അവിവാഹിതയുടെ മരണം അഭിമാനക്കൊലപാതകം?

വ്യാഴം, 13 മെയ് 2010 (14:50 IST)
PRO
കുടുംബത്തിന്റെ മാനം കാക്കാന്‍ അലഹബാദിലും അഭിമാനക്കൊലപാതകം അരങ്ങേറിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രജനി സാഹു എന്ന 18 കാരിയായ അവിവാഹിതയായ ഗര്‍ഭിണിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. എന്നാല്‍, രജനി അഭിമാനക്കൊലപാതകത്തിന് ഇരയാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേതാനഗര്‍ കോളനിയിലെ വീട്ടിലെ സ്വന്തം മുറിയിലാണ് രജനിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയപരാജയം കാരണമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ഇവര്‍ എഴുതിയതെന്ന് കരുതുന്ന ഒരു കത്തും മൃതദേഹത്തിന് അടുത്തുനിന്ന് പൊലീസിനു ലഭിച്ചിരുന്നു.

എന്നാല്‍, രജനിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് തലയ്ക്ക് ഏറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമായി. ഇതോടെ, രജനി മരിച്ച ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു എന്ന സംശയം ബലപ്പെടുകയാണ്.

രജനിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് ചോദ്യംചെയ്തു വരുന്നു. മൃതദേഹത്തിനു സമീപത്തു നിന്ന് ലഭിച്ച കത്ത് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിക്കുന്നു. രജനിയുടെ കാമുകന് വേണ്ടിയുള്ള തെരച്ചിലും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക