ക്രെഡിറ്റ് കാര്‍ഡുകള്‍ ചാവുമോ? മൊബൈലാണ് താരം!

വ്യാഴം, 19 ഏപ്രില്‍ 2012 (12:28 IST)
PRO
PRO
സൂപ്പര്‍ മാര്‍ക്കറ്റായാലും പെട്രോള്‍ ബങ്കായാലും ‘കാര്‍ഡ് സ്വയ്പ്പ് ചെയ്യുക’ എന്നതാണ് പുതിയ രീതി. പൈസ കയ്യില്‍ കൊണ്ടുനടക്കേണ്ട എന്നൊരു ലാഭം ഇതിനുണ്ട്. പലരുടെയും പഴ്സില്‍ നാലും അഞ്ചും ക്രെഡിറ്റ് കാര്‍ഡും ഒന്നോ രണ്ടോ ഡെബിറ്റ് കാര്‍ഡും ഉണ്ടാവുക സ്വാഭാവികം. ഇപ്പോള്‍ ഈ രീതിയും പഴഞ്ചനാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്‍ഡുകള്‍ക്ക് പകരം നിങ്ങളുടെ മൊബൈല്‍ തന്നെ എന്തിനുമേതിനും ഉപയോഗിക്കാവുന്ന സം‌വിധാനമാണ് വരുന്നത്.

കാര്‍ഡുകള്‍ക്കു പകരം മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങാവുന്ന ടോപ്പ് ആന്‍ ഗോ സംവിധാനം പുറത്തിറങ്ങിയിരിക്കുന്നു. ബ്രിട്ടണിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ പതിനഞ്ചു പൗണ്ടുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു പണമടയ്ക്കാന്‍ കഴിയും. മൊബൈലില്‍ ഇനിതായി കെഡ്രിറ്റ്‌ കാര്‍ഡിന്റെ മൂന്നിലൊന്നു വലുപ്പം മാത്രമുള്ള പേ ടാഗ്‌ തിരുകുകയാണ് ചെയ്യുന്നത്. ഇതിനുള്ള ഓപ്ഷനുമായാണ് ഇനിയുള്ള മൊബൈലുകള്‍ ഇറങ്ങുക എന്നറിയുന്നു.

പേ ടാഗില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോചിപ്പാണ്‌ ബാങ്ക് അക്കൗണ്ടുമായി ഫോണിനെ ബന്ധിപ്പിക്കുക‌. ഇതിലെ പ്രത്യേകതരം ആന്റിനയിലൂടെ ക്രെഡിറ്റ്കാര്‍ഡ്‌ അക്കൗണ്ട്‌ തീര്‍ച്ചപ്പെടുത്തി പിന്‍ നമ്പര്‍ കൂടാതെ തന്നെ പെയ്‌മെന്റ് നടത്താന്‍ കഴിയുന്നു. ബാര്‍ക്ലേയ്സ്‌ ബാങ്കാണ് ആദ്യമായി ഈ സം‌വിധാനം നടപ്പാക്കുന്നത്‌. ക്രെഡിറ്റ് കാര്‍ഡുകളുടെ നമ്പര്‍ തട്ടിയെടുത്ത് നടത്തുന്ന തട്ടിപ്പുകള്‍ പുതിയ സം‌വിധാനത്തിലൂടെ ഒഴിവാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മൊബൈല്‍ വാലറ്റ് രീതിയെ ഇപ്പോള്‍ തന്നെ പല റീട്ടെയിലര്‍മാരും പിന്തുണയ്ക്കുന്നുണ്ട്. വെയ്ട്രോസ്‌, മക്‌ ഡൊണാള്‍ഡ്സ്‌, ബൂട്സ്‌, ടെസ്കോ എന്നിവയൊക്കെ ഈ രീതിയെ പിന്തുണയ്ക്കുന്ന ചില റീട്ടെയിലര്‍മാരാണ്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ലണ്ടന്‍ ബസുകളിലും മൊബൈല്‍ പണമടയ്ക്കല്‍ രീതി പ്രാവര്‍ത്തികമാകും. ലളിതമായ ഈ രീതി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അടുത്ത വര്‍ഷത്തോടെ വ്യാപിക്കും എന്ന് കരുതപ്പെടുന്നു.

ഈ രീതിയുടെ മറ്റൊരു പതിപ്പ് ഇന്ത്യയിലും ഇപ്പോള്‍ നിലവിലുണ്ട്. എയര്‍‌ടെല്ലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍‌ഫോസിസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന്റെ പേര് എയര്‍ടെല്‍ മണി എന്നാണ്. എന്നാല്‍, ബില്ലുകള്‍ അടയ്ക്കുക, മൊബൈലോ ഡിടി‌എച്ചോ റീചാര്‍ജ് ചെയ്യുക, സിനിമാ ടിക്കറ്റ് ബുക്കുചെയ്യുക, തെരഞ്ഞെടുക്കപ്പെട്ട കടകളില്‍ ബില്ലടയ്ക്കുക, പണം ട്രാന്‍സ്ഫര്‍ ചെയ്യുക തുടങ്ങിവയൊക്കെ ഇത് ഉപയോഗിച്ച് ചെയ്യാം.

വെബ്ദുനിയ വായിക്കുക