ബിനീഷിന്‍റെ മുതലാളിക്ക് പാര്‍ട്ടിയുടെ സ്വീകരണം!

ഞായര്‍, 11 ഏപ്രില്‍ 2010 (14:00 IST)
PRO
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുടെ മുതലാളിക്ക് സിപി‌എം ഒത്താശയോടെ സ്വീകരണം. പക്ഷെ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇനിയും കൈവിട്ടിട്ടില്ലാത്ത പ്രവര്‍ത്തകര്‍ പാര്‍ട്ടി ആഹ്വാനം അവഗണിച്ച് സ്വീകരണച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. പത്മശ്രീ ലഭിച്ച പ്രവാസി വ്യവസായി ബി രവിപിള്ളയ്ക്ക് ജന്‍‌മനാടായ ചവറയില്‍ നല്‍കിയ സ്വീകരണത്തിലൂടെയാണ് സിപി‌എം പുതിയ വിവാദത്തില്‍ തലയിട്ടിരിക്കുന്നത്.

രവിപിള്ളയുടെ ദുബായിലെ സ്ഥാപനത്തിന്‍റെ വൈസ് പ്രസിഡന്‍റാണ് ബിനീഷ് കോടിയേരി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ഒത്താശയോടെയായിരുന്നു സ്വീകരണം കൊഴുപ്പിക്കാന്‍ സിപി‌എം ചവറ നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചത്. ഓരോ ഘടകത്തില്‍ നിന്നും എത്തേണ്ട പ്രവര്‍ത്തകരുടെ എണ്ണം കാണിച്ച് ലോക്കല്‍ കമ്മറ്റികള്‍ക്കായി നിയോജക മണ്ഡലം കമ്മറ്റി സര്‍ക്കുലറും പുറത്തിറക്കിയിരുന്നു.

നിയോജകമണ്ഡലം കമ്മറ്റി സെക്രട്ടറി വിക്രമന്‍ ആയിരുന്നു സര്‍ക്കുലര്‍ നല്‍കിയത്. അഞ്ഞൂറും മുന്നൂടിയമ്പതും ഇരുനൂറ്റിയമ്പതും പ്രവര്‍ത്തകരെ വീതം ചടങ്ങിനെത്തിക്കാനായിരുന്നു ഓരോ ഘടകത്തിനും നല്‍കിയ നിര്‍ദ്ദേശം. സാധാരണയായി പാര്‍ട്ടി പരിപാടികള്‍ക്ക് മാത്രമാണ് ഇങ്ങനെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്ന് കാണിച്ച് സിപി‌എം മേല്‍ഘടകം നിര്‍ദ്ദേശം നല്‍കാറുള്ളത്.

എന്നാല്‍ ഒരു വ്യവസായിക്ക് സ്വീകരണം നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തോട് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. സ്വീകരണച്ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് ഇവര്‍ ഇത് പ്രകടിപ്പിക്കുകയും ചെയ്തു. സിപി‌എം സംസ്ഥാന സമിതിയംഗം എം‌കെ ഭാസ്കരനായിരുന്നു സ്വീകരണച്ചടങ്ങിന്‍റെ സംഘാടക സമിതി ചെയര്‍മാന്‍. രവിപിള്ളയെ സ്വീകരിച്ചാ‍നയിച്ച തുറന്ന ജീപ്പില്‍ ഭാസ്കരനും സ്ഥാനം പിടിച്ചിരുന്നു. ഈ പ്രവര്‍ത്തിയിലും പ്രവര്‍ത്തകര്‍ അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക