ആശങ്കയുണ്ടായിരുന്നുവെന്ന് ദുംഗ

ബുധന്‍, 16 ജൂണ്‍ 2010 (15:34 IST)
PRO
ലോകകപ്പിലെ ആദ്യമത്സരത്തില്‍ വടക്കന്‍ കൊറിയയെ നേരിട്ടത് നേരിയ ആശങ്കയോടെയും അതിലേറെ ആകാംക്ഷയോടെയായിരുന്നുവെന്ന് ബ്രസീല്‍ പരിശീ‍ലകന്‍ ദുംഗ സമ്മതിച്ചു. ആദ്യ മത്സരം എപ്പോഴും ആ‍കാംക്ഷ നിറഞ്ഞതായിരിക്കും.

പ്രത്യേകിച്ചും വടക്കന്‍ കൊറിയയെപ്പോലെ അധികമൊന്നും അറിയപ്പെടാത്ത എതിരാളികളാവുമ്പോള്‍. ബ്രസീലിന്‍റെ ആദ്യ പകുതിയിലെ പ്രകടനത്തില്‍ ഒട്ടും സംതൃപ്തനല്ലെന്നും എന്നാല്‍ അടുത്ത മത്സരങ്ങളില്‍ ടീം താളം കണ്ടെത്തുമെന്നും ദുംഗ പറഞ്ഞു.

ആദ്യപകുതിയില്‍ ഞങ്ങള്‍ക്ക് ശരിയായ താളം കണ്ടെത്താനായില്ല. ഫുട്ബോളില്‍ ഇത് സാധാരണമാണ്. രണ്ടാം പകുതിയില്‍ ഞങ്ങള്‍ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അത് രണ്ടാം പകുതിയിലെ പ്രകടനത്തിലും ഗോള്‍ നിലയിലും ദൃശ്യമാവുകയും ചെയ്തു.

വടക്കന്‍ കൊറിയയുടെ പ്രതിരോധം ഭേദിക്കാന്‍ നന്നേ വിയര്‍പ്പൊഴുക്കേണ്ടി വന്നുവെന്നും ദുംഗ സമ്മതിച്ചു. അതേസമയം തന്‍റെ ടീമിന്‍റെ പ്രകടനത്തില്‍ അഭിമാനമുണ്ടെന്ന് കൊറിയന്‍ പരിശീലകന്‍ കിം-ജോംഗ്-ഹുന്‍ പറഞ്ഞു. വിജയം നേടാനായില്ലെങ്കിലും തന്‍റെ ടീം പൊരുതിയാണ് കീഴടങ്ങിയതെന്നും കിം പറഞ്ഞു.

വെബ്ദുനിയ വായിക്കുക