ഇന്ത്യന്‍ പൌരത്വം വേണ്ടെന്നു വയ്ക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മുറിച്ചുകളയാന്‍ പ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഒരുക്കമല്ല. അതുകൊണ്ടു തന്നെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡിന്(ഒസിഐ) ഹുസൈന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഖത്തര്‍ പൌരത്വം സ്വീകരിച്ച ഹുസൈന് ഒ സി ഐ കാര്‍ഡുണ്ടെങ്കില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രത്യേക വിസയുടെ ആവശ്യം വരില്ല.
“ഇന്ത്യ എന്‍റെ മാതൃരാജ്യമാണ്. ആ നാട് ഉപേക്ഷിക്കാന്‍ എനിക്കാവില്ല. ഒരു കഷണം കടലാസ് മാത്രമാണ് ഞാന്‍ തിരികെ നല്‍കിയത്” - ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരികെ നല്‍കിയതിനെക്കുറിച്ച് എം എഫ് ഹുസൈന്‍ പറഞ്ഞു.
“ഇന്ത്യയിലേക്കുള്ള എന്‍റെ സഞ്ചാരം തുടരും. അതിനായാണ് ഞാന്‍ ഒ സി ഐ കാര്‍ഡിന് അപേക്ഷിച്ചത്. ഇന്ത്യന്‍ നിയമം അനുസരിച്ച് ഇരട്ട പൌരത്വം സാധ്യമല്ല. ഖത്തര്‍ നല്‍കുന്ന പിന്തുണയില്‍ എനിക്ക് നന്ദിയുണ്ട്” - ഹുസൈന്‍ അറിയിച്ചു.
ഹുസൈന്‍ ഖത്തര്‍ പൌരത്വം സ്വീകരിച്ചത് ഇന്ത്യയ്ക്കുണ്ടായ വലിയ നഷ്ടമാണെന്നാണ് ഗള്‍ഫിലെ ഇന്ത്യക്കാര്‍ പ്രതികരിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കാതെ ഹുസൈന് പുറത്തുപോകേണ്ടി വന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ടായ നാണക്കേടാണെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെത്തിയ ഹുസൈന്‍ തന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരികെ ഏല്‍പ്പിച്ചിരുന്നു. ഇന്ത്യ ഇരട്ട പൌരത്വം അനുവദിക്കാത്തതിനാല്‍ പാസ്പോര്‍ട്ട് തിരിക നല്‍കേണ്ടത് നിര്‍ബന്ധമാണ് എന്നും ഹുസൈന്‍ നിയമം പാലിക്കുക മാത്രമാണ് ചെയ്തതെന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് പ്രതികരിച്ചു.
ഹിന്ദു ദൈവങ്ങളെ നഗ്നരായി ചിത്രീകരിച്ചതിനെ തുടര്‍ന്ന് ഹുസൈന്‍ വലതുപക്ഷ ഹിന്ദു സംഘടനകളുടെ രോഷത്തിനു പാത്രമായിരുന്നു. ഇതേ തുടര്‍ന്ന്, കഴിഞ്ഞ നാല് വര്‍ഷമായി ഹുസൈന്‍ വിദേശ രാജ്യങ്ങളില്‍ അഭയം തേടിയിരിക്കുകയായിരുന്നു.