പൈയുടെ ശരിയായ മൂല്യമെന്ത്?

തുടര്‍ച്ച...........,
(ഗ്രീക്ക്‌-ബാബിലോണിയന്‍ ശാസ്ത്രപൈതൃക സംബന്ധിയായ ഗവേഷണഫലങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കി ഭാരതീയ ശാസ്ത്ര പൈതൃകത്തിന്‌ ഇല്ലാത്ത യശോധവളിമ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചന്ദ്രഹരി )
FILEFILE


മന്ദോച്ചം മുതലായ മൂല്യങ്ങള്‍ ഖഗോളത്തില്‍ വൃത്താകാരമായി സങ്കല്‍പിക്കുന്ന ക്രാന്തിവൃത്തത്തില്‍ ഗണിതമാതൃക നല്‍കുന്ന ജ്യാമിതീയ മൂല്യങ്ങള്‍ മാത്രമാണ്‌. ഗ്രഹങ്ങളുടെ ദീര്‍ഘവൃത്താകാരമായ ഭ്രമണപഥവുമായോ, സൂര്യന്‌ ഭൂമിയില്‍ നിന്നുള്ള ശരിയായ ദൂരവുമായോ ടി മൂല്യത്തിന്‌ ബന്ധമില്ല. ഏപ്രില്‍ 14 ല്‍ നിന്നും 79 ദിവസങ്ങള്‍ കൂട്ടി ജൂലൈ 3 apogee എന്ന്‌ ഡോ. ഗോപാലകൃഷ്ണന്‍ നല്‍കുന്ന ഗണിതം ഭാരതീയ ജ്യോതിഃശാസ്ത്രത്തിലെ അപാകതകളുടെ ആകെത്തുകയായ യാദൃച്ഛിക സമാനതയാണ്‌ (accidental agreement out of cumulating errors).

(ഊ) നിരവധി ശാസ്ത്രസത്യങ്ങളെ മനഃപൂര്‍വ്വം മറച്ചുവെച്ചാണ്‌ ഈ ശാസ്ത്രജ്ഞന്റെ ഭാരതീയ പൈതൃക പ്രചാരണം എന്നത്‌, ഈ ശ്രമത്തിന്റെ നിഗൂഢലക്ഷ്യങ്ങളിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ശാസ്ത്രം പ്രചരിപ്പിക്കുന്നു എന്ന മുഖംമൂടിയോടെ മാഷെല്‍കറുടെയും രാഷ്ട്രപതിയായ ഡോ. അബ്ദുള്‍കലാമിന്റെയും അഭിനന്ദനങ്ങള്‍ എഴുതി വാങ്ങി തികച്ചും അശാസ്ത്രീയമായ പ്രചാരണം ആണ്‌ ജ്യോതിഃശാസ്ത്രം സംബന്ധിച്ച്‌ ഡോ.ഗോപാലകൃഷ്ണന്‍ നടത്തുന്നത്‌.

(എ) മുകളില്‍ പറഞ്ഞ ഉദാഹരണം പോലെ തന്നെ വസ്തുതകള്‍ക്ക്‌ വിരുദ്ധമായി ഗ്രീക്ക്‌-ബാബിലോണിയന്‍ ശാസ്ത്രപൈതൃക സംബന്ധിയായ ഗവേഷണഫലങ്ങളെ മനഃപൂര്‍വ്വം ഒഴിവാക്കി ഭാരതീയ ശാസ്ത്ര പൈതൃകത്തിന്‌ ഇല്ലാത്ത യശോധവളിമ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ത്ത്‌ ഹിന്ദുത്വത്തിന്‌ മാറ്റുകൂട്ടുകയെന്നതാണ്‌ സംഘടനയുടെ ലക്ഷ്യം. ശാസ്ത്രചിന്തയുടെ അന്തഃസത്തക്കും പ്രതിബദ്ധതക്കും (Etiquette) ഘടകവിരുദ്ധമാണ്‌ ഈ പ്രവര്‍ത്തനം.

2. പൈയുടെ മൂല്യം സംബന്ധിച്ച നല്‍കുന്ന തെറ്റായ വിവരങ്ങള്‍.

പലയിടത്തും പൈയുടെ മൂല്യം സംബന്ധിച്ച ചര്‍ച്ചയില്‍ ശാസ്ത്രജ്ഞനായ ഗ്രന്ഥകാരന്‍ പൈതൃക, ആധുനിക മൂല്യങ്ങള്‍ സംബന്ധിച്ച്‌ വൈരുദ്ധ്യമാര്‍ന്ന ചര്‍ച്ചയാണ്‌ നല്‍കുന്നത്‌.

(അ) പുറം 148 ല്‍ ആര്യഭടനെ ഉദ്ധരിച്ച്‌ 62832/20,000 = 3.1416 സൂക്ഷ്മമാണെന്ന്‌ വാദിച്ച്‌ ശരിയായ മൂല്യം 3.14285... ആണെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ഗ്രന്ഥവും തേടിപ്പോകാതെ ഒരു നല്ല കാല്‍ക്കുലേറ്റര്‍ നോക്കിയാല്‍ പൈയുടെ ശരിയായ മൂല്യം 3.14159265...എന്ന രീതിയില്‍ ആസന്നമെന്ന്‌ (transcendental) ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു.

(ആ) പുറം 150 ല്‍ ഭാസ്കരാചാര്യരുടെ (II) ലീലാവതി ഉദ്ധരിച്ച്‌ നല്‍കുന്ന ചര്‍ച്ച ശരിയായ ഭാരതീയ പൈതൃകത്തെ തകിടം മറിക്കുന്നു. 3927/1250 =3.1416 ഏകദേശമൂല്യമാണെന്നും (approximate value), ശ്ലോകത്തില്‍ തുടര്‍ന്ന്‌ നല്‍കിയ 22/7 =3.1428571എന്ന സ്ഥൂലമായ മൂല്യം സൂക്ഷ്മമാണെന്നും ഈ ശാസ്ത്രജ്ഞന്‍ വാദിക്കുന്നു.




ഇ) പുറം 151 ല്‍ അബദ്ധ പ്രസ്താവം തുടരുന്നു. Aryabhatta-I and Bhaskaracharya-I have written in the middle of the first millennia i.e. 499 AD and 628 AD. These two scholars have given accurately the values as 22/7 for arriving at the modern mathematical answer for pi. ആര്യഭടനും ഭാസ്കരനും ഭാരതീയ ജ്യോതിഃശാസ്ത്രജ്ഞന്മാരായ പുതുമനച്ചോമാതിരിയും തന്ത്രസംഗ്രഹകര്‍ത്താവായ നീലകണ്ഠനും പൈയുടെ ശരിയായ മൂല്യമായി 22/7 =3.1428571... നല്‍കിയെന്ന വിചിത്രമായ വാദം ആവര്‍ത്തിക്കപ്പെടുന്നു.

(ഈ) പുറം 153 ല്‍ കരണപദ്ധതിയിലെ ഏറ്റവും സൂക്ഷ്മമായ മൂല്യത്തെ 3.14159... ശരിയായി മനസ്സിലാക്കാതെ, താരതമ്യത്തിന്‌ ആധുനിക മൂല്യമായി 3.142857 എന്ന്‌ തെറ്റായി ആധുനികമൂല്യം നല്‍കിയിരിക്കുന്നു.

3. ജ്യോതിശാസ്ത്ര പൈതൃകത്തിന്റെ വികലമായ അവതരണം

ശാസ്ത്രലോകത്ത്‌ സുപരിചിതമായ പഠനഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ ഗ്രന്ഥത്തിലെ ജ്യോതിഃശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ചരിത്രം വസ്തുതകള്‍ക്ക്‌ വിരുദ്ധമാണ്‌.

(അ) പുറം 2526 ല്‍ വരാഹമിഹിരാചാര്യരുടെ പഞ്ചസിദ്ധാന്തിക I.8 ഉദ്ധരിച്ച്‌ പരിഭാഷ നല്‍കിയിരിക്കുന്നത്‌ ശ്രദ്ധിക്കുക.

സപ്താശ്വിവേദസംഖ്യം ശകകാലമപാസ്യ ചൈത്രശുക്ലാദൗ
അര്‍ദ്ധാസ്തമിതേ ഭാനൗ യവനപുരേ സോമദിവസാദ്യഃ...

എന്നതാണ്‌ ശ്ലോകം. രോമക-പൗലിശ സിദ്ധാന്തങ്ങള്‍ക്ക്‌ കരണാരംഭം യവനപുരത്തില്‍ (അലക്സാണ്ട്രിയ) തിങ്കളാഴ്ച സൂര്യന്റെ അര്‍ദ്ധാസ്തമയകാലമാണെന്ന്‌ വ്യക്തം. ഡോ. ഗോപാലകൃഷ്ണന്‍ നല്‍കുന്ന പരിഭാഷയില്‍, യവനപുരത്തെ കരണാരംഭം നല്‍കിയിരിക്കുന്നത്‌ തന്ത്രപൂര്‍വ്വം ഒഴിവാക്കി, പുരാതന ഭാരതീയ രീതി ഇതാണെന്ന്‌ വ്യാഖ്യാനിച്ചിരിക്കുന്നു.

(ആ) ആര്യഭടന്‍ ജനിച്ച സമയം വരെ ഈ ശാസ്ത്രജ്ഞന്‍ നല്‍കിയിരിക്കുന്നു. എഡി 476 മാര്‍ച്ച്‌ മാസം ഇരുപത്തിയൊന്നാം തീയതി മധ്യമസൂര്യന്റെ മേടസംക്രാന്തി സമയത്ത്‌ ആര്യഭടന്‍ ജനിച്ചുവെന്നും 23 വയസ്സ്‌ സൂക്ഷ്മമായി തികഞ്ഞപ്പോഴത്തെ ഗ്രഹനിലയാണ്‌ ആര്യഭടീയം നല്‍കുന്നതെന്നുമാണ്‌ വാദം.

ആര്യഭടന്റെ മഹത്വത്തെപ്പറ്റി ആര്‍ക്കും സംശയമില്ല. പക്ഷെ മധ്യമ സൂര്യന്റെ സംക്രമത്തിലാണ്‌ താന്‍ ജനിച്ചതെന്ന്‌ ആര്യഭടന്‍ പറയുന്നില്ല. കലിവര്‍ഷം 3600 തികഞ്ഞപ്പോള്‍ തനിക്ക്‌ 23 വയസ്സായിരുന്നു എന്ന്‌ മാത്രമേ ആര്യഭടന്‍ പറയുന്നുള്ളു. മധ്യമസൂര്യന്റെ സംക്രാന്തിവേളയില്‍ ജനിച്ചുവെന്ന തരത്തിലുള്ള അബദ്ധ പ്രസ്താവം ആര്യഭടനോ ശാസ്ത്രം അറിയുന്ന ഇതര ഭാരതീയരോ ഒരിക്കലും നല്‍കുകയില്ല.






ഇ) യോജനയെ കിലോമീറ്ററാക്കുന്ന ഗണിതത്തിലെ വൈരുദ്ധ്യം

ഭാരതീയ ജ്യോതിഃശാസ്ത്രരംഗത്ത്‌ സുപരിചിതമായ യോജനയുടെ വിവിധ മൂല്യങ്ങളെ തന്ത്രപൂര്‍വ്വം മറച്ചുവെച്ചാണ്‌ ഡോ. ഗോപാലകൃഷ്ണന്‍ ഭൂപരിധിയുടെ ആധുനികമൂല്യത്തെ (40090.3KM) ലല്ലാചാര്യന്റെ 3300 യോജനക്ക്‌ തുല്യമാക്കുന്നത്‌.

ശുക്ലയുടെ ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി പ്രസിദ്ധീകരിച്ച ആര്യഭടീയത്തില്‍ യോജന 12.11 ഗങ്ങ എന്ന്‌ നിര്‍ണ്ണയിച്ചിരിക്കുന്നതായി പറഞ്ഞ്‌ ടി മൂല്യം ഉപയോഗിച്ച്‌ 1050 യോജനയുടെ ഭൂവ്യാസത്തെയും 3300 യോജനയുടെ ഭൂപരിധിയെയും ആധുനികമൂല്യങ്ങള്‍ക്ക്‌ തുല്യമാക്കി ഡോ. ഗോപാലകൃഷ്ണന്‍ അവതരിപ്പിക്കുന്നു (പുറം 268). ഭാരതചരിത്രത്തിലെ ഏറ്റവും ജീര്‍ണ്ണിച്ച ശാസ്ത്രാഖ്യാനമാണ്‌ ഇത്‌.

ശുക്ലയുടെ ഗ്രന്ഥത്തിന്റെ പുറം 19 ല്‍ ആധുനികഭൂവ്യാസമായ 12757KM നെ ആര്യഭടന്റെ ഭൂവ്യാസ-യോജനയായ 1050 കൊണ്ട്‌ ഹരിച്ചാണ്‌ ആര്യഭടീയത്തിലെ യോജന 12.11KM എന്ന്‌ ശുക്ല നല്‍കുന്നത്‌. അങ്ങനെ സിദ്ധമായ 12.11ഗങ്ങ ഉപയോഗിച്ചാണ്‌ തത്ത്വദീക്ഷയില്ലാത്ത പൈതൃക വാഗദ്ധോരണി. പുറം 268 ല്‍ അവസാന ഖണ്ഡികയില്‍ ലല്ലാചാര്യരെ ഉദ്ധരിച്ച്‌ വ്യാജവ്യാഖ്യാനം ഡോ.ഗോപാലകൃഷ്ണന്‍ ആവര്‍ത്തിക്കുന്നു.

(ഈ) പുറം 270 ല്‍ പ്രസ്തുത വ്യാജസങ്കേതം (1യോജന = 12.11KM) ഉപയോഗപ്പെടുത്തി അന്തരീക്ഷത്തിന്റെ സൂക്ഷ്മപരിധി 23.9 യോജന = 145KM ആണെന്ന്‌ ലല്ലാചാര്യരെ ഉദ്ധരിച്ച്‌ സ്ഥാപിച്ചിരിക്കുന്നു.

ബ്രഹ്മഗുപ്തന്‍ ഭൂവ്യാസമായി നല്‍കിയത്‌ 1581 യോജനയാണെന്നും, ഭാസ്കരാചാര്യര്‍ രണ്ടാമന്റെ ഭൂവ്യാസം 4967 യോജനയാണെന്നും ഡോ.ഗോപാലകൃഷ്ണന്‍ ഉദ്ധരിക്കുന്ന ബിനാചാറ്റര്‍ജിയുടെ ശിഷ്യധീവൃദ്ധിദ-പരിഭാഷയില്‍ ശ്ലോകത്തിന്‌ അടിക്കുറിപ്പായി (പുറം 29 ല്‍) വ്യക്തമായി പറയുന്നു.

ആര്യഭടന്‍ തന്നെ തന്റെ അര്‍ദ്ധരാത്രസിദ്ധാന്തത്തില്‍ ഭൂവ്യാസമായി 1575 യോജന സ്വീകരിച്ചിരുന്നു. ഈ മൂല്യം ആധുനികഭൂവ്യാസമാണെന്ന്‌ സിദ്ധാന്തിച്ചാല്‍ 1575 യോജന = 12757KM, അപ്പോള്‍ യോജന 8.1KM ആണെന്ന്‌ വരുന്നു. ഭാരതീയ ജ്യോതിഃശാസ്ത്രത്തിലെ ഈ വൈരുദ്ധ്യങ്ങളെ മറച്ചുവെച്ചാണ്‌ ലല്ലാചാര്യന്റെ ഭൂവ്യാസത്തെയും പരിധിയെയും ആധുനികമൂല്യത്തിനൊപ്പമാക്കുന്ന കപട വ്യാഖ്യാനം.

Ancient Indian Knowledge on Planet Earth എന്ന കൃതിയിലും ഭൂവ്യാസപരിധികളുടെ ഈ കപടവ്യാഖ്യാനം പുറം നാലില്‍ പ്രത്യക്ഷപ്പെടുന്നു. ഡോ.ഗോപാലകൃഷ്ണന്റെ കൃതികള്‍ വായിക്കുന്നവരിലും ഭാരതീയ ജ്യോതിഃശാസ്ത്രത്തെപ്പറ്റി സാമാന്യവിവരമുള്ളവരാരും തന്നെയില്ലെന്ന്‌ തെറ്റുകളുടെ ആവര്‍ത്തിച്ചുള്ള പ്രസിദ്ധീകരണത്തില്‍ നിന്നും പ്രസംഗങ്ങളില്‍ നിന്നും മനസ്സിലാക്കാം.

അടുത്ത ഭാഗത്തില്‍ ഭാരതീയ ഖഗോള സിദ്ധാന്തത്തെ പറ്റി വായിക്കുക...