ പ്രഖ്യാപനം നടക്കുമ്പോള്‍ കേരളത്തിലെ മുഴുവന്‍ ക്രൈസ്തവ ദേവാലയങ്ങളിലും പള്ളിമണികള്‍ മുഴങ്ങും.