വര്‍ത്തമാനം ദിനപത്രത്തിന് എന്താണ് സംഭവിച്ചത്. മാധ്യമ ഉദാരവത്കരണത്തിന്‍റെ കാലത്ത് പത്രപ്രവര്‍ത്തനത്തിലേക്ക് എടുത്തുചാടാന്‍ വരുന്നവര്‍ക്കുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ് കോഴിക്കോട് ചാലപ്പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന വര്‍ത്തമാനം ദിനപത്രം നല്‍കുന്നത്.
കഴിവ് തെളിയിച്ച പത്രപ്രവര്‍ത്തകരും പരിശ്രമശാലികളായ യുവപത്രപ്രവര്‍ത്തകരും പത്രത്തെ നെഞ്ചിലേറ്റി താലോലിക്കാന്‍ ഒരു സംഘടനയും വിദേശത്ത് നിന്ന് നിര്‍ലോഭമെത്തുന്ന ഫണ്ടും ലോകമെങ്ങും അറിയപ്പെടുന്ന ചീഫ് എഡിറ്ററും ഉണ്ടെങ്കിലും മാനേജ്മെന്‍റിന്‍റെ കഴിവ് കേടും മണ്ടത്തരവും കൊണ്ട് മാത്രം ഒരു പത്രം പരാജയപ്പെടാമെന്നതാണ് വര്‍ത്തമാനം ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പാഠം.
കള്ള് ചെത്ത് തൊഴിലാളിക്കും സംഘടിത ലൈംഗിക തൊഴിലാളികള്‍ക്കും ലഭിക്കുന്ന തൊഴില്‍ സുരക്ഷിതത്വമോ സംഘടനാബലമോ ജനാധിപത്യത്തിന്‍റെ നാലാം തൂണുകാരായ ആധുനിക പത്രപ്രവര്‍ത്തകര്‍ക്ക് ഇല്ല എന്നതാണ് വര്‍ത്തമാനം നല്‍കുന്ന ഞെട്ടിപ്പിക്കുന്ന മഹത്തായ മറ്റൊരു പാഠം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ട് നിന്ന് പുതിയ പത്രം ആരംഭിക്കുന്നതിന്‍റെ ഉത്സാഹകമ്മറ്റിക്കാരില്‍ എന്‍റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആത്മവിശ്വാസത്തോടെയുള്ള അവരുടെ വാക്കുകളില്‍ കേരള മനസാക്ഷി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു യഥാര്‍ത്ഥപത്രത്തിന്‍റെ തീക്കനണ്ടായിരുന്നു.
കേരളത്തിന്‍റെ മുക്കിലും മൂലയിലും പത്രം അടിച്ച് എത്തിക്കുന്നതിലുള്ള പ്രായോഗിക പ്രതിസന്ധികളെ കുറിച്ച് അവരെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു പത്രവും ആരും വാങ്ങിയില്ലെങ്കിലും അഞ്ചുവര്‍ഷം പത്രമിറക്കാനുള്ള പണം കൈയ്യിലുണ്ടെന്നായിരുന്നു അവരുടെ ആത്മവിശ്വാസം.
കേരള മാധ്യമചരിത്രത്തില്‍ നാഴികക്കല്ലാകാന്‍ പോകുന്ന വര്‍ത്തമാനം പത്രത്തിന്‍റെ വരവിനെ പറ്റി ജേര്‍ണലിസം ക്ലാസുകളില്‍ ഞാനും ആവേശഭരിതനായിട്ടുണ്ട് (എന്‍റെ കൂട്ടുകാരുടെ ഉറപ്പിന്‍ മേല്‍). രണ്ടാംനിര പത്രങ്ങളില്‍ ഏറ്റവും മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന, മുഖ്യാധാര പത്രങ്ങളുടെ കുറവുകള്‍ക്ക് ബദലാകാന്‍ വെമ്പുന്ന, പ്രഗത്ഭ പത്രപ്രവര്‍ത്തകര്‍ ഒന്നിക്കുന്ന അഴീക്കോട് ചീഫ് എഡിറ്ററാകുന്ന വര്‍ത്തമാനത്തിന്‍റെ അണികളാകാന്‍ ജേര്‍ണലിസം കുട്ടികളെ ഞാനും പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, അത് തെറ്റായി പോയി എന്ന് ഞാന്‍ മനസിലാക്കുന്നു.
WD
എന്തൊരു വരവ് !
മലയാളത്തിലെ ഏതു പത്രത്തെയും വെല്ലുവിളിക്കാനുള്ള എഡിറ്റോറിയല്‍ ശക്തിയുമായാണ് ചാലപ്പുറത്ത് നിന്ന് വര്‍ത്തമാനം ആരംഭിച്ചത്. ചീഫ് എഡിറ്ററായി സാസ്കാരിക കേരളത്തിന്‍റെ മനസാക്ഷി ആഴിക്കോട്. ധാര്‍മ്മിക പിന്തുണയുമായി മലബാറിന്‍റെ കഥാകാരന്‍ എന്‍ പി മുഹമ്മദ്, പത്രപ്രവര്‍ത്തകരംഗത്ത് സമ്പന്നമായ പ്രവര്‍ത്തന പാരമ്പര്യമുള്ള പി ജെ മാത്യുസാര്‍ , കേരളകൗമുദിയില്‍ നിന്നും ടി വി വേലായുധന്‍, ചടുല പത്രപ്രവര്‍ത്തനത്തിന്‍റെ ആവേശവുമായി വി ആര്‍ ജയരാജ്, രാജ്യാന്തരപത്രപ്രവര്‍ത്തന പാരമ്പര്യവുമായി ജീമോന്‍ ജേക്കബ്, സ്പോര്‍ട്സ് ഡെസ്കില്‍ രവിമേനോന്‍, എഴുത്തുകാരനായ ഹാഫിസ് മുഹമ്മദ്, നീനി , മനോരമയില്‍ നിന്നും കെ ബാലചന്ദ്രന്‍ , പട്ടികകള്‍ നീളുന്നു. എന്നാല്‍ അവരെല്ലാം ഇന്ന് എവിടെ പോയി ?
പാഴായിപോയ യുവശക്തി
പത്രപ്രവര്‍ത്തക രംഗത്തെ പുതുനാമ്പുകളായ നാല്‍പതിലേറെ യുവജനങ്ങളുടെ സാന്നിധ്യമായിരുന്നു വര്‍ത്തമാനത്തിന്‍റെ ശക്തിയായി ഞാന്‍ കരുതിയത്.മാത്യുസ്സാറിന്‍റെ ശക്തമായ കര്‍ശനവും തീഷ്ണവുമായ തെരഞ്ഞെടുപ്പ് പ്രക്രീയയിലൂടെ സുദീര്‍ഘമായ എഴുത്തു പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും തെരഞ്ഞെടുക്കപ്പെട്ടവര്‍.
വര്‍ത്തമാനത്തിന്‍റെ ആദ്യ പ്രതിയില്‍ മഷി പുരളുന്നതിന് മുമ്പ് തന്നെ എന്‍ പിയുടെ ചരമക്കുറിപ്പ് അച്ചടിച്ച് ഇറക്കേണ്ടി വന്നെങ്കിലും വര്‍ത്തമാനത്തിന്‍റെ തുടക്കം വലിയ പ്രതീഷയാണ് നല്‍കിയത്. ന്യൂനപക്ഷ സ്വാതന്ത്ര്യത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി വാതോരാതെ വാദിക്കുന്ന ചില പത്രങ്ങള്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ ഇപ്പോഴും മടിച്ചു നില്‍ക്കുമ്പോള്‍ വര്‍ത്തമാനത്തിന്‍റെ ഡെസ്കിലും ബ്യൂറോയിലും തന്‍റേടത്തോടെ വനിത പത്രപ്രവര്‍ത്തകര്‍ പണിയെടുത്തു.
പര്‍ദ്ദയും മുഖാവരണവും ഇല്ലാതെ മുസ്ലീം വനിതാപത്രപ്രവര്‍ത്തകര്‍ മുസ്ലീം സംഘടന നിയന്ത്രിക്കുന്ന വര്‍ത്തമാനം പത്രത്തില്‍ ജോലി എടുത്തു. യാഥാസ്ഥിതിക ചട്ടക്കൂട് തകര്‍ത്ത് പുറത്ത് വന്ന വര്‍ത്തമാനത്തിന്‍റെ സ്വതന്ത്ര നിലപാടുകള്‍ കേരളം ചര്‍ച്ച ചെയ്തു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ലൈംഗിക ആരോപണവുമായി റജീന ഇന്ത്യാവിഷന്‍ ചാനലിന്‍റെ ഓഫീസിലേക്ക് ഓടിക്കയറിയതിന്‍റെ പിറ്റേ ദിവസം അങ്ങനെ ഒരു സംഭവം കേരളത്തില്‍ ഉണ്ടായിട്ടേ ഇല്ല എന്ന ഭാവത്തില്‍ ഇറങ്ങിയ ഏക പത്രം വര്‍ത്തമാനം മാത്രമായിരുന്നു.
WD
അഴിക്കോടിന് കാറ് കിട്ടി, നിങ്ങള്‍ക്കോ ?
അഞ്ചു വര്‍ഷത്തിന്‍റെ ആത്മവിശ്വാസം ആദ്യ ആറുമാസത്തില്‍ തന്നെ കൈവിട്ട വര്‍ത്തമാനത്തില്‍ നിന്ന് പിടിച്ചു നില്‍ക്കാനാകാതെ ഓരോരുത്തരായി പുറത്തു പോകുകയായിരുന്നു. ഖത്തറില്‍ പത്രം വിറ്റുകിട്ടുന്ന ലാഭം കൊണ്ട് കേരളത്തില്‍ പത്രം ഓടിക്കാമെന്ന സാമ്പത്തികതന്ത്രം തുടക്കത്തിലേ പാളി.
ശമ്പള പ്രതിസന്ധി കൊണ്ടാണ് പലരും വര്‍ത്തമാനത്തിന്‍റെ പടികള്‍ ഇറങ്ങിയതെങ്കില്‍ ചിലരെ മാനേജ്മെന്‍റ് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി നാളെ മുതല്‍ പണിക്ക് വരേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു. ശമ്പളം സ്ഥിരമായി മുടങ്ങിയപ്പോള്‍ ശമ്പളത്തിന് പകരം കാര്‍ ഉപഹാരമായി സ്വീകരിച്ചാണ് അഴീക്കോട് വര്‍ത്തമാന ജീവിതം ഉപേക്ഷിച്ചത്.
സ്വയം ബലി നല്‍കിയ ജീവനക്കാര്‍
ആറുമാസത്തിലേറെ ശമ്പളം വൈകിയിട്ടും വര്‍ത്തമാനം രക്ഷപ്പെടുമെന്ന പ്രതീക്ഷയോടെ ജോലി ചെയ്ത യുവപത്രവര്‍ത്തകരെ എനിക്കറിയാം. പത്രം നന്നായി വരുമെന്ന പ്രതീക്ഷ അപ്പോഴും അവര്‍ക്കുണ്ടാകുമായിരുന്നു.
എന്നാല്‍ പത്രം രക്ഷപ്പെടുത്താന്‍ വേണ്ടി സ്വന്തം ജാമ്യത്തില്‍ സ്ഥാപനത്തിന് വേണ്ടി ലോണെടുത്തു നല്‍കാന്‍ വരെ അവര്‍ തയ്യാറെയെന്ന് വര്‍ത്തമാനത്തില്‍ നിന്ന് പലപ്പോഴായി പുറത്തുപോയവരുടെ കൂട്ടായ്മായ 'വര്‍ത്തമാനം വാക്കൗട്ട്' എന്ന ബ്ലോഗില്‍ നിന്നാണ് അറിയുന്നത്. തൊഴിലാളികളോട് കൂറുള്ള മാനേജ്മെന്‍റിന് വേണ്ടി തൊഴിലാളികള്‍ക്ക് ചെയ്യാവുന്ന അപകടകരമായ ഒരു സഹായമാണ് സ്വയം ബലിയാകുന്ന ഈ ഏര്‍പ്പാട്.
സ്കൂള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ വേണ്ടി ജീവനക്കാരുടെ പേരില്‍ എടുത്ത വായ്പ മാനേജ്മെന്‍റ് തിരിച്ചടച്ചില്ലെന്ന് അടുത്തിടെ ഏതോ ചാനലില്‍ ഒരു റിപ്പോര്‍ട്ട് കണ്ടു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവരും ഇത്തരം ക്രൂരതയുടെ ഇരയാണെന്നതാണ് ഇപ്പോഴത്തെ രസകരമായസാഹചര്യം.
ശമ്പള കുടിശിക പോലും വേണ്ടെന്ന് വച്ച് പുതിയ ജോലി തേടി പോയവരുടെ പേരിലെടുത്ത വായ്പ കുടിശിക പോലും അടയ്ക്കാത്തതിനെ ഒരു പത്രസ്ഥാപനത്തിന് എങ്ങനെയാണ് ന്യയീകരിക്കാനാകുക. ആവശ്യത്തിലേറ കടവുമായി വര്‍ത്തമാനത്തിന്‍റെ പടിയിറങ്ങിയവരും ഇപ്പോഴും അവിടെ തുടരുന്നവര്‍ക്കും എങ്ങനെയാണ് നീതി ലഭിക്കുക.? ഇവരില്‍ എത്ര പേര്‍ വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ് യൂണിയനില്‍ അംഗങ്ങളാണെന്ന് അറിയില്ല.
ദീപികയില്‍ പത്രപ്രവര്‍ത്തകരെ ‘കൂട്ടവംശഹത്യ’ നടത്തിയിട്ടും ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല. തൊഴിലിടങ്ങളില്‍ രാഷ്ട്രീയക്കാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഉച്ചവെയിലുകൊണ്ടുള്ള ഒരു പ്രതിഷേധ പ്രകടനത്തിന് അപ്പുറം ഒന്നും സംഭവിക്കാറില്ല.
WD
ഈ കഥയിലെ ഗുണപാഠം
അതുകൊണ്ട് , ജേര്‍ണലിസത്തിലേക്ക് എടുത്തുചാടാന്‍ ഉദ്ദേശിക്കുന്ന യുവ സഹൃത്തുക്കളെ , ശ്രദ്ധിക്കുക...മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം ഇവിടെ ഒരു പ്രതിസന്ധിയിലാണ്. സ്വന്തം സമൂഹത്തില്‍ പെട്ടവരുടെ അവകാശ സംരക്ഷണത്തിന് കഴിയാതെ വരുമ്പോള്‍ എങ്ങനെയാണ് സമൂഹത്തിന്‍റെ അവകാശത്തിനായി പോരാടാന്‍ ഒരു മാധ്യമപ്രവര്‍ത്തകന് ധാര്‍മ്മിക ശക്തി ലഭിക്കുക.
മികച്ച ശമ്പളം കിട്ടുന്ന ഒരു പണിയായി കേരളത്തിലെ പത്രപ്രവര്‍ത്തനത്തെ കാണാനാകില്ല.വീട്ടുവളപ്പില്‍ പത്തുമൂട് റബ്ബറുണ്ടെങ്കില്‍ ഒരു ശരാശരി മാധ്യമപ്രവര്‍ത്തകന് കിട്ടുന്നതിനേക്കാള്‍ വരുമാനമുണ്ടാക്കാം. ഒറ്റ ഫോണ്‍ കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന വാര്‍ത്താചാനലുകളുണ്ട് നമുക്ക്. മുഖ്യമന്ത്രിയോട് തമാശ പറയാന്‍ സ്വാതന്ത്ര്യമുണ്ടെങ്കിലും ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ ഭാര്യയുടെ ശമ്പളം മാത്രം ആശ്രയമായവരും ഉണ്ട്.
പത്രപ്രവര്‍ത്തകനായി സത്യം കണ്ടെത്താമെന്ന് തെറ്റിദ്ധാരണയുള്ളവര്‍ അന്ധന്‍ ആനയെ കണ്ട കഥ ഓര്‍മ്മിക്കുക. ജേര്‍ണലിസ്റ്റാകാനുള്ള ആവേശം ഇനിയും അടങ്ങിയില്ലെങ്കില്‍ ഒരു കൂട്ടം ഹതഭാഗ്യവാന്‍മാരായ പത്രപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ബ്ലോഗ് സ്പോട്ടിലെ വര്‍ത്തമാനം വാക്കൗട്ട്‌സ് ഡോട്ട് കോം സന്ദര്‍ശിക്കുക.
എനിക്കതു കാണുമ്പോള്‍ വിഷമം തോന്നുന്നതുകൊണ്ടാണ് ഈ കുറിപ്പ്. തൊഴില്‍ വകുപ്പും ജനനേതാക്കളും മന്ത്രിമാരും ഇതു കാണേണ്ടതാണ്... വര്‍ത്തമാനം മാനേജ്‌മെന്‍റിന്‍റെ കാട്ടുനീതിക്കെതിരെ നടപടിയെടുക്കേണ്ടതാണ്. കേരളത്തില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ജേര്‍ണലിസ്റ്റുകളാണ് വര്‍ത്തമാനത്തില്‍ പെട്ട് വഴിയാധാരമായത്. പ്രതിഷയോടെ ജോലി ആരംഭിച്ച സ്ഥാപനത്താല്‍ വഞ്ചിക്കപ്പെട്ട് പ്രതിഭയുള്ളവര്‍ മറ്റ് ജോലി തേടി അലയുന്നത് വേദനാജനകമാണ്. ആധുനിക ജേര്‍ണലിസ്റ്റുകളുടെ ഏറ്റവും വലിയ ദുരന്തം. അതിനാല്‍ വര്‍ത്തമാനത്താല്‍ വഞ്ചിക്കപ്പെട്ടവരുടേത് കുറേ പണത്തിന്‍റെ മാത്രം പ്രശ്നമല്ല, നഷ്ടപ്പെട്ടു പോയ സമയത്തിന്‍റേയും അവസരങ്ങളുടേയും കൂടി പ്രശ്നമാണ്.
( പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ജേര്‍ണലിസം ഇപ്പോഴും ആവേശം പകരുന്ന ഒന്നാണ്,വിട്ടുവീഴ്ചയില്ലാത്ത പത്രപവര്‍ത്തനം സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം പോലെയാണ്. നല്ല രാഷ്ട്രീയക്കാരെ തീര്‍ച്ചയായും നിങ്ങള്‍ക്ക് കണ്ടെത്താനാകും എന്നാല്‍ അവര്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കും. ജേര്‍ണലിസ്റ്റാകാനുള്ള നിങ്ങളുടെ ആവേശത്തെ കുറയ്ക്കാനല്ല, ആസുരമായ ഈ കാലത്ത് ‘കമ്പനിയോട് കൂറുള്ള നല്ല ജേര്‍ണലിസ്റ്റായിരിക്കുക’ എത്രമാത്രം അപകടകരമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനാണ് ഈ ലേഖനം )