ഇരുചക്രവാഹനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് എച്ച്എംഎസ്ഐ

വ്യാഴം, 13 മെയ് 2010 (09:57 IST)
PRO
PRO
നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍ വില്‍പ്പന നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഹോണ്ടാ മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ(എച്ച്എംഎസ്ഐ). ഇരുചക്രവാഹനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതി ലഭിക്കുന്ന ഇന്ത്യയില്‍ നടപ്പു വര്‍ഷത്തെ വിപണി പിടിച്ചടക്കാനാകുമെന്ന പ്രതീക്ഷയിലാണ് എച്ച്എംഎസ്ഐ. എച്ച്എംഎസ്ഐയുടെ നിരവധി മോട്ടോര്‍സൈക്കിലുകള്‍ ഈ വര്‍ഷം ആദ്യത്തില്‍ തന്നെ വിപണിയിലെത്തിയിരുന്നു. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 60 ശതമാനവും സ്കൂട്ടര്‍ വില്‍പ്പനയില്‍ നിന്നാണ് ലഭിക്കുന്നത്.

2009-10 വര്‍ഷത്തില്‍ എച്ച്എംഎസ്ഐ 5.2 ലക്ഷം മോട്ടോര്‍സൈക്കിളും 7.5 ലക്ഷം സ്കൂട്ടറുകളും വില്‍പ്പന നടത്തി. മൊത്തം ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന 12.7 ലക്ഷമായിരുന്നു. നടപ്പു വര്‍ഷം 15.5 ലക്ഷം ഇരുചക്രവാഹനങ്ങള്‍ വില്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് എച്ച്എംഎസ്ഐ. ഇക്കാലളവില്‍ 110 സിസി ട്വിസ്റ്റര്‍ മോട്ടോര്‍സൈക്കിള്‍ വന്‍ ജനപ്രീതി നേടുമെന്നാണ് കരുതുന്നത്.

കമ്പനിയുടെ പുതിയ വാഹനം 150സിസി മോട്ടോര്‍ സൈക്കിള്‍ സി ബി യുണികോര്‍ണ്‍ ഡസ്സലര്‍ കഴിഞ്ഞ ദിവസം വിപണിയിലെത്തി. യുവാക്കളെ ലക്‍ഷ്യമിട്ടുള്ള ഈ വാഹനത്തിന് 62,900 രൂ‍പ വിലവരും. നടപ്പ് വര്‍ഷം 120,000 സി ബി യുണികോര്‍ണ്‍, സി ബി യുണികോര്‍ണ്‍ ഡസ്സലര്‍ മോഡലുകള്‍ വില്‍പ്പന നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക